വിഴിഞ്ഞം: സത്യവാങ്മൂലം സമര്‍പ്പിച്ചു
Sunday, May 3, 2015 11:21 PM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ സാമ്പത്തികവും സുരക്ഷാപരവുമായ പ്രാധാന്യത്തെ ചോദ്യംചെയ്തുകൊണ്ടു പരാതിക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പദ്ധതിയെ സ്വകാര്യ പദ്ധതിയായി തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടക്കുന്നതായി സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു.

പദ്ധതി മൂലം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കു കോടികളുടെ നഷ്ടമുണ്ടാകും. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ നിര്‍മിക്കുന്ന പുലിമുട്ടിനു മാത്രം 1250 കോടി രൂപ ചെലവു വരും. ഈ ചെലവ് സംസ്ഥാന സര്‍ക്കാര്‍ നിര്‍വഹിക്കേണ്ടി വരും. കൂടാതെ 65 ലക്ഷം ടണ്ണിലധികം കരിങ്കല്ല് ഇതിനായി ആവശ്യം വരും. ഇത് സ്വതവേ ദുര്‍ബലമായ പശ്ചിമഘട്ട മലനിരകളെയും കേരളത്തെയും അതീവ പ്രതികൂലമായി ബാധിക്കും. കേന്ദ്രസര്‍ക്കാരിന്റെ 800 കോടി വിജിഎഫും സംസ്ഥാന സര്‍ക്കാരിന്റെ തുല്യമായ വിഹിതവും സ്വകാര്യ കമ്പനിക്കു 1,600 കോടിയുടെ നേട്ടമുണ്ടാക്കുമെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

പദ്ധതിക്കുവേണ്ടിവരുന്ന 5,150 കോടി രൂപയില്‍ 2,300 കോടി മാത്രമേ കമ്പനി വഹിക്കേണ്ടതുള്ളൂ. ഈ 2300ല്‍ 1,600 കോടി രൂപ വായ്പയായി ലഭിക്കും. ആകെ 700 കോടി മാത്രമേ കമ്പനി കണ്െടത്തേണ്ടതുള്ളൂ. സര്‍ക്കാരാവട്ടെ 2,850 കോടി കണ്െടത്തണം. ഇത്തരമൊരു പദ്ധതി സംസ്ഥാനത്തിനു യാതൊരുവിധ ഗുണവുമുണ്ടാക്കില്ല. സുപ്രീംകോടതിയിലും ദേശീയ ഹരിത ട്രൈബ്യൂണലിലും കേസ് നടന്നു വരവേ തന്നെ പദ്ധതി എത്രയും വേഗം ആരംഭിക്കാന്‍ വാശിപിടിക്കുന്നത് സംശയം ജനിപ്പിക്കുന്നതാണെന്നും സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു. പദ്ധതിക്കു വിജിഎഫ് നല്‍കരുതെന്ന നിലപാടാണ് ഷിപ്പിംഗ് മന്ത്രാലയത്തിന് ഉണ്ടായിരുന്നതെന്നും മിനിട്സിന്റെ പകര്‍പ്പടക്കം ഉള്‍പ്പെടുത്തി തയ്യാറാക്കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. പദ്ധതി സാമ്പത്തിക നേട്ടമുണ്ടാക്കില്ല, കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള കൊച്ചി തുറമുഖത്തെ പ്രതികൂലമായി ബാധിക്കും എന്നതൊക്കെയായിരുന്നു ഷിപ്പിംഗ് മന്ത്രാലയത്തിന്റെ നിലപാട്.


അന്താരാഷ്ട്ര കപ്പല്‍ ചാലിന്റെ സാമീപ്യം വിഴിഞ്ഞം പദ്ധതിക്കു ഗുണംചെയ്യുമെന്ന വാദവും സത്യവാങ്മൂലം തള്ളികളയുന്നു. കപ്പല്‍ ചാലിന്റെ സാമീപ്യമോ അകലമോ വ്യാപാരത്തിനു ഗുണം ചെയ്യില്ല. കപ്പലുകളുടെ ഉടമസ്ഥത, പോര്‍ട്ടിന്റെ ഉടമസ്ഥത, പോര്‍ട്ട് ഓപറേഷന്റെ ഉടമസ്ഥത എന്നിവയെല്ലാം ചേര്‍ന്ന ആഗോള ഷിപ്പിംഗ് ഇന്‍ഡസ്ട്രിയുടെ സ്വഭാവമാണ് വ്യാപാരം തീരുമാനിക്കുന്നത്. പദ്ധതി സാമ്പത്തിക നേട്ടമുണ്ടാക്കില്ലെന്നു 2010ല്‍ തന്നെ അന്താരാഷ്ട്ര ഫിനാന്‍സ് കോര്‍പറേഷന്‍ റിപോര്‍ട്ട് ചെയ്തിരുന്നു. ദേശീയ സുരക്ഷയിലും പദ്ധതി പ്രത്യേക പങ്കൊന്നും വിഹിക്കില്ലെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.