ബിജെപി അധ്യക്ഷനെ ക്രിസ്ത്യന്‍ ഫോറം ആശങ്ക അറിയിച്ചു
Saturday, April 18, 2015 12:22 AM IST
കൊഹിമ: ക്രിസ്ത്യന്‍ സമൂഹത്തിന്റെ വിശ്വാസത്തെ അധിക്ഷേപിക്കുന്നതരത്തില്‍ രാജ്യത്ത് അടുത്തയിടെ തുടര്‍ച്ചയായുണ്ടായ അക്രമത്തില്‍ ക്രൈസ്തവ സമൂഹത്തിന്റെ ആശങ്ക ദിമാപൂര്‍ ക്രിസ്ത്യന്‍ ഫോറം അറിയിച്ചു. ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായ്ക്ക് അയച്ച തുറന്ന കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഷാ ഇന്നു നാഗലാന്‍ഡ് സന്ദര്‍ശിക്കാനിരിക്കെയാണു ഫോറം പ്രശ്നത്തിന്റെ ഗൌരവം അറിയിച്ചത്.

ക്രിസ്ത്യന്‍ വിശ്വാസത്തില്‍ ജീവിക്കുന്നതിനെതിരേയും പരസ്നേഹത്തിലൂന്നിയ നിസ്വാര്‍ഥ സേവനം ചെയ്യുന്ന മിഷനറിമാര്‍ക്കെതിരേയും വീണ്ടും വീണ്ടും ആക്ഷേപങ്ങള്‍ ഉയര്‍ത്തുന്നതിനെ നിസാരമായി കാണരുതെന്നു ഫോറം അഭ്യര്‍ഥിച്ചു.

ബിജെപിയുടെ ഔദ്യോഗിക ഭാരവാഹികളില്‍നിന്ന് അങ്ങനെയുണ്ടാകുന്നില്ലെങ്കിലും പാര്‍ട്ടിയുടെ പോഷക ഘടകങ്ങളായ ആര്‍എസ്എസും വിഎച്ച്പിയും ഇത്തരം ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നത് വേദനാജനകമാണ്. രാജ്യദ്രോഹികളാണെന്നും ദേശവിരുദ്ധരാണെന്നും ആക്ഷേപിക്കുന്നത് ന്യായീകരിക്കാവുന്നതല്ലെന്നു ഫോറം ചൂണ്ടിക്കാട്ടി.


ക്രിസ്ത്യന്‍, ഹിന്ദു സംഘടനകള്‍ക്കു ലഭിക്കുന്ന സംഭാവനകളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പരിശോധിച്ച് അത് എങ്ങനെ വിനിയോഗിക്കുന്നുവെന്നു പരസ്യപ്പെടുത്തുന്നതു സാധാരണ ജനങ്ങളുടെ തെറ്റിദ്ധാരണ മാറ്റാന്‍ ഉപകരിക്കുമെന്നു കത്തില്‍ വ്യക്തമാക്കി. ക്രിസ്ത്യാനികള്‍ പാവനമായി ആചരിക്കുന്ന ക്രിസ്മസ്, ദുഃഖവെള്ളി ദിവസങ്ങളെ അപ്രസക്തമാക്കുന്ന നടപടികള്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായതു യുക്തമായില്ലെന്നും ഫോറം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.