ഡല്‍ഹി കുലുങ്ങി, ഉത്തരേന്ത്യ വിറച്ചു
ഡല്‍ഹി കുലുങ്ങി, ഉത്തരേന്ത്യ വിറച്ചു
Sunday, April 26, 2015 12:11 AM IST
പ്രത്യേക ലേഖകന്‍

ന്യൂഡല്‍ഹി: നേപ്പാള്‍ പ്രഭവകേന്ദ്രമായുണ്ടായ ഭൂകമ്പത്തില്‍ ഡല്‍ഹിയിലടക്കം ഉത്തരേന്ത്യയാകെ വിറച്ചു. ഭൂചലനമാണെന്നു മനസിലായതോടെ ഓഫീസുകളിലും ഹോട്ടലുകളിലും ഫ്ളാറ്റ് സമുച്ചയങ്ങളിലുമുണ്ടായിരുന്ന ആയിരങ്ങള്‍ ഇറങ്ങിയോടി. ഭൂകമ്പത്തെത്തുടര്‍ന്ന് ഒരു മണിക്കൂറോളം ഡല്‍ഹി മെട്രോ റെയില്‍ സര്‍വീസുകള്‍ പൂര്‍ണമായി നിര്‍ത്തിവച്ചു.

ഡല്‍ഹിയിലെ റാഫി മാര്‍ഗില്‍ പത്രം ഓഫീസുകള്‍ സ്ഥിതി ചെയ്യുന്ന ഐഎന്‍എസ് കെട്ടിടത്തിലും ഭൂചലനം അനുഭവപ്പെട്ടു. കെട്ടിടത്തിന്റെ ഏറ്റവും മുകള്‍നിലയിലുള്ള ദീപിക ഓഫീസിലും ഭൂകമ്പത്തിന്റെ പ്രകമ്പനം വ്യക്തമായി അറിയാനായി.

ഇന്നലെ ഉച്ചയ്ക്കു 11.45 ഓടെയാണ് ആദ്യം കുലുക്കം അനുഭവപ്പെട്ടത്. പിന്നീടും ഒരു തവണകൂടി കുലുങ്ങി. കുട്ടികളെ പഠിപ്പിക്കാനായി കസേരയില്‍ ഇരിക്കുകയായിരുന്ന തനിക്കു വ്യക്തമായി കുലുക്കം അനുഭവപ്പെട്ടതായി തെക്കന്‍ ഡല്‍ഹിയിലെ ഗ്രേറ്റര്‍ കൈലാഷിലുള്ള വീട്ടമ്മ ആരതി ചൌള പറഞ്ഞു. ചെറുമയക്കത്തില്‍ കട്ടിലില്‍ കിടക്കുകയായിരുന്നിട്ടും കുലുക്കം അറിയാനായെന്നു ലേ മെരീഡിയന്‍ ഹോട്ടലിന്റെ മുകള്‍നിലയില്‍ താമസിച്ചിരുന്ന കെ.ബി. ഗൌതം പറഞ്ഞു.


ഡല്‍ഹിക്കു പുറമേ ഗുഡ്ഗാവ്, നോയിഡ, ആഗ്ര, ബറേലി, പാറ്റ്ന, ലക്നൌ, കാണ്‍പുര്‍, റാഞ്ചി, ജയ്പുര്‍, ഗോഹട്ടി, കോല്‍ക്കത്ത, സിലിഗുഡി, റായ്പുര്‍ തുടങ്ങിയ ഒട്ടുമിക്ക നഗരങ്ങളിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. നേപ്പാളിനോടു ചേര്‍ന്നു കിടക്കുന്ന ബിഹാറിലെ പ്രദേശങ്ങള്‍ വളരെ ശക്തമായ ഭൂമികുലുക്കം ഉണ്ടായി. യുപി, ബിഹാര്‍, ബംഗാള്‍ സംസ്ഥാനങ്ങളിലും വലിയ ചലനമുണ്ടായി. ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ഹരിയാന, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും നേരിയ തോതില്‍ ചലനങ്ങളുണ്ടായി.

ബിഎസ്എന്‍എല്‍ ശൃംഖലയിലൂടെ നേപ്പാളിലേക്കു അടുത്ത മൂന്നു ദിവസത്തേക്കു ലോക്കല്‍ ചാര്‍ജ് മാത്രമേ ഈടാക്കുകയുള്ളുവെന്ന് അധികൃതര്‍ അറിയിച്ചു. എയര്‍ടെല്‍ സൌജന്യ സേവനം നല്കുന്നതാണെന്നു പ്രഖ്യാപിച്ചി ട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.