കോടതി ആമീനോടു ശബ്ദമുയര്‍ത്തിയതിനു മൂന്നുമാസം തടവുശിക്ഷ; ആരാണ് ഇതിന് അധികാരം നല്‍കിയതെന്നു സുപ്രീംകോടതി
Tuesday, April 21, 2015 12:12 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ആമീനോടു കോപിച്ചു സംസാരിച്ചതിനു മൂന്നു മാസം തടവു ശിക്ഷയോ? ആരാണ് ഇതിന് അധികാരം നല്‍കിയതെന്നു സുപ്രീംകോടതി. വസ്തു തര്‍ക്കവുമായി ബന്ധപ്പെട്ടു കോടതി ഉത്തരവുമായി എത്തിയ ആമീനോടു കോപത്തോടെ ശബ്ദമുയര്‍ത്തി സംസാരിച്ചതിനു 66 വയസുകാരനെ അറസ്റ് ചെയ്തു 91 ദിവസം ജാമ്യമില്ലാതെ ജയിലിലടച്ച കോടതി നടപടികളില്‍ ഞെട്ടലും അദ്ഭുതവും പ്രകടിപ്പിച്ചുകൊണ്ടാണ് സുപ്രീംകോടതി കടുത്ത ഭാഷയില്‍ പ്രതികരിച്ചത്. കേസ് വീണ്ടും പരിഗണിക്കുമെന്നും അതുവരെ ജാമ്യം അനുവദിക്കാനും കോടതി നിര്‍ദേശിച്ചു.

മഹാരാഷ്ട്രയിലെ ഷെവ്ഗാവിലുള്ള ഭാനുദാസ് എന്ന 66 കാരനെയാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തി എന്ന കുറ്റത്തിന് അറസ്റ് ചെയ്തു ജയിലിലടച്ചത്. ഒരു സ്വത്ത് തര്‍ക്കത്തിന്റെ പേരിലായിരുന്നു സംഭവം. കേസില്‍ കീഴ്കോടതി വിധി നടപ്പാക്കാന്‍ എത്തിയ കോടതി ആമീനോട് തട്ടിക്കേറി എന്നതായിരുന്നു കുറ്റം. തനിക്ക് അവകാശപ്പെട്ട സ്ഥലത്തുനിന്നും മതില്‍ പൊളിക്കാന്‍ നിങ്ങള്‍ക്കു കഴിയില്ല എന്നാണ് ഇയാള്‍ കോടതി വിധിയുമായി എത്തിയ അമീനോട് പറഞ്ഞത്.

1991ല്‍ നടന്ന സംഭവത്തെത്തുടര്‍ന്ന് അന്നേ ദിവസം തന്നെ അറസ്റ് ചെയ്ത ഇദ്ദേഹത്തിനെതിരേ ഈ വര്‍ഷം ജനുവരി 13നു കുറ്റം ചുമത്തുകയും ചെയ്തു. രണ്ടു വര്‍ഷം വരെ തടവോ പിഴയോ ലഭിക്കാവുന്ന ഐപിസി 353-ാം വകുപ്പു പ്രകാരമായിരുന്നു ഇത്. പൊതുജന സേവകന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തി എന്നായിരുന്നു ഇദ്ദേഹത്തിനെതിരേ ആദ്യം മജിസ്ട്രേറ്റും പിന്നീട് ഇക്കാര്യം പരിഗണിച്ച സെഷന്‍സ് കോടതിയും കണ്െടത്തിയത്. ഇതേ തുടര്‍ന്ന് ജാമ്യത്തിനായി നല്‍കിയ ഹര്‍ജികള്‍ മജിസ്ട്രേറ്റ്, സെഷന്‍സ് കോടതിയും ബോംബെ ഹൈക്കോടതിയും തള്ളിക്കളയുകയും ചെയ്തു. നീതി നിര്‍വഹണം തടസപ്പെടുത്തി എന്നു മജിസ്ട്രേറ്റ് കോടതിയും പ്രതിയുടെ പ്രവൃത്തി കോടതി അലക്ഷ്യത്തിലേക്ക് വളര്‍ന്നു എന്നു സെഷന്‍സ് കോടതിയും വിലയിരുത്തി.


ബോംബെ ഹൈക്കോടതിയുടെ ഔറംഗാബാദ് ബെഞ്ചും ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്നാണ് ഭാനുദാസ് സുപ്രീംകോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിച്ച ജസ്റീസുമാരായ അനില്‍ ആര്‍. ദവെ, കുര്യന്‍ ജോസഫ് എന്നിവരുടെ ബെഞ്ച് കീഴ്കോടതികളെ മാത്രമല്ല, മഹാരാഷ്ട്ര സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ചു. ശബ്ദമുയര്‍ത്തിയതിന്റെ പേരില്‍ 66 വയസുള്ള ഒരാളെ 91 ദിവസം ജയിലിലിടാന്‍ ആരാണ് നിങ്ങള്‍ക്ക് അധികാരം തന്നതെന്നായിരുന്നു കേസില്‍ ഹാജരായ മഹാരാഷ്ട്രയുടെ സ്റ്റാന്‍ഡിംഗ് കോണ്‍സലിനോടു കോടതി ചോദിച്ചു. ആരാണ് നിങ്ങള്‍ക്ക് ഇതിനുള്ള അധികാരം നല്‍കിയത്? സംസ്ഥാനം വ്യക്തികളെ തടഞ്ഞുവെക്കുകയും തടവിലിടുകയും ചെയ്യുന്നതു സംബന്ധിച്ച പരാതികളാണ് എന്നും തങ്ങളുടെ മുമ്പിലെത്തുന്നത്. എങ്ങനെയാണ് ഇയാള്‍ തടവിലാക്കപ്പെട്ടതെന്നും ജസ്റീസ് കുര്യന്‍ ജോസഫ് ചോദിച്ചു. അതിരു കടക്കരുതെന്നു കോടതി സംസ്ഥാനത്തിനു മുന്നറിയിപ്പ് നല്‍കി. കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന സര്‍ക്കാരിന്റെ ന്യായീകരണത്തെയും കോടതി വെറുതേ വിട്ടില്ല. പിഴ ശിക്ഷയാണ് ആദ്യം പരിഗണിക്കേണ്ടതെന്നും തടവുശിക്ഷയല്ലെന്നും അറിയാത്ത ആളാണോ താങ്കളെന്നായിരുന്നു മഹാരാഷ്ട്ര സര്‍ക്കാര്‍ അഭിഭാഷകനോടുള്ള ജസ്റീസ് കുര്യന്‍ ജോസഫിന്റെ ചോദ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.