ചരിത്രഗവേഷണ കൌണ്‍സിലിനും കാവി ഛായ
Tuesday, March 3, 2015 11:47 PM IST
ന്യൂഡല്‍ഹി: കാവി നിറം ചാര്‍ത്തി ചരിത്ര ഗവേഷണ കൌണ്‍സില്‍ (ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് ഹിസ്റോറിക്കല്‍ റിസര്‍ച്ച്-ഐസിഎച്ച്ആര്‍) പുനഃസംഘടിപ്പിച്ചു.

ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ചരിത്രഗവേഷണ സംഘടനയായ അഖില്‍ ഭാരതീയ ഇതിഹാസ് സങ്കലന്‍ യോജനയുടെ ഭാരവാഹികളും സഹയാത്രികരുമാണ് അംഗങ്ങളില്‍ ഏറെയും. പുതിയ അംഗങ്ങളായ നാരായണ്‍ റാവു (ബെറാംപുര്‍ യൂണിവേഴ്സിറ്റി), ആശ്വര്‍ ശരണ്‍ വിശ്വകര്‍മ (ഗോരഖ്പുര്‍ യൂണിവേഴ്സിറ്റി) എന്നിവര്‍ ആ സംഘടനയുടെ ഭാരവാഹികളായിരുന്നു. ഔട്ടര്‍ മണിപ്പൂരി ലോക്സഭാ സീറ്റില്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്ന ഗംഗ്മുമെയ് കമെയ് മറ്റൊരു അംഗമാണ്. കേരള ക്രൈസ്തവരുടെ മാര്‍ത്തോമ്മാ പാരമ്പര്യ ത്തെ ചോദ്യം ചെയ്യുന്ന ദി ഇവലൂഷന്‍ ഓഫ് ക്രിസ്ത്യന്‍ ചര്‍ച്ച് ഇന്‍ ഇന്ത്യ എന്ന പുസ്തകം എഴുതിയ സി.ഐ. ഐസക് (കോട്ടയം സിഎംഎസ് കോളജിലെ മുന്‍ ചരിത്രവിഭാഗം മേധാവി) സമിതിയില്‍ ഉണ്ട്. ഇടതുപക്ഷ ചരിത്രരചന യുടെ വിമര്‍ശകരായ മീനാക്ഷി ജയിന്‍, ശരദിന്ദു മുഖര്‍ജി, പൂരബി റോയി (ജാദവ്പുര്‍), ദിലീപ് ചക്രവര്‍ത്തി (കേംബ്രിജ്), സന്ദിത കൃഷ്ണ (ചെന്നൈ), മിഷേല്‍ ഡാനിനോ (ഗാന്ധിനഗര്‍), എം.ഡി. ശ്രീനിവാസ് (ചെന്നൈ), സച്ചിദാന സഹാല് (കംബോഡിയ), റഹ്മാന്‍ അലി (ഉജ്ജൈന്‍) എന്നിവരും അംഗങ്ങളാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.