സ്വര്‍ണ പദ്ധതികള്‍ ഇറക്കുമതി കുറയ്ക്കും
സ്വര്‍ണ പദ്ധതികള്‍ ഇറക്കുമതി കുറയ്ക്കും
Tuesday, March 3, 2015 12:14 AM IST
ന്യൂഡല്‍ഹി: രാജ്യത്തു വെറുതേ ഇരിക്കുന്ന സ്വര്‍ണം ഇനി ആദായം നല്‍കും. സ്വര്‍ണത്തിന്റെ ഉടമകള്‍ക്കു മാത്രമല്ല ഗവണ്‍മെന്റിനും ബാങ്കുകള്‍ക്കും രാജ്യത്തിനുമൊക്കെ ആദായകരമാകാം സ്വര്‍ണ സമ്പാദ്യം. ശനിയാഴ്ച അവതരിപ്പിച്ച കേന്ദ്രബജറ്റില്‍ സ്വര്‍ണം സംബന്ധിച്ചു പ്രഖ്യാപിച്ച പദ്ധതികളാണ് ഇതിലേക്കു നയിക്കുക.

ഇന്ത്യ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വര്‍ഷം 800 മുതല്‍ ആയിരംവരെ ടണ്‍ സ്വര്‍ണം ഇറക്കുമതി ചെയ്യുന്നുണ്ട്. ആയിരം ടണ്‍ സ്വര്‍ണം ഇറക്കുമതി ചെയ്യണമെങ്കില്‍ ഇപ്പോഴത്തെ വിലയില്‍ 2,50,000 കോടി രൂപ വേണം. (ഒരു കിലോഗ്രാമിന് 25 ലക്ഷം രൂപ തോതില്‍). രാജ്യത്തിന്റെ പ്രതിരോധച്ചെലവിനേക്കാള്‍ കൂടുതല്‍ തുക.

സ്വര്‍ണ ഇറക്കുമതിക്ക് ഇത്ര വലിയ തുക ചെലവാക്കുന്നതു രണ്ടുവര്‍ഷം മുമ്പു രാജ്യത്തിനു വലിയ വിദേശനാണ്യ പ്രശ്നംതന്നെയുണ്ടാക്കി. അന്നു സ്വര്‍ണ ഇറക്കുമതിക്കു കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി; ഇറക്കുമതിച്ചുങ്കം വിലയുടെ 10 ശതമാനമാക്കി.

ഇപ്പോള്‍ നിയന്ത്രണങ്ങള്‍ നീക്കിയെങ്കിലും ചുങ്കം 10 ശതമാനം തന്നെ. അതു കുറയ്ക്കാനുള്ള അപേക്ഷകള്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി തള്ളി.

ഇറക്കുമതി കുറയ്ക്കുന്നതിനു വഴിതെളിക്കുന്നതാണു ബജറ്റില്‍ പ്രഖ്യാപിച്ച മൂന്നു പദ്ധതികളും. ഈ പദ്ധതികള്‍ രണ്ടു കാര്യമാണ് ഉന്നംവയ്ക്കുന്നത്.

ഒന്ന്: രാജ്യത്തു വെറുതേ ഇരിക്കുന്ന ഭീമമായ സ്വര്‍ണശേഖരം പണമാക്കുക.

രണ്ട്: ഇറക്കുമതി കുറച്ചു രാജ്യത്തിന്റെ വിദേശനാണ്യനില മെച്ചപ്പെടുത്തുക.

ബജറ്റില്‍ മൂന്നു പദ്ധതികള്‍ പ്രഖ്യാപിച്ചു.

ഒന്ന്: സ്വര്‍ണ ബോണ്ട്.

രണ്ട്: സ്വര്‍ണ അക്കൌണ്ടുകള്‍

മൂന്ന്: ഇന്ത്യന്‍ സ്വര്‍ണ നാണയം

സ്വര്‍ണബോണ്ട് നിക്ഷേപാവശ്യത്തിനു സ്വര്‍ണം വാങ്ങുന്നവരെ ഉദ്ദേശിച്ചാണ്. പ്രതിവര്‍ഷം 350 ടണ്‍ സ്വര്‍ണം നിക്ഷേപമായി വാങ്ങാറുണ്ട്. ബിസ്കറ്റ്, നാണയം, ബാര്‍ എന്നീ രൂപങ്ങളിലാണു നിക്ഷേപത്തിനു വാങ്ങുന്നത്.

ഇങ്ങനെ സ്വര്‍ണം വാങ്ങി സൂക്ഷിക്കുന്നതിനു പകരം ബോണ്ട് വാങ്ങിയാല്‍ മതി. സര്‍ക്കാരിന്റെ സ്വര്‍ണ ബോണ്ടില്‍ നിക്ഷേപിച്ചാല്‍ ചെറിയ പലിശയും കിട്ടും.

ബോണ്ടില്‍ വിലയല്ല സ്വര്‍ണത്തൂക്കമാണു രേഖപ്പെടുത്തുക. 50,000 രൂപ നിക്ഷേപിച്ചാല്‍ ആ രൂപയ്ക്ക് അന്നുകിട്ടുന്ന സ്വര്‍ണത്തിന്റെ അളവിനുള്ള കടപ്പത്രം കിട്ടും. ഗ്രാമിനു 2500 രൂപയാണെങ്കില്‍ 20 ഗ്രാമിന്റെ കടപ്പത്രം. ഈ കടപ്പത്രത്തിന് ഒന്നര മുതല്‍ രണ്ടുവരെ ശതമാനം പലിശ കിട്ടും. പലിശ എത്രയെന്നു ഗവണ്‍മെന്റ് പിന്നീടു പ്രഖ്യാപിക്കും.

