കര്‍ഷകസാഗരമായി രാംലീല മൈതാനം
കര്‍ഷകസാഗരമായി രാംലീല മൈതാനം
Monday, April 20, 2015 12:24 AM IST
ജിജി ലൂക്കോസ്

ന്യൂഡല്‍ഹി: ഭൂമി ഏറ്റെടുക്കല്‍ നിയമത്തിനു ഭേദഗതി കൊണ്ടുവരുന്ന നരേന്ദ്ര മോദി സര്‍ക്കാരിനു നേരേ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കടന്നാക്രമണം. കര്‍ഷകവിരോധിയായ സര്‍ക്കാരാണ് എന്‍ഡിഎയുടെ നേതൃത്വത്തിലുള്ളതെന്നു കുറ്റപ്പെടുത്തിയ രാഹുല്‍, തെരഞ്ഞെടുപ്പു വിജയത്തിനായി കോര്‍പറേറ്റ് വ്യവസായികള്‍ ഇറക്കിയ ആയിരക്കണക്കിനു കോടികളുടെ വായ്പ തിരിച്ചടയ്ക്കുന്നതിനു പകരമായാണു ഭൂമിയേറ്റെടുക്കല്‍ നിയമ ഭേദഗതി ഓര്‍ഡിനന്‍സ് കൊണ്ടുവന്നതെന്നും ആരോപിച്ചു.

മേക്ക് ഇന്‍ ഇന്ത്യ കര്‍ഷകരുടെ ഭൂമി തട്ടിയെടുക്കാനുള്ള ഗുജറാത്ത് മോഡല്‍ തന്ത്രമാണ്. കര്‍ഷകരില്‍നിന്ന് എളുപ്പത്തില്‍ ഭൂമി പിടിച്ചെടുക്കാമെന്നു ഗുജറാത്ത് മോഡലിലൂടെ മോദി തെളിയിച്ചിട്ടുണ്െടന്നും രാഹുല്‍ കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് അധ്യക്ഷ സോണിഗാന്ധിയും മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്, പ്രവര്‍ത്തക സമിതിയംഗം എ.കെ. ആന്റണി തുടങ്ങിയവരും വേദിയിലുണ്ടായിരുന്നു.

ഭൂമി ഏറ്റെടുക്കല്‍ നിയമത്തിലുണ്ടായിരുന്ന കര്‍ഷകക്ഷേമമായ വ്യവസ്ഥകളില്‍ ഭേദഗതി ഓര്‍ഡിനന്‍സ് കൊണ്ടുവന്നതിനെതിരേ കോണ്‍ഗ്രസ് സംഘടിപ്പിച്ച വന്‍ കര്‍ഷകറാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 58 ദിവസം അവധിയില്‍ പോയശേഷം മടങ്ങിയെത്തിയ രാഹുലിന്റെ ആദ്യ പൊതുപരിപാടിയായിരുന്നു ഇന്നലെ രാംലീല മൈതാനിയില്‍ സംഘടിപ്പിച്ച കിസാന്‍-ഖേത്ത് മസ്ദൂര്‍ റാലി. രാഹുല്‍ വര്‍ധിത ഊര്‍ജത്തോടെയാണ് മടങ്ങിയെത്തിയതെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ്, അതിന്റെ ശക്തിപ്രകടനമായി കിസാന്‍ റാലി മഹാപ്രക്ഷോഭമാക്കിയാണ് സംഘടിപ്പിച്ചത്. ഡല്‍ഹി, പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ്, ബിഹാര്‍ തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരും കര്‍ഷകസംഘടനകളും ഈ പ്രക്ഷോഭത്തില്‍ പങ്കാളികളായതോടെ രാംലീല മൈതാനം കര്‍ഷകപ്രക്ഷോഭത്തില്‍ നിറഞ്ഞു.


യുപിഎ കര്‍ഷകര്‍ക്കു വേണ്ടി കൊണ്ടുവന്ന നിയമത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള നീക്കത്തില്‍ കര്‍ഷകര്‍ ഭയത്തിലാണ്. തന്റെ ഭൂമി നാളെ ഏതവസ്ഥയിലാകുമെന്ന ആശങ്കകളോടെയാണു കര്‍ഷകന്‍ ഇന്നു കിടന്നുറങ്ങാന്‍ പോകുന്നത്. കേന്ദ്ര സര്‍ക്കാര്‍ തങ്ങളെ മറന്നെന്ന ആശങ്കയിലാണ് കര്‍ഷകര്‍-രാഹുല്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.