ഹസാരെ സംഘം 1100 കിലോമീറ്റര്‍ പദയാത്രയ്ക്കൊരുങ്ങുന്നു
Wednesday, March 4, 2015 11:59 PM IST
മുംബൈ: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ ഭൂമി ഏറ്റെടുക്കല്‍ ബില്ലിനെതിരേ അന്നാ ഹസാരെയുടെ നേതൃത്വത്തില്‍ 1100 കിലോമീറ്റര്‍ നീളുന്ന പദയാത്ര സംഘടിപ്പിക്കുന്നു. സേവാഗ്രാമിലെ ഗാന്ധിആശ്രമത്തില്‍നിന്ന് ആരംഭിക്കുന്ന പദയാത്ര മൂന്നുമാസംകൊണ്ട് ഡല്‍ഹിയിലെ രാംലീല മൈതാനത്ത് എത്തിച്ചേരും. ഇതേക്കുറിച്ചു തീരുമാനിക്കാന്‍ ഒമ്പതിനു സേവാഗ്രാമില്‍ ആലോചനായോഗം ചേരുമെന്നു ഹസാരെ പറഞ്ഞു.

ഓര്‍ഡിനന്‍സും ഭൂമി ഏറ്റെടുക്കല്‍ ബില്ലും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. കര്‍ഷകരെ ആശയക്കുഴപ്പത്തിലാക്കുന്നതാണ് ബില്‍. കര്‍ഷവിരുദ്ധ നടപടികളില്‍നിന്നു കേന്ദ്ര സര്‍ക്കാര്‍ പിന്മാറണം. മഹാത്മാഗാന്ധിയുടെ ദണ്ഡിയാത്രയെ അനുസ്മരിപ്പിക്കുന്ന പദയാത്രയാണിതെന്നു ഹസാരെ അവകാശപ്പെട്ടു.


ബജറ്റ് അവതരണവേളയില്‍ ഭ്രഷ്ടാചാര്‍ വിരോധി ജന്‍ ആന്തോളന്‍ ന്യാസിന്റെ നേതൃത്വത്തില്‍ ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ നടത്തിയ കര്‍ഷകരുടെ പ്രതിഷേധസമരത്തില്‍ ഹസാരെ പങ്കെടുത്തിരുന്നു. പദയാത്രയില്‍ പങ്കെടുക്കുന്നവര്‍ ഡല്‍ഹിയില്‍ അറസ്റ് വരിക്കുമെന്നും ഹസാരെ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.