ഭൂമിയേറ്റെടുക്കല്‍ ബില്‍: രാജ്യസഭയില്‍ പിന്തുണയ്ക്കരുതെന്ന് എഡിഎംകെയോടു കോണ്‍ഗ്രസ്
Monday, March 30, 2015 12:16 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: രാജ്യസഭയില്‍ ഭൂമിയേറ്റെടുക്കല്‍ ബില്ലിനെ പിന്തുണയ്ക്കരുതെന്ന് അണ്ണാഡിഎംകെയോടു കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു. ബില്ലിനെ നിലവിലെ രൂപത്തില്‍ പിന്തുണയ്ക്കില്ലെന്നു പ്രധാന പ്രതിപക്ഷ പാര്‍ട്ടികള്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, ബിജെപി സര്‍ക്കാരിനോട് അടുത്തു നില്‍ക്കുന്ന ജയലളിതയുടെ എഡിഎംകെ പിന്തുണയ്ക്കാന്‍ സാധ്യത നിലനില്‍ക്കേയാണു കോണ്‍ഗ്രസ് ബില്ലിനെ പിന്തുണയ്ക്കരുതെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

രാജ്യത്തെ കര്‍ഷകരോടു പ്രതിബദ്ധത ഉണ്െടങ്കില്‍ പാര്‍ട്ടി ബില്ലിനെ എതിര്‍ത്തു സഭയില്‍ പ്രകടമാക്കണമെന്നു കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. 2013ല്‍ യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന ബില്‍ കര്‍ഷകര്‍ക്കു ഗുണകരമായതായിരുന്നു. എന്നാല്‍, വേണ്ടത്ര ചര്‍ച്ചകള്‍ കൂടാതെ ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന ഭൂമി ഏറ്റെടുക്കല്‍ ഓര്‍ഡിനന്‍സ് നിയമമാക്കാനുള്ള നടപടി സ്വേഛാധിപത്യപരമാണ്. അതിനാല്‍, കര്‍ഷകരുടെയും ഭൂവുടമകളുടെയും താത്പര്യങ്ങള്‍ക്കു വിരുദ്ധമായ ബില്ലിനെ എഐഎഡിഎംകെ അടക്കമുള്ള മുഴുവന്‍ പാര്‍ട്ടികളും എതിര്‍ക്കണമെന്നും ജയറാം രമേശ് ആവശ്യപ്പെട്ടു. കര്‍ഷകരോടും കര്‍ഷകത്തൊഴിലാളികളോടുമുള്ള പാര്‍ട്ടിയുടെ പ്രതിബദ്ധത തെളിയിക്കാനുള്ള അവസരമാണ് എഡിഎംകെക്കു ലഭിച്ചിരിക്കുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


37 അംഗങ്ങളുള്ള എഐഎഡിഎംകെ ലോക്സഭയില്‍ ഭൂമി ഏറ്റെടുക്കല്‍ ബില്ലിനെ പിന്തുണച്ചിരുന്നു. പാര്‍ട്ടി നിര്‍ദേശിച്ച ഭേദഗതികള്‍ അംഗീകരിച്ചതിനെത്തുടര്‍ന്നാണു ഭൂമി ഏറ്റെടുക്കല്‍ ബില്ലിനെ ലോക്സഭയില്‍ പിന്തുണച്ചതെന്നായിരുന്നു അന്നു എഐഎഡിഎംകെ വ്യക്തമാക്കിയത്. 2013ല്‍ യുപിഎ സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കല്‍ നിയമം അവതരിപ്പിച്ചപ്പോള്‍ അതിനെ എതിര്‍ത്തു സഭയില്‍നിന്ന് എഐഎഡിഎംകെ അംഗങ്ങള്‍ ഇറങ്ങിപ്പോയിരുന്നു. അതേസമയം, ഭൂമി എറ്റെടുക്കല്‍ നിയമ ഭേദഗതി ബില്ലിന്റെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിനു പിടിവാശികളൊന്നും ഇല്ലെന്നും സര്‍ക്കാര്‍ തങ്ങളുടെ അഭിപ്രായം മാറ്റാന്‍ തയാറാണെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കി. വ്യവസായങ്ങള്‍ വരുത്തുന്നത് കുറ്റകൃത്യമല്ലെന്നും ഇതു തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ബില്ലിനെതിരേ ബിജെപി എംപിമാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസം ഇല്ല. ബില്ലിനെക്കുറിച്ചു സഭയില്‍ സംസാരിച്ചത് ഇംഗ്ളീഷില്‍ മാത്രമായതിനാല്‍ പാര്‍ട്ടി എംപിമാര്‍ക്കു ബില്ലിനെക്കുറിച്ചു മനസിലാവാത്തതിന്റെ ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നും അതു പിന്നീടു ഹിന്ദിയില്‍ വിശദീകരിച്ച് കൊടുത്തിട്ടുണ്െടന്നും ഗഡ്കരി വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.