പിഎഫ് പണം ഓഹരികളിലേക്ക്
Thursday, April 2, 2015 1:32 AM IST
ന്യൂഡല്‍ഹി: തൊഴിലാളി യൂണിയനുകളുടെ എതിര്‍പ്പ് അവഗണിച്ചു പ്രൊവിഡന്റ് ഫണ്ട് തുക ഓഹരി വിപണിയില്‍ നിക്ഷേപിക്കാന്‍ അനുവദിക്കും. ഇതുസംബന്ധിച്ചു തൊഴില്‍ മന്ത്രാലയം ഉടനെ വിജ്ഞാപനം ഇറക്കും.

പ്രൊവിഡന്റ് ഫണ്ടി(പിഎഫ്)നു പകരം ന്യൂ പെന്‍ഷന്‍ സ്കീമി(എന്‍പിഎസ്)ലേക്കു മാറാന്‍ തൊഴിലാളികള്‍ക്ക് അവസരം നല്കുന്ന നിയമഭേദഗതിയും കൊണ്ടുവരും. ഇതും യൂണിയനുകള്‍ എതിര്‍ക്കുന്ന നിര്‍ദേശമാണ്.

അഞ്ചുകോടി അംഗങ്ങളുള്ള എംപ്ളോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനില്‍ (പിപിഎഫ്ഒ) ആറു ലക്ഷം കോടി രൂപ നിക്ഷേപമുണ്ട്. ഈ തുകയില്‍ ഒരു ഭാഗം ഓഹരി കമ്പോളത്തില്‍ നിക്ഷേപിക്കാന്‍ വര്‍ഷങ്ങളായി കേന്ദ്ര ഗവണ്‍മെന്റ് സമ്മര്‍ദം ചെലുത്തുന്നുണ്ട്. എന്നാല്‍, തൊഴിലാളി യൂണിയന്‍ പ്രതിനിധികള്‍ ഉള്‍പ്പെട്ട സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റീസ്(സിബിടി) ഇതുവരെ അത് അനുവദിച്ചിട്ടില്ല. 15 ശതമാനം വരെ തുക ഓഹരി വിപണിയില്‍ നിക്ഷേപിക്കാം എന്നാണു ധനമന്ത്രാലയത്തിന്റെ പക്ഷം.

ഇതുവരെ സിബിടിയുടെ എതിര്‍പ്പു മാനിച്ച് നിക്ഷേപതീരുമാനം മാറ്റിവച്ചിരുന്നതാണ്. പക്ഷേ നരേന്ദ്ര മോദി സര്‍ക്കാര്‍ ആ നിലപാടു മാറ്റി. സിബിടിയുടെ അഭിപ്രായം അല്ല നിക്ഷേപകാര്യത്തില്‍ അവസാന വാക്ക് എന്നും കേന്ദ്ര സര്‍ക്കാരാണു തീരുമാനം എടുക്കുക എന്നും തൊഴില്‍ മന്ത്രി ബന്ദാരു ദത്താത്രേയ പറഞ്ഞു. കേന്ദ്രമാണു നിക്ഷേപം എങ്ങനെ വേണമെന്നു നിശ്ചയിക്കുക എന്നു സെന്‍ട്രല്‍ പ്രൊവിഡന്റ് ഫണ്ട് കമ്മീഷണര്‍ കെ.കെ. ജലാനും പറഞ്ഞു.

ആദ്യവര്‍ഷം പിഎഫ് നിധിയുടെ ഒരു ശതമാനം, അടുത്ത വര്‍ഷം രണ്ടു ശതമാനം എന്ന തോതില്‍ അഞ്ചു ശതമാനം തുകവരെ ഓഹരി കമ്പോളത്തില്‍ നിക്ഷേപിക്കും. ഓഹരികളിലോ മ്യൂച്വല്‍ ഫണ്ടുകളിലോ നേരിട്ടു നിക്ഷേപിക്കാതെ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടു (ഇടിഎഫ്) കളിലാകും നിക്ഷേപം. വിപണിസൂചിക ആധാരമാക്കി തയാറാക്കുന്ന ഇടിഎഫുകളാണു ഗവണ്‍മെന്റ് ലക്ഷ്യമിടുന്നത്. ഇതിലാകുമ്പോള്‍ ഒറ്റപ്പെട്ട ഓഹരികളിലുള്ളത്ര വ്യതിയാനം ഉണ്ടാകില്ല.


നേരിട്ടായാലും സൂചിക അധിഷ്ഠിത ഇടിഎഫ് വഴിയായാലും ഓഹരികളിലെ നിക്ഷേപം നഷ്ടസാധ്യത കൂടിയതാണെന്നാണു യൂണിയനുകള്‍ ചൂണ്ടിക്കാട്ടുന്നത്. കമ്പോളത്തിന്റെ ചാഞ്ചാട്ടത്തിനനുസരിച്ചു തൊഴിലാളികളുടെ റിട്ടയര്‍മെന്റ് ആനുകൂല്യം കൂടുകയും കുറയുകയും ചെയ്യും. അതു സ്വീകാര്യമല്ലെന്നു യൂണിയനുകള്‍ പറയുന്നു. പിഎഫ് നിധിയില്‍ അഞ്ചു ശതമാനം ഓഹരിവിപണിയില്‍ നിക്ഷേപിക്കുമെന്നു ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി പറഞ്ഞിരുന്നു.

ഇപിഎഫ്ഒ നിയമത്തില്‍ വേറെ മാറ്റങ്ങളും ഉടന്‍ കൊണ്ടുവരും. പിഎഫ് നിര്‍ബന്ധമായ മേഖലകളിലെ ജീവനക്കാര്‍ക്കു വേണമെങ്കില്‍ ന്യൂ പെന്‍ഷന്‍ സ്കീമിലേക്കു മാറാന്‍ അനുവദിക്കുന്നതാണ് അതിലൊന്ന്. ഈ നീക്കം ജീവനക്കാര്‍ക്കു ദോഷകരവും ഇപിഎഫ്ഒയ്ക്കുതന്നെ ഹാനികരവുമാണെന്നു യൂണിയനുകള്‍ വാദിക്കുന്നു. പിഎഫ് വിഹിതമടയ്ക്കുന്നതില്‍നിന്നു ജീവനക്കാര്‍ക്കു നിശ്ചിതകാലത്തേക്ക് ഒഴിവ് നല്കാനുള്ള നിര്‍ദേശത്തെയും യൂണിയനുകള്‍ വിമര്‍ശിക്കുന്നു. നൈയാമിക പിന്‍ബലമുള്ള ഒരു സുരക്ഷാ ഉപകരണമായ പിഎഫില്‍നിന്നു കേവലം ധനകാര്യ ഉപകരണമായ എന്‍പിഎസിലേക്കു മാറ്റുന്നതു ജീവനക്കാരുടെ ഭാവിസുരക്ഷ അപായപ്പെടുത്തുമെന്നാണ് അവര്‍ എടുത്തുപറയുന്നത്.10 പേര്‍ ജോലിയെടുക്കുന്ന സ്ഥാപനങ്ങള്‍ക്കും പിഎഫ് ബാധകമാക്കുന്ന നിയമഭേദഗതിയും ഏപ്രില്‍ 20 നാരംഭിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.