വി.എസ് ഇറങ്ങിപ്പോയി; തിരികെ വന്നു
വി.എസ് ഇറങ്ങിപ്പോയി; തിരികെ വന്നു
Monday, April 20, 2015 12:29 AM IST
സ്വന്തം ലേഖകന്‍

വിശാഖപട്ടണം: പാര്‍ട്ടി കോണ്‍ഗ്രസില്‍ ജനറല്‍ സെക്രട്ടറിയെ തെരഞ്ഞെടുക്കാനുള്ള യോഗം പുരോഗമിക്കുന്നതിനിടെ ആലപ്പുഴ മോഡലില്‍ വി.എസ്. അച്യുതാനന്ദന്‍ ഇറങ്ങിപ്പോയതിനെച്ചൊല്ലി അഭ്യൂഹം. കേന്ദ്ര കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കാനുള്ള പാര്‍ട്ടി തീരുമാനത്തില്‍ പ്രതിഷേധിച്ചു ജനറല്‍ സെക്രട്ടറിയെ നിശ്ചയിക്കാന്‍ പുതുതായി രൂപവത്കരിച്ച കേന്ദ്ര കമ്മിറ്റിയുടെ പ്രഥമയോഗത്തില്‍ പങ്കെടുക്കാതെ വിഎസ് കേരളത്തിലേക്കു മടങ്ങിയെന്നായിരുന്നു അഭ്യൂഹം. എന്നാല്‍, കുറച്ചു സമയത്തിനുള്ളില്‍ അദ്ദേഹം സമ്മേളന വേദിയില്‍ തിരിച്ചെത്തുകയും ചെയ്തു.

തന്നെ കേന്ദ്ര കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കിയതു സംബന്ധിച്ചു പ്രതികരിച്ചതിനു ശേഷമായിരുന്നു വി.എസിന്റെ “ഇറങ്ങിപ്പോക്ക്. പാര്‍ട്ടിയുടെ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. അതില്‍ അസ്വാഭാവികമായി യാതൊന്നും തന്നെയില്ല. തുടര്‍ന്നും പാര്‍ട്ടിയുമായി സഹകരിക്കുമോയെന്ന ചോദ്യത്തിന് അതെല്ലാം പാര്‍ട്ടിയുടെ പ്രവര്‍ത്തനം നോക്കി തീരുമാനിക്കുമെന്നായിരുന്നു മറുപടി. " പ്രതിഷേധിച്ചു പോവുകയല്ല. ഫ്ളൈറ്റിന്റെ സമയം നോക്കി പോവുകയാണ്. ഇവിടെനിന്നു മദ്രാസിലേക്കു പോണം. അവിടെനിന്നു കേരളത്തിലേക്കും. അതിനാല്‍ മുന്നോട്ടു പോകാന്‍ നിങ്ങള്‍ എനിക്കു വഴി തരണം....വഴി തരണം എന്നു പറഞ്ഞ് വി.എസ് മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കി, കാറിലേക്കു കയറി.


എന്നാല്‍, യെച്ചൂരി ജനറല്‍ സെക്രട്ടറി ആയെന്ന വാര്‍ത്ത വന്നതിനു പിന്നാലെ വിഎസ് സമ്മേളനവേദിയില്‍ തിരിച്ചെത്തി. കഴിഞ്ഞ ദിവസം വി.എസ് യെച്ചൂരിക്കു പരസ്യമായി പിന്തുണയും ആശംസയും അറിയിച്ചു രംഗത്തെത്തിയിരുന്നു. ഇതിനെതിരേ എസ്. രാമചന്ദ്രന്‍പിള്ള അടക്കമുള്ള നേതാക്കള്‍ പരസ്യമായി വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു.

സിപിഎമ്മില്‍ അത്തരം ആശംസ നേരുന്ന പതിവില്ലെന്നാണ് എസ്ആര്‍പി വി.എസിന്റെ വാക്കുകളോടു പ്രതികരിച്ചത്.

അതേസമയം, പാര്‍ട്ടിയില്‍ മാറ്റത്തിന്റെ തുടക്കമാണിതെന്നും യെച്ചൂരിയുടെ അനുഭവസമ്പത്ത് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നും വി.എസ്. അച്യുതാനന്ദന്‍ പിന്നീട് പറഞ്ഞു.

സംസ്ഥാന ഘടകത്തിന്റെ സമ്മര്‍ദത്തിനൊടുവില്‍ പ്രായപരിധിയുടെ പേരില്‍ കേന്ദ്ര കമ്മിറ്റിയില്‍നിന്ന് വി.എസിനെ ഒഴിവാക്കാനാണു തീരുമാനിച്ചത്. പോളിറ്റ് ബ്യൂറോ യോഗത്തില്‍ വി.എസിനെ കേന്ദ്രകമ്മിറ്റിയില്‍ ഉള്‍പ്പെടുത്തണമെന്ന് സീതാറാം യെച്ചൂരിയും വി.എസിനെ ഉള്‍പ്പെടുത്തരുതെന്നു പിണറായി വിജയനും വാദിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.