ദാവൂദ് ഇബ്രാഹിം കീഴടങ്ങാന്‍ തയാറായിരുന്നെന്നു സിബിഐ മുന്‍ ഡിഐജി
Sunday, May 3, 2015 11:15 PM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: മുംബൈ സ്ഫോടനങ്ങളുടെ മുഖ്യ ആസൂത്രകനും അധോലോക നായകനും പിടികിട്ടാപ്പുള്ളിയുമായ ദാവൂദ് ഇബ്രാഹിം കീഴടങ്ങാന്‍ തയാറായിട്ടും സിബിഐ താത്പര്യം പ്രകടിപ്പിച്ചില്ലെന്നു സിബിഐ മുന്‍ ഡിഐജി. 1994ല്‍ താന്‍ സിബിഐയുടെ തലപ്പത്തിരിക്കുമ്പോള്‍ കീഴടങ്ങാനുള്ള താത്പര്യം പ്രകടിപ്പിച്ചു ദാവൂദ് മൂന്നു തവണ തന്നോടു സംസാരിച്ചുവെന്നാണു മുന്‍ ഡിഐജി നീരജ് കുമാര്‍ വെളിപ്പെടുത്തിയത്. മുംബൈ സ്ഫോടനം നടന്ന് ഒന്നര വര്‍ഷത്തിനു ശേഷമായിരുന്നു ഇത്. എന്നാല്‍, കീഴടങ്ങുന്നതിനായി ദാവൂദ് മുന്നോട്ടുവച്ച നിബന്ധനകളില്‍ ഉറപ്പു നല്‍കാന്‍ സിബിഐക്കു കഴിഞ്ഞില്ലെന്നാണ് നീരജ് കുമാര്‍ പറയുന്നത്.

ഇന്ത്യയിലേക്കു തിരികെ വന്നാല്‍ സുരക്ഷ നല്‍കണമെന്നായിരുന്നു ദാവൂദിന്‍െ ആവശ്യം. ഇന്ത്യയില്‍ തിരിച്ചെത്തിയാല്‍ എതിരാളികള്‍ തന്നെ വകവരുത്തുമെന്ന് ദാവൂദ് ഭയപ്പെട്ടിരുന്നു. സുരക്ഷ നല്‍കുന്നത് സിബിഐയുടെ ചുമതലയാണെന്നു താന്‍ ദാവൂദിനു മറുപടി നല്‍കിയെന്നും നീരജ് കുമാര്‍ പറഞ്ഞു. 1993 മാര്‍ച്ച് 12ന് നടന്ന സ്ഫോടനക്കേസ് നീരജ് കുമാറിന്റെ നേതൃത്വത്തിലുള്ള സിബിഐ സംഘമാണ് അന്വേഷിച്ചത്.

എന്നാല്‍, ദാവൂദുമായുള്ള സംഭാഷണങ്ങളില്‍നിന്നു മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നീരജിനെ വിലക്കിയിരുന്നു. ഡല്‍ഹി പോലീസ് കമ്മീഷണറായി ഔദ്യോഗിക ജീവിതത്തില്‍നിന്നു വിരമിച്ച നീരജ് കുമാറിനു ദാവൂദുമായി സംസാരിക്കാനുള്ള അവസരം ഉണ്ടാക്കിക്കൊടുത്തതു ദാവൂദിന്റെ തന്നെ വിശ്വസ്തനായ മനീഷ് ലാലയായിരുന്നു. നിയമബിരുദം പോലുമില്ലാത്ത ലാലയായിരുന്നു ദാവൂദിനു വേണ്ട നിയമോപദേശങ്ങള്‍ കൃത്യമായി നല്‍കിയിരുന്നത്. മുംബൈ ആര്‍തര്‍ റോഡ് ജയിലില്‍ വച്ചാണു നീരജ് ലാലയുമായി കൂടിക്കാഴ്ച നടത്തിയത്. മറ്റൊരു കേസില്‍ സിബിഐക്കു മുന്നില്‍ കീഴടങ്ങിയാണു ലാല ജയിലില്‍ എത്തിപ്പെട്ടത്.

