വിദേശത്തു കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ടത് 7,086 ഇന്ത്യക്കാര്‍
Thursday, March 5, 2015 12:12 AM IST
ന്യൂഡല്‍ഹി: കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ വിദേശ രാജ്യങ്ങളില്‍ 7,086 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടെന്നു കേന്ദ്ര വിദേശകാര്യവകുപ്പിന്റെ റിപ്പോര്‍ട്ട്. ഇന്ത്യന്‍ വംശജരുള്‍പ്പെടെയുള്ള കണക്കാണിത്. വിവിധ കുറ്റങ്ങളില്‍ ജയിലടയ്ക്കപ്പെട്ടവര്‍ക്കുള്ള ശിക്ഷ, അപകടമരണം എന്നിവ ഉള്‍പ്പെടെയാണിതെന്നു വിദേശകാര്യ സഹമന്ത്രി വി.കെ. സിംഗ് ലോക് സഭയില്‍ വ്യക്തമാക്കി.

ഏറ്റവും അധികം ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതു സൌദി അറേബ്യയിലാണ്, 2,513 പേര്‍. 2,427 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ട യുഎഇ ആണു കണക്കില്‍ രണ്ടാമത്. 111 ഇന്ത്യക്കാരുടെ ശരീരം വിവിധ രാജ്യങ്ങളിലെ മോര്‍ച്ചറികളിലുണ്ട്. അതില്‍ 98ഉം സൌദിയിലാണെന്നും സിംഗ് അറിയിച്ചു. 88 ഇന്ത്യക്കാര്‍ക്കുനേരേ 56 കേസുകളിലായി ആക്രമണമുണ്ടായി. വിദേശരാജ്യങ്ങളില്‍ ആക്രമണത്തിനിരയായ ഇന്ത്യക്കാരുടെ എണ്ണത്തെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായാണു വി.കെ. സിംഗ് ഇക്കാര്യമറിയിച്ചത്.


കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ അഫ്ഗാനിസ്ഥാനില്‍ മൂന്നു തവണ ഇന്ത്യക്കാര്‍ ബന്ധികളാക്കപ്പെട്ടു. ബന്ധികളാക്കപ്പെട്ട അഞ്ചു പേരെയും സ്വദേശത്തേക്കു മടക്കികൊണ്ടുവന്നു.

സമാനമായ സംഭവങ്ങള്‍ ഓസ്ട്രേലിയ, ഫിലിപ്പീന്‍സ്, സുഡാന്‍ എന്നിവിടങ്ങളിലും അരങ്ങേറി. ഐഎസിന്റെ നിയന്ത്രണത്തിലുള്ള ഇറാക്ക് പ്രദേശമായ മൊസ്യൂളില്‍ കെട്ടിടനിര്‍മാണ തൊഴിലാളികളായ 41 ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയിട്ടുണ്ട്. അതില്‍ ഒരാള്‍ മാത്രമാണു രക്ഷപ്പെട്ടത്. 40 പേര്‍ തടവിലാണ്.

ഇറാക്കില്‍ തടവിലാക്കപ്പെട്ട 46 നഴ്സുമാരെ മോചിപ്പിക്കാനായി. നൈജീരിയയില്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ 48 ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയെങ്കിലും വിട്ടയച്ചു. സുഡാനിലും തട്ടിക്കൊണ്ടുപോകലും വിട്ടയക്കലും നടന്നെ ന്നും ലോക്സഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.