ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവിയില്‍ മാറ്റം വരില്ല: മെഹബൂബ മുഫ്തി
Friday, March 6, 2015 12:17 AM IST
ന്യൂഡല്‍ഹി: ജമ്മു കാഷ്മീരിനു പ്രത്യേക പദവി നല്കുന്ന ഭരണഘടനയുടെ 370-ാം വകുപ്പില്‍ തൊടാന്‍ അനുവദിക്കില്ലെന്നും കാഷ്മീര്‍ ജനതയെ മുദ്രാവാക്യങ്ങളിലൂടെ മനംമാറ്റാന്‍ ആരെയും അനുവദിക്കില്ലെന്നും പീപ്പിള്‍ ഡെമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്റ് മെഹബൂബ മുഫ്തി.

ജമ്മു കാഷ്മീരിനു പ്രത്യേക പദവി നല്കുന്ന ഭരണഘടനാ വകുപ്പ് റദ്ദാക്കണമെന്ന ബിജെപിയുടെ തീരുമാനത്തില്‍നിന്നുള്ള പിന്‍വാങ്ങലല്ല ഇതെന്നും ഹെഡ്ലൈന്‍ ടുഡേയില്‍ കരണ്‍ താപ്പറുമായുള്ള അഭിമുഖത്തില്‍ അവര്‍ പറഞ്ഞു.

കാഷ്മീരില്‍ സമാധാനപരമായ തെരഞ്ഞെടുപ്പ് നടത്താന്‍ പാക്കിസ്ഥാനും ഹുറിയത്തും തീവ്രവാദ സംഘടനകളും സഹായിച്ചെന്ന മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയിദിന്റെ പ്രസ്താവനയടക്കം വിവിധ വിഷയങ്ങളില്‍ മെഹബൂബ പിഡിപി നിലപാടു വ്യക്തമാക്കി.


സൈന്യത്തിന്റെ പ്രത്യേക അധികാര നിയമം (അഫ്സ്പ) പിന്‍വലിക്കുന്നതിനെക്കുറിച്ചു ചോദിച്ചപ്പോള്‍ കേന്ദ്രസര്‍ക്കാരാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്ന് അവര്‍ പറഞ്ഞു.

ആറു വര്‍ഷക്കാലം ബിജെപി-പിഡിപി സഖ്യം നിലനിര്‍ത്താന്‍ ശ്രമിക്കുന്നതിനു പകരം സംസ്ഥാനത്തു നല്ല ഭരണം കാഴ്ചവയ്ക്കാനാണു ശ്രമിക്കുന്നത്.പിഡിപി- ബിജെപി സഖ്യത്തിന് അജന്‍ഡയുണ്ട്. ഇതില്‍ ചര്‍ച്ചകള്‍ക്കും അനുരഞ്ജനത്തിനും വിഘനവാദികളുമായുള്ള ചര്‍ച്ചയ്ക്കുമാണു മുന്‍ഗണയെന്നു സയീദിന്റെ വിവാദ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായി അവര്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.