സിപിഎം നേതൃത്വത്തിനു തെറ്റുപറ്റിയെന്നു യെച്ചൂരി
സിപിഎം നേതൃത്വത്തിനു തെറ്റുപറ്റിയെന്നു യെച്ചൂരി
Saturday, April 18, 2015 12:06 AM IST
സ്വന്തം ലേഖകന്‍

വിശാഖപട്ടണം: പാര്‍ട്ടി നേത്വത്വത്തിനു വീഴ്ച പറ്റിയെന്നു സി പിഎം പോളിറ്റ് ബ്യൂറോ അം ഗം സീതാറാം യെച്ചൂരി. കേന്ദ്ര നേതൃത്വത്തിനെതിരേ രൂക്ഷവിമര്‍ശനം ഉയര്‍ന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലെ ചര്‍ച്ചകളില്‍ കേരളത്തില്‍ പാര്‍ട്ടിക്കുള്ളിലുണ്ടായ വിഭാഗീയത ദേശീയ തലത്തില്‍ ഉള്‍പ്പടെ ദോഷം ചെയ്തുവെന്നു വിലയിരുത്തലുമുണ്ടായിരുന്നു. അതിനിടെയാണു രാഷ്ട്രീയ സമീപനങ്ങളുണ്ടാക്കുന്നതിലും നയങ്ങള്‍ നടപ്പാക്കുന്നതിലും പാര്‍ട്ടി നേതൃത്വത്തിനു വീഴ്ച പറ്റിയെന്നാണു പാര്‍ട്ടിയുടെ വിലയിരുത്തലെന്നു സീതാറാം യെച്ചൂരി പത്രസമ്മേളനത്തില്‍ തുറന്നു സമ്മതിച്ചത്.

വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നാ ല്‍ മാത്രമേ പാര്‍ട്ടിയില്‍ തിരുത്തല്‍ ഉണ്ടാകൂ. വീഴ്ചകള്‍ പരിഹരിക്കുന്നതിനായാണു പാര്‍ട്ടി കോണ്‍ഗ്രസിനുശേഷം പ്ളീനം വിളിച്ചു ചേര്‍ക്കുന്നതെന്നും ഇന്നലെ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയ പ്രമേയത്തില്‍ ചര്‍ച്ച തുടരുകയാണെന്നും ഇതിനകം 2548 ഭേദഗതികളും 242 നിര്‍ദേശങ്ങളും ലഭിച്ചെന്നും ഇതില്‍ 71 ഭേദഗതികള്‍ അംഗീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

പുതിയ ജനറല്‍ സെക്രട്ടറിയെ തീരുമാനിക്കുന്ന കാര്യത്തില്‍ ഒരു നാടകീയതയും ഉണ്ടാകില്ല. ജനാധിപത്യ രീതിയില്‍ പാര്‍ട്ടിയില്‍ തെരഞ്ഞെടുപ്പു നടക്കും. കേന്ദ്ര കമ്മിറ്റിക്കു ശേഷമേ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകൂ. ഓരോ അംഗങ്ങള്‍ക്കും അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവസരമുണ്ടാകുമെന്നു വ്യക്തമാക്കിയ യെച്ചൂരി സ്ഥാനമൊഴിയുന്ന ജനറല്‍ സെക്രട്ടറി തന്നെ പുതിയ ജനറല്‍ സെക്രട്ടറിയെ പ്രഖ്യാപിക്കണമെന്നില്ലെന്നും പറഞ്ഞു. രാജ്യസഭാ കക്ഷി നേതാവിനു പാര്‍ട്ടി സെക്രട്ടറിയാകാന്‍ സാധിക്കുമോ എന്ന ചോദ്യത്തിന് പാര്‍ട്ടിയില്‍ അംഗമായ ആര്‍ക്കുമാകാമെന്നായിരുന്നു യെച്ചൂരിയുടെ മറുപടി.

സിപിഎമ്മിനകത്ത് ആഭ്യന്തര ജനാധിപത്യമുണ്െടന്നും ഇതു കുടുംബവാഴ്ചയുള്ള പാര്‍ട്ടിയല്ലെ ന്നും യെച്ചൂരി പത്രസമ്മേളന ത്തില്‍ വ്യക്തമാക്കി.


