സ്പെഷലൊന്നും വേണ്ട, കാന്റീനില്‍ മോദിക്ക് 29 രൂപയുടെ ഊണ്
Tuesday, March 3, 2015 12:07 AM IST
സെബി മാത്യു

ന്യൂഡല്‍ഹി: പാര്‍ലമെന്റ് കാന്റീനില്‍ ഊണു കഴിക്കാനെത്തിയവര്‍ അപ്രതീക്ഷിതമായി പ്രധാനമന്ത്രി മോദിയെ കണ്ട് അതിശയിച്ചു.

എന്നാല്‍, അസാധാരണമായി ഒന്നും സംഭവിക്കാത്തതു പോലെ പ്രധാനമന്ത്രി ഊണു കഴിച്ചു. സ്പെഷല്‍ വിഭവങ്ങളൊന്നും വാങ്ങാതെ 29 രൂപയുടെ സാദാ ഊണ്. പിന്നെ, കൈയും കഴുകി സ്വന്തം പോക്കറ്റില്‍നിന്നു കാശും കൊടുത്തു ബാക്കി തുക വാങ്ങി പോക്കറ്റിലിട്ട് നരേന്ദ്ര മോദി മടങ്ങി.

ഇന്നലെ ഉച്ചകഴിഞ്ഞ് ഒരു മണിക്കാണ് അപ്രതീക്ഷിതമായി പ്രധാനമന്ത്രി പാര്‍ലമെന്റ് മന്ദിരത്തിന്റെ ഒന്നാം നിലയിലെ 70-ാം നമ്പര്‍ മുറിയില്‍ ഊണു കഴിക്കാനെത്തിയത്.

മോദിയെ കണ്ടതും കാന്റീന്‍ പെട്ടെന്നു നിശബ്ദമായി. എന്നാല്‍, അസാധാരണമായൊന്നും സംഭവിക്കാത്ത മട്ടില്‍ മോദി ഗുജറാത്തില്‍നിന്നുള്ള രണ്ട് എംപിമാര്‍ ഇരുന്ന മേശയ്ക്കരികിലെ കസേരിയിലിരുന്ന് ഒരു വെജിറ്റേറിയന്‍ ഥാലിക്ക് ഓര്‍ഡല്‍ നല്‍കി. ഉടന്‍ തന്നെ കാന്റീന്‍ ഇന്‍ ചാര്‍ജായ ബി.എല്‍.പുരോഹിത് ഓടിയെത്തി പ്രധാനമന്ത്രിക്ക് എന്തെങ്കിലും സ്പെഷല്‍ വേണോ എന്നു ചോദിച്ചു. സ്പെഷല്‍ വിഭവങ്ങളൊ ന്നും വേണ്െടന്നും ഇവിടെ ഉള്ളതെന്താണോ അതു മാത്രം മതിയെന്നും മോദി പറഞ്ഞു. അപ്പോഴേക്കും കേന്ദ്രമന്ത്രി പീയൂഷ് ഗോയലും മേശയ്ക്കരുകിലെത്തി.

ആദ്യം ഒരു ഗ്ളാസ് വെള്ളം കുടിച്ച മോദി പിന്നെ അല്‍പം ഫ്രൂട്ട് സാലഡ് കഴിച്ചു. അപ്പോഴേക്കും പ്രധാനമന്ത്രി ഓര്‍ഡര്‍ നല്‍കിയ വെജിറ്റേറിയന്‍ ഥാലിയുമായി വെയിറ്റര്‍ രമാ ശങ്കര്‍ എത്തി. പച്ചരിച്ചോര്‍, ചപ്പാത്തി, ഉരുളക്കിഴങ്ങ് മെഴുക്കുപുരട്ടി, കടുകിന്റെ ഇല കൊണ്ടുള്ള കറി, വന്‍പയര്‍ കറി, തൈര് എന്നിവ അടങ്ങുന്ന ഥാലിയാണു മോദി കഴിച്ചത്. 29 രൂപയായിരുന്നു ബില്‍. പോക്കറ്റില്‍ നിന്നും 100 രൂപ എടുത്തു നല്‍കിയ പ്രധാനമന്ത്രി ബാക്കി കൃത്യം 71 രൂപ വാങ്ങി പോക്കറ്റിലിടുകയും ചെയ്തു.


അപ്പോഴേക്കും കാന്റീനിലെ സന്ദര്‍ശക പുസ്തകവുമായി പുരോഹിത് ഓടിയെത്തി. ഇതൊരു ചരിത്രനിമിഷമാണെന്നും എന്തെങ്കിലും രണ്ടു വവരി കുറിക്കണമെന്നും അഭ്യര്‍ഥിച്ചു. പുസ്തകം വാങ്ങിയ മോദി അന്ന ദാതാ സുഖി ഭവഃ എന്നു കുറിച്ചു.

25 മിനിറ്റിലധികം കാന്റീനില്‍ ചെലവഴിച്ച മോദി അവിടെയുണ്ടായിരുന്ന എംപിമാരോടു കുശലാന്വേഷണവും നടത്തിയാണു മടങ്ങിയത്. ആദ്യമായാണ് ഒരു പ്രധാനമന്ത്രി കാന്റീനിലെത്തി സ്വന്തം പോക്കറ്റില്‍ നിന്നു പണം നല്‍കി ഭക്ഷണം വാങ്ങി കഴിക്കുന്നത്. ഇതിനു മുമ്പു രാജീവ്ഗാന്ധി ഇവിടെ നിന്നും ഭക്ഷണം കഴിച്ചിട്ടുണ്െടങ്കിലും ആ സമയം അദ്ദേഹം പ്രധാനമന്ത്രിയല്ലായിരുന്നു. റിപ്പബ്ളിക് ദിനത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയോടൊപ്പം വേദി പങ്കിട്ടപ്പോള്‍ സ്വന്തം പേരെഴുതി നിറച്ച സ്യൂട്ടിട്ടതിന് മോദി ഏറെ വിമര്‍ശനങ്ങളേറ്റുവാങ്ങിയിരുന്നു. അതിനു പിന്നാ ലെ അതേ സ്യൂട്ട് സൂററ്റില്‍ അഞ്ചു കോടിയോളം രൂപയ്ക്കു ലേലത്തില്‍ വിറ്റു പോയതോടെ വിമര്‍ശനങ്ങളുടെ മൂര്‍ച്ച കൂടുകയും ചെയ്തു. ഇതിനിടെയാണു മോദി ഇന്നലെ സാധാരണക്കാരന്റെ വേഷത്തില്‍ പാര്‍ലമെന്റ് കാന്റീനില്‍ ഊണു കഴിക്കാനെത്തിയത്.

പ്രതിച്ഛായ വീണ്െടടുക്കാനാണു പ്രധാനമന്ത്രിയുടെ ശ്രമം എന്നാണു സോഷ്യല്‍ മീഡിയയിലെ പ്രതികരണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.