മുല്ലപ്പെരിയാര്‍: കൂടുതല്‍ പോലീസുകാരെ വിന്യസിക്കാന്‍ തയാറെന്നു കേരളം
Tuesday, April 21, 2015 12:18 AM IST
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയ്ക്കായി കൂടുതല്‍ പോലീസുകാരെ വിന്യസിക്കാന്‍ തയാറാണെന്നു കേരളം സുപ്രീംകോടതിയെ അറിയിച്ചു. അണക്കെട്ടിന്റെ സുരക്ഷ കേന്ദ്രസേനയ്ക്കു കൈമാറണമെന്ന തമിഴ്നാടിന്റെ ആവശ്യത്തില്‍ നല്‍കിയ മറുപടി സത്യവാങ്മൂലത്തിലാണു കേരളം ഇക്കാര്യം അറിയിച്ചത്. മേല്‍നോട്ടസമിതിയുടെ അനുവാദത്തോടെ മാത്രമേ ആളുകളെ അണക്കെട്ടിലേക്കു കടത്തിവിടുകയുള്ളുവെന്നും കേരളം വ്യക്തമാക്കി.

മുല്ലപ്പെരിയാറിലെ തമിഴ്നാട് പൊതുമരാമത്ത് ജീവനക്കാരുടെയും അവരുടെ കുടുംബങ്ങളുടെയും സുരക്ഷ മുന്‍നിര്‍ത്തി കേന്ദ്രത്തിന്റെ വ്യവസായസംരക്ഷണ സേനയെ (സിഐഎസ്എഫ്) വിന്യസിക്കണമെന്നായിരുന്നു തമിഴ്നാടിന്റെ ആവശ്യം. എന്നാല്‍, കേരള സര്‍ക്കാര്‍ ആവശ്യപ്പെടാതെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയ്ക്കു കേന്ദ്രസേനയെ വിന്യസിക്കാന്‍ സാധിക്കില്ലെന്നു കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. അണക്കെട്ടിന്റെ സംരക്ഷണം കേരളത്തിന്റെ അധികാരപരിധിയിലുള്ളതാണ്. ഇക്കാര്യത്തില്‍ കേന്ദ്രം ഇടപെടില്ല. ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ മാത്രമേ സിആര്‍പിഎഫ്, സിഐഎസ്എഫ് സംരക്ഷണം നല്‍കാന്‍ കഴിയൂ എന്നു കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.