മലിനീകരണം; ബംഗളൂരുവിലെ തടാകം പതഞ്ഞുപൊങ്ങുന്നു
മലിനീകരണം; ബംഗളൂരുവിലെ തടാകം പതഞ്ഞുപൊങ്ങുന്നു
Monday, May 4, 2015 11:26 PM IST
ബംഗളൂരു: മലിനീകരണം രൂക്ഷമായതിനെത്തുടര്‍ന്നു ബംഗളൂരുവിലെ പ്രശസ്തമായ വര്‍ത്തൂര്‍ തടാകത്തിലെ ജലം പതഞ്ഞുപൊങ്ങുന്നു. ഗുരുതരമായ ഈ പരിസ്ഥിതിപ്രശ്നം ശ്രദ്ധയില്‍പ്പെട്ട കേന്ദ്ര പരിസ്ഥിതിമന്ത്രാലയം അടിയന്തരമായി റിപ്പോര്‍ട്ട് തേടി. കേന്ദ്രത്തില്‍നിന്നുള്ള വിദഗ്ധ സംഘം ബംഗളൂരുവിലെത്തി പരിശോധന നടത്തുകയും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡുമായി ചര്‍ച്ച നടത്തുകയും ചെയ്തു.

കഴിഞ്ഞ ബുധനാഴ്ചയാണു ബംഗളൂരുവിന്റെ അതിര്‍ത്തിമേഖലയിലെ വര്‍ത്തൂര്‍ കോടിയിലെ വര്‍ത്തൂര്‍ തടാകം പതഞ്ഞുപൊങ്ങിത്തുടങ്ങിയത്. പത നുരഞ്ഞു റോഡിലേക്കു ഒഴുകിയതു ചെറിയതോതില്‍ ഗതാഗത തടസത്തിനും കാരണമായി. മാലിന്യപ്രശ്നം രൂക്ഷമായ തടാകത്തിലെ വിഷമയമായ പതയാണു പുറത്തുവന്നത്. ഇതേത്തുടര്‍ന്ന് വൈറ്റ് ഫീല്‍ഡ് വരെ അഞ്ചു കിലോമീറ്ററോളം ദുര്‍ഗന്ധം പരന്നു.

ഓക്സിജന്റെ അളവു കുറയുകയും അമോണിയത്തിന്റെയും ഫോസ്ഫേറ്റിന്റെയും അളവ് ക്രമാതീതമായി ഉയരുകയും ചെയ്തതാണു തടാകം പതഞ്ഞു പൊങ്ങാന്‍ കാരണമെന്നു വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. സമീപത്തെ വീടുകളില്‍ നിന്നും വ്യവസായ ശാലകളില്‍ നിന്നുമുള്ള മാലിന്യങ്ങള്‍ തടാകത്തില്‍ തള്ളുന്നതു പതിവാണ്. തുണിയലക്കിയ ശേഷമുള്ള വെള്ളം വര്‍ത്തൂര്‍ തടാകത്തിലേക്ക് ഒഴുക്കിവിടുകയാണു ചെയ്തിരുന്നത്. ഇതാണ് അമോണിയത്തിന്റെയും ഫോസ്ഫേറ്റിന്റെയും അളവ് കൂടാന്‍ കാരണമെന്നാണു കരുതുന്നത്.


ഏതാനും തടാകങ്ങളുടെ സംഗമസ്ഥലമാണു വര്‍ത്തൂര്‍ തടാകം. സമീപകാലംവരെ ബംഗളൂരു നഗരത്തിനു സൌന്ദര്യമേകി നിലകൊണ്ട മനോഹര തടാകമായിരുന്നു വര്‍ത്തൂരിലേത്. തടാകത്തിന്റെ സൌന്ദര്യത്തില്‍ ആകൃഷ്ടരായി നിരവധി ഐടി പ്രഫഷണലുകള്‍ തടാകതീരത്ത് അപ്പാര്‍ട്ട്മെന്റുകള്‍ വാങ്ങി താമസമാക്കുകയും ചെയ്തിരുന്നു.

അതേസമയം, ബംഗളൂരുവിനു പുറമെ ഇന്ത്യയിലെ മറ്റു തീര നഗരങ്ങളും വലിയ മാലിന്യ ഭീഷണിയുടെ നിഴലിലാണെന്നു കേന്ദ്ര ശാസ്ത്ര പരിസ്ഥിതി സംഘം (സിഎസ്ഇ) അഭിപ്രായപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.