ലാലയെ കണ്ടപ്പോള്‍ തന്നെ ഇരിക്കാന്‍ കസേര നല്‍കി നീരജ് അയാളുടെ വിശ്വാസ്യത നേടിയെടുക്കുകയായിരുന്നു. തനിക്കാദ്യമായാണ് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ കസേര നല്‍കുന്നതെന്നു മനീഷ് ലാല തുറന്നു പറയുകയും ചെയ്തു. ആ സംഭാഷണത്തിനിടയ്ക്കാണു ദാവൂദ് കീഴടങ്ങാന്‍ സന്നദ്ധനാണെന്നു ലാല വെളിപ്പെടുത്തുന്നത്. മുംബൈയിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരോടു ദാവൂദ് ഇതു സംബന്ധിച്ചു സംസാരിക്കാന്‍ ശ്രമിച്ചിട്ടും മറുപടികള്‍ ലഭിച്ചില്ലെന്നും ലാല നീരജിനോടു വ്യക്തമാക്കി. 1994 ജൂണിലാണ് ലാലയുടെ സഹായത്തോടെ നീരജ് ദാവൂദുമായി ഫോണില്‍ സംസാരിക്കുന്നത്. എന്നോടൊപ്പം ഒരു സാറുണ്ട്, അദ്ദേഹത്തെ വിശ്വസിക്കാം. അങ്ങേക്ക് എന്നോടു പറയാനുള്ളതു മുഴുവന്‍ അദ്ദേഹത്തോടു പറയാമെന്നു ദാവൂദിനോടു പറഞ്ഞിട്ടാണു മനീഷ് ലാല ഫോണ്‍ നീരജിനു കൈമാറുന്നത്. എന്നാല്‍, സംസാരത്തിന്റെ തുടക്കത്തില്‍ തന്നെ തനിക്കു സ്ഫോടനവുമായി ബന്ധമില്ലെന്നാണു ദാവൂദ് പറഞ്ഞതെന്നു നീരജ് വ്യക്തമാക്കുന്നു. പിന്നീട് മേലുദ്യോഗസ്ഥര്‍ വിലക്കിയതിനെത്തുടര്‍ന്ന് നീരജ് ദാവൂദുമായുള്ള ഫോണ്‍സംഭാഷണങ്ങളില്‍നിന്നും പിന്‍മാറി. ജയിലിനു പുറത്തിറങ്ങിയ മനീഷ് ലാല മറ്റൊരു അധോലോക നായകനായ ഛോട്ടാ രാജന്റെ സംഘാംഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുകയും ചെയ്തു.


തന്റെ 37 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിലെ സംഭവബഹുലമായ പത്തു കേസന്വേഷണങ്ങള്‍ ഉള്‍പ്പെടുത്തി ഒരു പുസ്തകം എഴുതുന്നതിന്റെ തിരക്കിലാണു നീരജ് കുമാര്‍.

അതേസമയം, ദാവൂദിന്റെ കീഴടങ്ങല്‍ സന്നദ്ധതയെക്കുറിച്ച് അറിയില്ലെന്ന് മുന്‍ സിബിഐ ഡയറക്ടര്‍ വിജയ് രാമ റാവു പറഞ്ഞു. ദാവൂദ് കീഴടങ്ങാന്‍ തയാറായിരുന്നു എന്ന വെളിപ്പെടുത്തലിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിഞ്ഞശേഷം പ്രതികരിക്കാമെന്നാണു ബിജെപി നേതാവ് നലീന്‍ കോഹ്ലി പറഞ്ഞത്. എന്തെങ്കിലും പറയാനുണ്െടങ്കില്‍ അതു സര്‍വീസിലിരിക്കുമ്പോള്‍ നീരജ് കുമാര്‍ പറയണമായിരുന്നുവെന്ന് കേന്ദ്ര മന്ത്രി വി.കെ. സിംഗ് പ്രതികരിച്ചു.

കറാച്ചിയില്‍ കഴിയുന്ന ദാവൂദ് ഇബ്രാഹിമിനെ വിട്ടുതരണമെന്ന് ഇന്ത്യ നിരവധിതവണ പാക്കിസ്ഥാനാനോട് ആവശ്യപ്പെട്ടിരുന്നു. ദാവൂദ് പാക്കിസ്ഥാനില്‍ തന്നെയുണ്െടന്ന് തെളിയിക്കുന്ന ഫോണ്‍ സംഭാഷണവും അടുത്തിടെ പുറത്തുവന്നിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.