പലിശയല്ല ബോണ്ടിലെ മുഖ്യ ആദായം സ്വര്‍ണവിലയിലെ വര്‍ധനയാണ്. വില കൂടുമ്പോള്‍ വിറ്റ് ലാഭമെടുക്കാം. അപ്പോള്‍ സ്വര്‍ണമല്ല, സ്വര്‍ണ വിലയാണു കിട്ടുക.


സ്വര്‍ണം ഇറക്കുമതി ചെയ്ത് അതു ലോഹരൂപത്തില്‍ സൂക്ഷിക്കുന്നതിന്റെ ചെലവു വഹിച്ചുള്ള നിക്ഷേപങ്ങള്‍ക്കു പകരം ഇനി സ്വര്‍ണബോണ്ടിലേക്കു തിരിയാന്‍ പറ്റും.

ഇപ്പോള്‍ സ്വകാര്യ സ്വര്‍ണ ഇടിഎഫ് (എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട്) ഇതേകാര്യം ചെയ്യുന്നുണ്ട്. പക്ഷേ, അവര്‍ സ്വര്‍ണം വാങ്ങിവയ്ക്കുകയും സൂക്ഷിക്കുകയും വില്‍ക്കുകയും ചെയ്യുന്നതിന്റെ കൈകാര്യച്ചെലവ് നിക്ഷേപകര്‍ വഹിക്കണം. ഗവണ്‍മെന്റ് ഇറക്കുന്ന കടപ്പത്രങ്ങളില്‍ ആ പ്രശ്നമില്ല.

ഗവണ്‍മെന്റ് തെരഞ്ഞെടുത്ത ബാങ്കുകള്‍ വഴിയാണ് ഇവ നല്‍കുക. ബാങ്കുകളുടെ കൈകാര്യച്ചെലവും സ്വര്‍ണ വില കൂടുമ്പോഴുള്ള അധികബാധ്യതയും എങ്ങനെയാണു പങ്കുവയ്ക്കുക എന്നു വ്യക്തമല്ല.

സ്വര്‍ണ അക്കൌണ്ട് പദ്ധതി അടിസ്ഥാനപരമായി രാജ്യത്തുള്ള സ്വര്‍ണം പണമായി മാറ്റാനുള്ള പദ്ധതിയാണ്. രാജ്യത്ത് 20,000 ടണ്‍ മുതല്‍ 50,000 ടണ്‍ വരെ സ്വര്‍ണം ഉണ്െടന്നാണു വിലയിരുത്തല്‍. അതായത് 50 ലക്ഷം കോടി രൂപ മുതല്‍ 125 ലക്ഷം കോടി രൂപ വരെ.

ഈ ഭീമമായ സമ്പാദ്യത്തിന്റെ മൂന്നിലൊന്നു വെളിയില്‍ വന്നാല്‍ രാജ്യത്തെ സ്വര്‍ണലഭ്യത പല മടങ്ങു വര്‍ധിക്കും. ആരാധനാലയങ്ങളിലും കുടുംബങ്ങളിലുമുള്ള സ്വര്‍ണം ബാങ്കില്‍ നിക്ഷേപിച്ചാല്‍ അതു തൂക്കി സ്റാന്‍ഡാര്‍ഡ് സ്വര്‍ണമാക്കി മാറ്റും. അതിന്റെ സര്‍ട്ടിഫിക്കറ്റ് നല്‍കും. എത്ര ഗ്രാം സ്വര്‍ണം എന്ന് അതില്‍ രേഖപ്പെടുത്തും.

ഇതിനു മൂന്നു ശതമാനത്തിനടുത്ത പലിശ നല്‍കുമെന്നാണു സൂചന. കാലാവധിയാകുമ്പോള്‍ അന്നത്തെ കമ്പോള വില നല്‍കും. പലിശയ്ക്കു തുല്യമായ സ്വര്‍ണംകൂടി മുതലിനോടു ചേര്‍ത്തു മൊത്തം സ്വര്‍ണത്തിന്റെ വില നല്‍കുന്ന രീതിയാകും വരിക എന്നാണു പ്രതീക്ഷ. വാര്‍ഷിക പലിശ പണമായി നല്‍കുമോ എന്നു വ്യക്തമാക്കിയിട്ടില്ല.

ബാങ്കില്‍ ലഭിക്കുന്ന സ്വര്‍ണം ഉരുക്കി ശുദ്ധീകരിച്ചു വ്യാപാരികള്‍ക്കും ആഭരണ നിര്‍മാതാക്കള്‍ക്കും നല്‍കും. അല്ലെങ്കില്‍ റിസര്‍വ് ബാങ്കിനു നല്‍കും.

മൂന്നാമത്തേതായ സ്വര്‍ണ നാണയം ഇറക്കല്‍ സ്വര്‍ണനാണയ ഇറക്കുമതി ഒഴിവാക്കാനാണ്. വിദേശി നാണയത്തിനു പകരം ദേശീയചിഹ്നം വഹിക്കുന്ന സ്വര്‍ണനാണയം വാങ്ങി സൂക്ഷിക്കാം.

ഈ പദ്ധതികള്‍ ജനപ്രീതി നേടിയാല്‍ ഇന്ത്യക്കു സ്വര്‍ണ ഇറക്കുമതി കുറയ്ക്കാം. ഏതാനും വര്‍ഷം മുമ്പ് ആരംഭിച്ച സ്വര്‍ണ നിക്ഷേപ പദ്ധതി പരാജയപ്പെട്ടതുപോലെ സംഭവിച്ചാല്‍ ഇറക്കുമതിയും കള്ളക്കടത്തും തുടരും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.