വിഎസിന്റെ ഇറങ്ങിപ്പോക്കിനെ വിമര്‍ശിച്ചു പിണറായി
വിഎസിന്റെ ഇറങ്ങിപ്പോക്കിനെ വിമര്‍ശിച്ചു പിണറായി
Saturday, April 18, 2015 12:14 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: സിപിഎം സംസ്ഥാന സമ്മേളന വേദിയില്‍ നിന്നു വി.എസ് അച്യുതാനന്ദന്റെ ഇറങ്ങിപ്പോക്കിനെ വിമര്‍ശിച്ചു പിണറായി വിജയന്‍. വിഎസിന്റെ ഇറങ്ങിപ്പോ ക്ക് അതീവ ഗൌരവമുള്ള വിഷയമാണ്. പക്ഷേ, ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിലാണു പാര്‍ട്ടിയുടെ ശ്രദ്ധ മുഴുവനും. പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയും പാര്‍ട്ടി കോണ്‍ഗ്രസിന്റെ തിരക്കിലാണ്. അതുകൊണ്ടു ഈ വിഷയം ഇതുവരെ കാര്യമായ ചര്‍ച്ചയ്ക്കെടുത്തിട്ടില്ല. പോളിറ്റ് ബ്യൂറോയും ഈ സംഭവത്തെ അതീവ ഗൌരവ ത്തോടെയാണു കാണുന്നത്. പാര്‍ട്ടി ഈ വിഷയം ചര്‍ച്ച ചെയ്യുക തന്നെ ചെയ്യുമെന്നും പിണറായി വിജയന്‍ തെഹല്‍ക വാരികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ഇടതുമുന്നണിയില്‍ നിന്ന് ഒരു ഘടകക്ഷിയേയും പുറത്താക്കിയിട്ടില്ല. അവര്‍ സ്വയം വിട്ടു പോയതാണെന്നും യുഡിഎഫിന്റെ നയങ്ങളെ തള്ളിക്കളഞ്ഞു വന്നാല്‍ ആര്‍എസ്പി അടക്കമുള്ള പാര്‍ട്ടികളെ മുന്നണിയിലെടുക്കാമെന്നും പിണറായി വ്യക്തമാക്കുന്നു. ഒരു കാരണവുമില്ലാതെയാണു പി.ജെ ജോസഫിന്റെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് മുന്നണി വിട്ടത്. എല്‍ഡിഎഫിനോ സിപിഎമ്മിനോ അവരുമായി ഒരു വഴക്കും ഉണ്ടായിരുന്നില്ലെന്നും പിണറായി വ്യക്തമാക്കി. ആര്‍എസ്പിയുടെ കാര്യത്തിലും ഇതു തന്നെയാണു സംഭവിച്ചത്. യുഡിഎഫിനെ തള്ളിപ്പറയാന്‍ തയാറായാ ല്‍ അവരെയും ഇടതുമുന്നണി സ്വാഗതം ചെയ്യും. യുവജനങ്ങളെ ആകര്‍ഷിക്കുന്നതില്‍ സിപിഎമ്മിനു പരാജയം സംഭവിച്ചുവെന്നു പിണറായി തുറന്നു സമ്മതിച്ചു. യുവാക്കളെ ഒപ്പം നിര്‍ത്തുന്നതിലാണു പാര്‍ട്ടിക്കു പരാജയം സംഭവിച്ചത്. പാര്‍ട്ടിയിലേക്കു യുവാക്കള്‍ വരുന്നില്ലെന്ന് ഇതു കൊണ്ടര്‍ഥമാക്കേണ്ടതില്ലെ ന്നും പിണറായി വിശദീകരിക്കുന്നു. പരിപ്പുവട കട്ടന്‍ചായ സംസ്കാരത്തില്‍ നിന്നും പാര്‍ട്ടി മുതലാളിത്തത്തിലേക്കു വഴിമാറിയെന്ന ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ കമ്യൂണിസ്റു പാര്‍ട്ടിക്കു കാലാനുസൃതമായ മാറ്റങ്ങള്‍ അനിവാര്യമാണെന്നായിരുന്നു പിണറായി ന്യായീകരിച്ചത്. പാര്‍ട്ടിക്കു പഴയ ശൈലികളില്‍ നിന്നുള്ള മാറ്റങ്ങള്‍ അത്യാവശ്യമാണ്.


കൈരളി ടിവി ഒരു പാര്‍ട്ടി ചാനലല്ലെന്നു പറഞ്ഞ പിണറായി ഒരു ടെലിവിഷന്‍ ചാനല്‍ എന്ന ആശയവുമായി ഒരു സംഘം യുവാ ക്കള്‍ മുന്നോട്ടു വന്നപ്പോള്‍ പാര്‍ട്ടി പിന്തുണയ്ക്കുകയായിരുന്നുവെന്നും വ്യക്തമാക്കി. കേരളത്തില്‍ മുന്‍കാലങ്ങളിലേക്കാള്‍ ജാതീയത ശക്തിയാര്‍ജിച്ചിരിക്കുന്നു. ഇതിനെതിരേ പാര്‍ട്ടി ശക്തമായ പ്രചാരണം നടത്തും. മധ്യവര്‍ഗങ്ങള്‍ക്കിടയിലാണു വര്‍ഗീയത വര്‍ദ്ധിച്ചു വരുന്നതായി കാണുന്നത്. ജാതി അടിസ്ഥാനമാക്കിയുള്ള സംഘടനകളില്‍ അംഗസംഖ്യയും വര്‍ധിച്ചു വരുന്നുണ്ട്. ജാതി വ്യവസ്ഥയ്ക്കെതിരേ നിലകൊണ്ട ശ്രീനാരായണ ഗുരുവിന്റെ അനുയായികള്‍ തന്നെ ജാതീയത വളര്‍ത്താനാണു ശ്രമിക്കുന്നത്.

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെ കുറിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.