എസിആര്‍സിഐ ദേശീയ സമ്മേളനം ഇന്നുമുതല്‍ ബംഗളൂരുവില്‍
Tuesday, April 21, 2015 12:14 AM IST
ബംഗളൂരു: അസോസിയേഷന്‍ ഓഫ് കാത്തലിക് റിഹാബിലിറ്റേഷന്‍ സെന്റേഴ്സ് ഓഫ് ഇന്ത്യയുടെ മൂന്നാമത് ദേശീയ സമ്മേളനം ബംഗളൂരുവില്‍ ഇന്നു തുടങ്ങും. 24 വരെ ധര്‍മാരാം വിദ്യാക്ഷേത്രയിലാണു സമ്മേളനം നടക്കുന്നത്. ഇന്നു രാവിലെ 10.30ന് രജിസ്ട്രേഷന്‍ തുടങ്ങും. വൈകുന്നേരം അഞ്ചിനു വിദ്യാക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ സിബിസിഐ പ്രസിഡന്റും സീറോമലങ്കര സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പുമായ കര്‍ദിനാള്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവ കോണ്‍ഫറന്‍സിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കും. ബംഗളൂരു ആര്‍ച്ച്ബിഷപ് ഡോ. ബര്‍ണാഡ് മോറസ് അധ്യക്ഷത വഹിക്കും. സിബിസിഐ വിദ്യാഭ്യാസ,സാംസ്കാരിക കമ്മീഷന്‍ ചെയര്‍മാനും മാവേലിക്കര രൂപതാധ്യക്ഷനുമായ ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് മുഖ്യപ്രഭാഷണം നടത്തും. നാഗ്പൂര്‍ ആര്‍ച്ച്ബിഷപ് ഡോ. ഏബ്രഹാം വിരുതുകുളങ്ങര അനുഗ്രഹപ്രഭാഷണം നടത്തും. ധര്‍മാരാം കോളജ് റെക്ടര്‍ റവ.ഡോ. തോമസ് ഐക്കര സിഎംഐ, ബംഗളൂരു അതിരൂപത എപ്പിസ്കോപ്പല്‍ വികാരി റവ. ഡോ. മാത്യു കോയിക്കര സിഎംഐ, റവ.ഡോ. സേവ്യര്‍ മണവത്ത് സിഎംഎഫ്, ഫാ. ജോണ്‍ മാരിയൂസ് സിഎംഐ, എസിആര്‍സിഐ പ്രസിഡന്റ് ഫാ. ജോസഫ് പുത്തന്‍പുര തുടങ്ങിയവര്‍ പ്രസംഗിക്കും. സമ്മേളനത്തിന് ഫാ. റോയി കണ്ണന്‍ചിറ സിഎംഐ നേതൃത്വം നല്കും.


ഇന്ത്യയിലെ വിവിധ സന്നദ്ധ സ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് 250 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ഡോ. അവിനാഷ് ഡിസൂസ, ഡോ.എ.ടി. ത്രേസ്യക്കുട്ടി, ഡോ.പോള്‍ പൂവത്തിങ്കല്‍, ഡോ.ബിജു സെബാസ്റ്യന്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ളാസ് നയിക്കും. വ്യാഴാഴ്ച നടക്കുന്ന സമാപന സമ്മേളനത്തില്‍ സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യാതിഥിയായിരിക്കും.

ശാരീരിക - മാനസിക ന്യൂനതയുള്ളവരെ പുനരധിവസിപ്പിക്കുകയും അവര്‍ക്കു പരിശീലനം നല്കുകയും ചെയ്യുന്ന ഇന്ത്യയിലെ കത്തോലിക്കാ സന്നദ്ധ സ്ഥാപനങ്ങളുടെ സംഘടനയാണ് എസിആര്‍സിഐ. രാജ്യത്തെ വിവിധ രൂപതകളില്‍നിന്നുള്ള വൈദികരും സന്യസ്തരും വൈദിക വിദ്യാര്‍ഥികളും സംഘടനയില്‍ ഭാഗഭാക്കുകളാകുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.