യെച്ചൂരിക്കു വിജയാശംസ നേര്‍ന്ന വിഎസിന് എസ്ആര്‍പിയുടെ വിമര്‍ശനം
Sunday, April 19, 2015 10:50 PM IST
സ്വന്തം ലേഖകന്‍

വിശാഖപട്ടണം: സീതാറാം യെച്ചൂരിക്ക് പരസ്യമായി വിജയം ആശംസിച്ച വി.എസ്. അച്യുതാനന്ദനെ വിമര്‍ശിച്ച് എസ്. രാമചന്ദ്രന്‍ പിള്ള രംഗത്ത്. പുതിയ ജനറല്‍ സെക്രട്ടറിമാര്‍ക്ക് ആശംസ നേരുന്ന പതിവ് സിപിഎമ്മിലില്ലെന്ന് മാധ്യമങ്ങളോടു സംസാരിക്കവേ രാമചന്ദ്രന്‍ പിള്ള പ്രതികരിച്ചു. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ടവതരിപ്പിച്ച ശേഷമായിരുന്നു എസ്. രാമചന്ദ്രന്‍ പിള്ള മാധ്യമങ്ങളോടു സംസാരിച്ചത്. പുതിയ ജനറല്‍ സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നതു സംബന്ധിച്ചു പാര്‍ട്ടിയില്‍ ഒരു തരത്തിലുമുള്ള തര്‍ക്കവും നിലനില്‍ക്കുന്നില്ല. ജനറല്‍ സെക്രട്ടറിയുടെ തെരഞ്ഞെടുപ്പ് സംബന്ധിച്ച് പാര്‍ട്ടി കോണ്‍ഗ്രസില്‍ ചര്‍ച്ചകളൊന്നും ആരംഭിച്ചിട്ടില്ല. മറിച്ചുള്ളതെല്ലാം അഭ്യൂഹങ്ങള്‍ മാത്രമാണ്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം ഉണ്ടാകില്ല. കേരള ഘടകത്തിന്റെ പിന്തുണ തനിക്കാണെന്നത് വാര്‍ത്തകള്‍ മാത്രമാണെന്നും രാമചന്ദ്രന്‍ പിള്ള വ്യക്തമാക്കി.

ഞായറാഴ്ച ഇതു സംബന്ധിച്ച് തീരുമാനം ഉണ്ടാവും. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനായി ഈ വര്‍ഷാവസാനം പ്ളീനം വിളിച്ചു ചേര്‍ക്കും. അതിനു മുമ്പായി സംസ്ഥാനഘടകങ്ങളില്‍ നിന്ന് അഭിപ്രായം തേടും. പ്ളീനം സംബന്ധിച്ച ചോദ്യാവലികള്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും അയച്ചു നല്‍കുമെന്നും രാമചന്ദ്രന്‍ പിള്ള പറഞ്ഞു.


കേന്ദ്ര കമ്മിറ്റിയിലേക്ക് എ.കെ.ബാലനും എളമരം കരീമും എം.വി. ഗോവിന്ദനും പരിഗണനയില്‍

സ്വന്തം ലേഖകന്‍

വിശാഖപട്ടണം: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് രൂപവത്കരിക്കുന്ന പുതിയ കേന്ദ്ര കമ്മിറ്റിയിലേക്ക് കേരളത്തില്‍ നിന്നു പുതുതായി മൂന്നു പേരുണ്ടാകുമെന്നു സൂചന. എ.കെ. ബാലന്‍, എളമരം കരീം, എം.വി. ഗോവിന്ദന്‍ എന്നിവരെയാണു പ്രാഥമികമായി പരിഗണിക്കുന്നത്. ജി. സുധാകരന്റെ പേരും പരിഗണനയിലുണ്െടന്നു സൂചനകളുണ്ടായിരുന്നെങ്കിലും സുധാകരന്‍ ഇക്കാര്യത്തില്‍ വിസമ്മതം അറിയിച്ചെന്നും റിപ്പോര്‍ട്ടുണ്ട്. ദളിത് പ്രാതിനിധ്യം കണക്കിലെടുത്ത് പുതിയ പോളിറ്റ് ബ്യൂറോയില്‍ എ.കെ. ബാലനെ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്െടന്നും പറയപ്പെടുന്നു.


89 അംഗ കേന്ദ്രകമ്മിറ്റിയാണ് രൂപവത്കരിക്കുക. ഇതില്‍ 80 വയസ് പിന്നിട്ട പാലൊളി മുഹമ്മദ് കുട്ടി കേന്ദ്രകമ്മിറ്റിയില്‍ നിന്ന് ഒഴിയും. എണ്‍പതിന്റെ പടിവാതിലില്‍ നില്‍ക്കുന്ന പി.കെ. ഗുരുദാസനെയും പ്രായം കര്‍ശന മാനദണ്ഡമാക്കിയാല്‍ ഒഴിവാക്കും. പ്രായത്തിന്റെ കാര്യത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനു മാത്രമാണ് ഇളവുള്ളത്.

അതു മിക്കവാറും തുടരുമെന്നാണു സൂചന. എന്നാല്‍, വിഎസിനെ ഒഴിവാക്കണമെന്ന കേരള ഘടകം നിലപാട് കടുപ്പിച്ചാല്‍ വി.എസിന്റെ കാര്യത്തില്‍ നിര്‍ണായകമാകും. അങ്ങനെയുണ്ടാ യാല്‍ സ്ഥിരം ക്ഷണിതാവാക്കി കേന്ദ്രകമ്മിറ്റിയില്‍ നിലനിര്‍ത്താനാകും തീരുമാനം.

അതേസമയം, ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയും നിരുപം സെന്നും 15 അംഗ പോളിറ്റ് ബ്യൂറോയില്‍ നിന്ന് ഒഴിവാകുമെന്നും സൂചനയുണ്ട്. നിരുപം സെന്‍ അനാരോഗ്യം കാരണം കുറേക്കാലമായി കിടപ്പിലാണ്. ബുദ്ധദേവ് ആരോഗ്യകാരണങ്ങളാല്‍ ബംഗാളിനു പുറത്ത് പാര്‍ട്ടിയുടെ യോഗങ്ങളിലോ പരിപാടികളിലോ പങ്കെടുക്കാറില്ല.

വനിതാ പ്രാതിനിധ്യം കൂട്ടുക എന്ന നിര്‍ദേശത്തിന്റെ ഭാഗമായി ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവ് സുഭാഷിണി അലിയുടെ പേരാണ് പുതുതായി പിബിയിലേക്ക് സജീവമായി പരിഗണിക്കുന്നത്. രണ്ടാമത്തെ ഒഴിവിലേക്ക് മുഹമ്മദ് സലിം, നീലോല്‍പല്‍ ബസു, ശ്യാമള്‍ മുഖര്‍ജി എന്നിവരില്‍ ഒരാള്‍ വരാന്‍ സാധ്യത. ഇവരില്‍ തന്നെ മുഹമ്മദ് സലീമിന്റെ പേരിനാണ് മുന്‍ഗണന.

അപ്രതീക്ഷിതമായി കേരളത്തിന് ഒരു സ്ഥാനം കൂടി ലഭിച്ചാല്‍ എ.കെ ബാലനായിരിക്കും ദളിത് പ്രാതിനിധ്യമെന്ന നിലയില്‍ പിബിയി ലെത്തുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.