ലോക്സഭയില്‍ മോദിയെ കടന്നാക്രമിച്ച് രാഹുല്‍
ലോക്സഭയില്‍ മോദിയെ കടന്നാക്രമിച്ച് രാഹുല്‍
Tuesday, April 21, 2015 11:55 PM IST
ജോര്‍ജ് കള്ളിവയലില്‍

ന്യൂഡല്‍ഹി: കര്‍ഷകരെയും തൊഴിലാളികളെയും മറന്ന് കോര്‍പറേറ്റുകള്‍ക്കും വന്‍കിട മുതലാളിമാര്‍ക്കും വേണ്ടിയുള്ള കോട്ടും സ്യൂട്ടുമിട്ട സര്‍ക്കാരാണു കേന്ദ്രം ഭരിക്കുന്നതെന്നു രാഹുല്‍ ഗാന്ധി. കടുത്ത ദുരിതം അനുഭവിക്കുന്ന രാജ്യത്ത 60 ശതമാനത്തിലേറെ വരുന്ന കര്‍ഷകരും തൊഴിലാളികളും കേന്ദ്രത്തിനെതിരേ ശക്തമായി തിരിച്ചടിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. രണ്ടു മാസത്തോളം നീണ്ട അവധിക്കു ശേഷമെത്തിയ രാഹുല്‍ ലോക്സഭയില്‍ ഇന്നലെ നടത്തിയ പ്രസംഗത്തില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനം അഴിച്ചുവിട്ടു.

ജനങ്ങള്‍ക്ക് അച്ഛേ ദിന്‍ വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ മോദി സര്‍ക്കാര്‍ നല്ലകാലത്തിനു പകരം രാജ്യത്തെ കര്‍ഷകരെയും സാധാരണക്കാരെയും കൂടുതല്‍ കഷ്ടത്തിലാക്കിയെന്ന് രാഹുല്‍ ആരോപിച്ചു.


വന്‍കിട വ്യവസായികള്‍ക്കുവേണ്ടിയാണു രാജ്യത്തിന്റെ നട്ടെല്ലായ കര്‍ഷകരെ അവഗണിക്കുന്നത്. ഭൂമിക്കു വില കുതിച്ചുയരുമ്പോള്‍ കര്‍ഷകരുടെ ഭൂമി കോര്‍പറേറ്റുകള്‍ക്കു പിടിച്ചെടുത്തു കൊടുക്കുകയാണു സര്‍ക്കാര്‍ ചെയ്യുന്നത്. പ്രകൃതിക്ഷോഭത്തില്‍ കഷ്ടതയനുഭവിക്കുന്ന എട്ടു സംസ്ഥാനങ്ങളിലെ കര്‍ഷകരെ പോയി കാണാനോ, അവര്‍ പറയുന്നതു കേള്‍ക്കാനോപോലും പ്രധാനമന്ത്രി തയാറായില്ല. കര്‍ഷകരുടെ വേദന കാണാതെ വിദേശത്തു പറന്നുനടക്കുകയാണു രാജ്യത്തിന്റെ പ്രധാനമന്ത്രി- രാഹുല്‍ കുറ്റപ്പെടുത്തി.

രാജ്യത്തെ കാര്‍ഷിക പ്രതിസന്ധിയെക്കുറിച്ചു സിപിഎം നേതാവ് പി. കരുണാകരന്‍ വൈകുന്നേരം തുടക്കമിട്ട ഹ്രസ്വചര്‍ച്ചയിലാണു മോദിസര്‍ക്കാരിനെ രാഹുല്‍ പ്രതിക്കൂട്ടിലാക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.