രാഷ്ട്രീയ അടവു നയരേഖയിലുള്ള ചര്‍ച്ചയില്‍ പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നു ള്ള പ്രതിനിധികളാണു സംഘടനാ നേതൃത്വത്തെ വിമര്‍ശിച്ചത്.

കേരളത്തിലെ വിഭാഗീയത പാര്‍ട്ടിയെ ദേശീയ തലത്തില്‍ ദോഷകരമായി ബാധിക്കുന്നുണ്ട്. അടവു നയത്തില്‍ തിരുത്തലുകള്‍ ഉള്‍ക്കൊള്ളിച്ചതു പോലെ പാര്‍ട്ടിയുടെ സംഘടനാ തലത്തിലും തിരുത്തലുകള്‍ വേണമെന്ന് ആവശ്യമുയര്‍ന്നു. പാര്‍ട്ടിക്കു കഴിഞ്ഞ പത്തു വര്‍ഷക്കാലത്തുണ്ടായ പരാജയങ്ങളെ മറച്ചു പിടിക്കാനാണു അടവുനയരേഖ കൊണ്ടു വന്നതെന്നും ചിലര്‍ ചൂണ്ടിക്കാട്ടി.

ചര്‍ച്ചയില്‍ കോണ്‍ഗ്രസിനോടുള്ള സമീപനത്തിന്റെ പേരിലും നേതാക്കള്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയുണ്ടായി. ബഹുജനങ്ങളില്‍ നിന്നു പാര്‍ട്ടി അകലുന്നതു തടയാന്‍ നേതൃത്വത്തിനു കഴിഞ്ഞില്ലെന്നും പ്രതിനിധികള്‍ വിമര്‍ശിച്ചു. യുവജനങ്ങളെ ആകര്‍ഷിക്കാന്‍ പാര്‍ട്ടിക്ക് കഴിയുന്നില്ല. സംഘടനാതലത്തില്‍ മാറ്റം വേണമെന്നും മറ്റു ചില പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.

രാഷ്ട്രീയ പ്രമേയത്തിന്‍മേലു ള്ള ചര്‍ച്ചയിലാണു സംഘടനാ സംവിധാനത്തില്‍ മാറ്റം വേണമെന്ന ആവശ്യം പ്രതിനിധികള്‍ ഉന്നയിച്ചത്. അടവു നയത്തിലല്ല അതു പ്രയോഗിച്ച രീതിയിലാണു പരാജയം നേരിട്ടതെന്ന ആരോപണങ്ങളെ ശരിവയ്ക്കുന്ന രീതിയിലായിരുന്നു പ്രതിധിനിധികളുടെ വിമര്‍ശനം.

2009, 2014 ലോക്സഭ തെരഞ്ഞെടുപ്പുകളില്‍ സഖ്യങ്ങളുണ്ടാക്കുന്നതില്‍ പാര്‍ട്ടിക്കു പിഴവു പറ്റി. അക്കാലങ്ങളില്‍ പാര്‍ട്ടി ചേര്‍ന്ന സഖ്യങ്ങളെ ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുന്നതിലും പരാജയം നേരിട്ടു. നിലവിലുള്ള പാര്‍ട്ടി സംവിധാനം തന്നെ അടിമുടി പൊളിച്ചുപണിയണമെന്ന നിര്‍ദേശമാണു പ്രതിനിധികള്‍ മുന്നോട്ടു വെച്ചത്. രാഷ്ട്രീയ അവ ലോകന രേഖയില്‍ പിബിയും കേന്ദ്ര നേതൃത്വവും സ്വയം കുറ്റപ്പെടുത്തിയതിനു പിന്നാലെയാണു പാര്‍ട്ടി കോണ്‍ഗ്രസിലെ ചര്‍ച്ചയില്‍ പ്രതിനിധികളും നേതൃത്വത്തിനു നേരെ വിരല്‍ചൂണ്ടുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.