ബിഹാറിലും ബംഗാളിലും തുടര്‍ചലനങ്ങള്‍
ബിഹാറിലും ബംഗാളിലും തുടര്‍ചലനങ്ങള്‍
Tuesday, April 28, 2015 12:13 AM IST
ന്യൂഡല്‍ഹി: ബിഹാറിലും ബംഗാളിലും ഉള്‍പ്പെടെ ഇന്ത്യയില്‍ വിവിധ സ്ഥലങ്ങളില്‍ തുടര്‍ഭൂചലനങ്ങളുണ്ടായി. റിക്ടര്‍ സ്കെയിലില്‍ 5.1 ആയിരുന്നു ശക്തി. ബഹുനിലമന്ദിരങ്ങളില്‍നിന്ന് ആളുകള്‍ തുറസ്സായ സ്ഥലത്തേക്ക് ഇറങ്ങിയോടി. ആര്‍ക്കെങ്കിലും ഗുരുതരമായി പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.

ഇതേസമയം, കേരളത്തില്‍ നിന്നുള്ള ഇരുന്നൂറ്റമ്പതോളംപേര്‍ നേപ്പാളില്‍ കുടുങ്ങിയിരിക്കുന്നു. ദുബായിയില്‍നിന്നുള്ള ആറംഗ മലയാളിസംഘവും അവിടെയുണ്ട്. കാഠ്മണ്ഡുവിലെ ടിയുചിംഗ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മലയാളിയായ ഡോ. അബിന്‍ സൂരിയുടെ നില ഗുരുതരമായി തുടരുന്നു. കോഴിക്കോടു മെഡിക്കല്‍ കോളജില്‍നിന്നുള്ള സംഘത്തോടൊപ്പം നേപ്പാള്‍ സന്ദര്‍ശനത്തിനുപോയതായിരുന്നു സൂരി. സംഘത്തിലെ രണ്ടു ഡോക്ടര്‍മാരെക്കുറിച്ച് ഇനിയും വിവരം ലഭ്യമായിട്ടില്ല.

ഗുരുതരമായി പരിക്കേറ്റ സൂരിക്കു വൃക്കയ്ക്കു തകരാറുള്ളതിനാല്‍ ഡയാലിസിസിനു വിധേയമാകേണ്ടതുണ്ട്. മികച്ച വൈദ്യസഹായം ലഭ്യമാക്കുന്നതിനു തന്നെ ഡല്‍ഹിയിലെത്തിക്കണമെന്ന് സൂരി രക്ഷാസേനയോട് അഭ്യര്‍ഥിച്ചു.

ഇന്ത്യയില്‍ ഭൂചലനത്തില്‍ മരിച്ചവരുടെ സംഖ്യ 72 ആയി ഉയര്‍ന്നതായി ഇന്നലെ ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് അറിയിച്ചു. നേപ്പാളില്‍ കുടുങ്ങിയിരിക്കുന്ന ഇന്ത്യക്കാരെ മുഴുവന്‍ നാട്ടിലെത്തിക്കുമെന്നും റോഡ്മാര്‍ഗവും വിമാനമാര്‍ഗവും രക്ഷാപ്രവര്‍ത്തനം നടത്തിവരുന്നതായും അദ്ദേഹം പറഞ്ഞു. ബിഹാര്‍, ബംഗാള്‍ സംസ്ഥാനങ്ങളില്‍നിന്ന് അമ്പതിലേറെ ബസുകള്‍ അതിര്‍ത്തി നഗരമായ കപിലവസ്തുവിലേക്കു പോയിട്ടുണ്ട്.


നേപ്പാളില്‍നിന്നു രക്ഷപ്പെടുത്തുന്നവരെ റോഡുമാര്‍ഗം ഗോരഖ്പൂരിലെത്തിച്ചു.ദുരന്തസാധ്യത കണക്കിലെടുത്ത് ബിഹാറില്‍ സ്കൂളുകള്‍ക്ക് രണ്ടുദിവസത്തേക്ക് അവധി പ്രഖ്യാപിച്ചു. പശ്ചിമബംഗാളില്‍ ഭൂചലനം വന്‍നാശനഷ്ടങ്ങളുണ്ടാക്കിയില്ല. ചില പഴയ കെട്ടിടങ്ങള്‍ക്ക് നേരിയ വിള്ളലുണ്ടായി. നേപ്പാളില്‍ നിന്ന് ഇന്നലെ പ്രത്യേകവിമാനത്തില്‍ 75പേര്‍ കൊല്‍ക്കത്തയിലെത്തി. 1475 പേരെ ഇന്നലെ എത്തിച്ചിട്ടുണ്ട്.

ഭൂകമ്പത്തില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനുള്ള ദുരിതാശ്വാസനിധിയിലേക്കു പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഒരുമാസത്തെ ശമ്പളം സംഭാവന ചെയ്തു. ഭൂകമ്പത്തില്‍ മരിച്ചവരുടെ കുടുംബത്തിനു നല്‍കുന്ന ആറുലക്ഷം രൂപയില്‍ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നു രണ്ടുലക്ഷം രൂപയാണു നല്‍കുന്നത്. നേപ്പാളില്‍ നിന്നു ആറായിരത്തോളം ഇന്ത്യക്കാരെ നാട്ടിലെത്തിച്ചിട്ടുണ്ട്.

ഇതേസമയം യോഗ ഗുരു രാംദേവ് നേപ്പാള്‍ ഭൂകമ്പത്തില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട 500 കുട്ടികളെ ദത്തെടുക്കുമെന്നു പ്രഖ്യാപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.