ബംഗളൂരുവില്‍ കോളജ് വിദ്യാര്‍ഥിനി വെടിയേറ്റു മരിച്ചു
Thursday, April 2, 2015 1:30 AM IST
ബംഗളൂരു: കോളജ് വിദ്യാര്‍ഥിനി വെടിയേറ്റു മരിച്ചു. വൈറ്റ് ഫീല്‍ഡ് കഡുഗോഡി പ്രഗതി പിയു കോളജിലെ വിദ്യാര്‍ഥിനിയായ തുമകുരു സ്വദേശിനി ഗൌതമി(18)യാണു മരിച്ചത്. ആക്രമണത്തില്‍ സുഹൃത്തായ സിരിഷയ്ക്കു പരിക്കേറ്റു. സംഭവത്തെ തുടര്‍ന്ന് സ്കൂളിലെ ഓഫീസ് ജീവനക്കാരനായ മഹേഷിനെ (30) പോലീസ് അറസ്റ് ചെയ്തു.

ചൊവ്വാഴ്ച രാത്രി പത്തിനാണു സംഭവം നടന്നത്. കോളജ് ഹോസ്റലിലെ മൂന്നാം നിലയിലാണു ഗൌതമിയും സുഹൃത്തും താമസിച്ചിരുന്നത്. രാത്രി വാതിലില്‍ മുട്ടു കേട്ട് ഗൌതമി കതകു തുറന്നപ്പോള്‍ മുറിയില്‍ കടന്ന മഹേഷ് കുട്ടിയുടെ തലയ്ക്കു നേരെ മൂന്നു തവണ വെടിയുതിര്‍ക്കുകയായിരുന്നു. തടയാനെത്തിയ സിരിഷയ്ക്കു മുഖത്തും കഴുത്തിനും വെടിയേറ്റു. ഗൌതമി തത്ക്ഷണം മരിച്ചു. മണിപ്പാല്‍ ആശുപത്രിയില്‍ ചികിത്സയിലാണ് സിരിഷ. തുമകുരു ജില്ലയിലെ പാവഗഡയില്‍ സ്വദേശിയായ മഹേഷ് രണ്ടു വര്‍ഷമായി സ്കൂളില്‍ ഓഫീസ് അസിസ്റന്റായി ജോലി ചെയ്യുകയാണ്. ഇയാള്‍ ഹോസ്റ്റലിലെത്തുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞു.

ഗൌതമിയെ കൊലപ്പെടുത്താനുണ്ടായ കാരണം സംബന്ധിച്ച് പോലീസ് അന്വേഷിച്ചുവരികയാണ്. അതേസമയം, മഹേഷിന്റെ പ്രണയാഭ്യര്‍ഥന ഗൌതമി നിരസിച്ചതാണ് കൊലപാതകത്തിനു കാരണമെന്നും സൂചനയുണ്ട്. ഒളിവില്‍ പോയ മഹേഷിനെ കണ്െടത്താന്‍ മൂന്നു പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചിരുന്നു. അഡീഷണല്‍ പോലീസ് കമ്മീഷണര്‍ പി. ഹരിശേഖരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നാരായണപുരയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.


കൃത്യം ചെയ്യാന്‍ ഉപയോഗിച്ച പിസ്റളും പോലീസ് കണ്െടടുത്തു. ഇയാള്‍ നാരായണപുരയിലെ സഹോദരിയുടെ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു. മഹേഷിനെതിരേ ഇന്ത്യന്‍ ശിക്ഷാനിയമം 302, 307 വകുപ്പുകള്‍ പ്രകാരവും ആയുധനിരോധന നിയമപ്രകാരവും കേസെടുത്തു.

ആഭ്യന്തരമന്ത്രി കെ.ജെ. ജോര്‍ജ്, പോലീസ് കമ്മീഷണര്‍ എം.എന്‍. റെഡ്ഡി, മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും സ്കൂള്‍ സന്ദര്‍ശിച്ചു. സിഇടി, ഐഐടി കോച്ചിംഗ് നടത്തുന്ന വിദ്യാര്‍ഥികള്‍ മാത്രമാണ് ഹോസ്റ്റലില്‍ ഉണ്ടായിരുന്നതെന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചു. ഒരു മാസം മുമ്പ് പ്രതി മഹേഷ് ഹോസ്റലില്‍ ഗൌതമിയുടെ മുറിയില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ചിരുന്നു. പെണ്‍കുട്ടികള്‍ നല്കിയ പരാതിയെ തുടര്‍ന്ന് ഇയാളെ മാനേജ്മെന്റ് താക്കീത് ചെയ്യുകയും ചെയ്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.