കേന്ദ്രനിര്‍ദേശത്തിനു ചെവികൊടുക്കാതെ മധ്യപ്രദേശ് ഗവര്‍ണര്‍
Wednesday, March 4, 2015 12:01 AM IST
ന്യൂഡല്‍ഹി: നിയമന അഴിമതിക്കേസില്‍ പ്രതിയാക്കപ്പെട്ടതിനെത്തുടര്‍ന്നു രാജി സമര്‍പ്പിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദേശിച്ചുവെങ്കിലും മധ്യപ്രദേശ് ഗവര്‍ണര്‍ രാം നരേശ് യാദവിനു കുലുക്കമില്ല. നിര്‍ദേശം വന്ന് ഒരാഴ്ചയ്ക്കുശേഷവും രാജിവയ്ക്കുമെന്ന സൂചനകളൊന്നും ഗവര്‍ണര്‍ നല്‍കിയിട്ടില്ല.

പ്രശ്നത്തില്‍ കേന്ദ്രസര്‍ക്കാരും മൌനത്തിലായി. കഴിഞ്ഞ അഞ്ചുദിവസമായി ഡല്‍ഹിയില്‍ ക്യാമ്പ് ചെയ്യുകയായിരുന്ന ഗവര്‍ണര്‍ ഇന്നലെ ഭോപ്പാലില്‍ തിരിച്ചെത്തി. ഡല്‍ഹിയില്‍ കഴിഞ്ഞ അഞ്ചുദിവസവും രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുമായി കൂടിക്കാഴ്ചയ്ക്കു ശ്രമം നടത്തിയെങ്കിലും അനുമതി ലഭിച്ചില്ല. ലാലു പ്രസാദ് യാദവിന്റെ മകളുടെ വിവാഹസത്കാര ചടങ്ങില്‍ പങ്കെടുക്കാനാണു ഗവര്‍ണര്‍ ഡല്‍ഹിയിലെത്തിയതെങ്കിലും അഴിമതിക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതോടെ ഡല്‍ഹിയിലെ മധ്യപ്രദേശ് ഭവനില്‍ കഴിയുകയായിരുന്നു. അധികം സന്ദര്‍ശകരെയും അനുവദിച്ചില്ല. ഗവര്‍ണറുടെ രാജിയാവശ്യപ്പെട്ട് മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.