കാഷ്മീര്‍ ബന്ദില്‍ അക്രമം; ബാലന്‍ കൊല്ലപ്പെട്ടു
കാഷ്മീര്‍ ബന്ദില്‍ അക്രമം; ബാലന്‍ കൊല്ലപ്പെട്ടു
Sunday, April 19, 2015 10:48 PM IST
ശ്രീനഗര്‍: തെക്കന്‍ കാഷ്മീരിലെ ത്രാലില്‍ പോലീസ് വെടിവയ്പില്‍ രണ്ടു യുവാക്കള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ചു ബദ്ഗാമിലെ നര്‍ബലില്‍ ഹുറിയത് കോണ്‍ഫറന്‍സ് പ്രഖ്യാപിച്ച ബന്ദില്‍ വ്യാപക അക്രമം. സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിവയ്പില്‍ 16 വയസുകാരന്‍ കൊല്ലപ്പെട്ടു. മൂന്നു പേര്‍ക്കു പരിക്കേറ്റു. ബദ്ഗാം സ്വദേശി സുഹൈല്‍ അഹമ്മദാണു മരിച്ചത്. പരിക്കേറ്റവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. ത്രാലില്‍ പലേടങ്ങളിലായി നടന്നുവരുന്ന പ്രതിഷേധ പ്രകടനങ്ങളുടെ പശ്ചാത്തലത്തില്‍ ഹുറിയത് കോണ്‍ഫറന്‍സ് ചെയര്‍മാന്‍ മിര്‍വായിസ് ഉമര്‍ ഫാറൂഖ് ഉള്‍പ്പെടെയുള്ളവരെ ഇന്നലെ കരുതല്‍ തടങ്കലിലാക്കി. ത്രാലില്‍ പ്രതിഷേധ റാലി നടത്തിയതിന് ഹുറിയത് നേതാവ് സയ്യദ് അലി ഷാ ഗീലാനി വ്യാഴാഴ്ച മുതല്‍ കരുതല്‍ തടങ്കലിലാണ്. വിഘടനവാദി നേതാവ് മസ്രത് ആലം ഭട്ടിനെ ഷഹീദ്ഗഞ്ച് പോലീസ് അറസ്റ് ചെയ്തതു വെള്ളിയാഴ്ചയാണ്. കാഷ്മീര്‍ താഴ്വരയില്‍ പലേടങ്ങളിലും ഇന്നലെ ഹുറിയത് പ്രവര്‍ത്തകരും സുരക്ഷാ ഉദ്യോഗസ്ഥരും ഏറ്റുമുട്ടി.

അതേസമയം, നര്‍ബലിലെ വെടിവയ്പിനെക്കുറിച്ചു മജിസ്ട്രേറ്റ്തല അന്വേഷണത്തിനു ജമ്മു കാഷ്മീര്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. അഡീഷണല്‍ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ക്കാണ് അന്വേഷണച്ചുമതല. പതിനഞ്ചു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നു ബദ്ഗം ജില്ലാ മജിസ്ട്രേറ്റ് മിര്‍ അല്‍താഫ് അഹമ്മദ് ഡെപ്യൂട്ടി പോലീസ് കമ്മീഷണറോടു നിര്‍ദേശിച്ചു.


ഇതിനിടെ, രണ്ടു സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്കെതിരേ മാഗം പോലീസ് കൊലപാതകക്കുറ്റത്തി നു കേസ് രജിസ്റര്‍ ചെയ്തു. സി ആര്‍പിഎഫ് എഐസിയും കോണ്‍സ്റബിളും അറസ്റിലായി.

അതേസമയം, കാഷ്മീര്‍ താഴ്വരയില്‍ കാഷ്മീരി പണ്ഡിറ്റുകള്‍ക്കായി ടൌണ്‍ഷിപ് നിര്‍മിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരേ നിരാഹാര സത്യഗ്രഹം തുടങ്ങിയ ജമ്മു കാഷ്മീര്‍ ലിബറേഷന്‍ ഫ്രന്റ് ചെയര്‍മാന്‍ മുഹമ്മദ് യാസീന്‍ മാലിക്കിനൊപ്പം നര്‍ബലില്‍ പ്രതിഷേധ റാലി നടത്താനെത്തിയ സാമൂഹിക പ്രവര്‍ത്തകന്‍ സ്വാമി അഗ്നിവേശിനെ പോലീസ് കസ്റഡിയിലെടുത്തു. സമരപ്പന്തലില്‍നിന്നു മാലിക്കിനെയും അഗ്നിവേശിനെയും കോതിബാഗ് പോലീസ് സ്റേഷനിലേക്കു പിടിച്ചുകൊണ്ടുപോവുകയായിരുന്നു. കാഷ്മീരില്‍ പണ്ഡിറ്റുകള്‍ക്കായി കോളനി പണിയുന്നതു ജനതയെ വിഭജിക്കാനുള്ള സര്‍ക്കാര്‍ തന്ത്രമാണെന്നു മാലിക് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.