രാത്രിയിലും താജ്മഹല്‍ സന്ദര്‍ശിക്കാന്‍ അവസരം
രാത്രിയിലും താജ്മഹല്‍ സന്ദര്‍ശിക്കാന്‍ അവസരം
Monday, May 4, 2015 11:29 PM IST
ആഗ്ര: ലോകാദ്ഭുതങ്ങളിലൊന്നായ താജ് മഹല്‍ കാണാന്‍ എത്തിയിരുന്ന വിനോദസഞ്ചാരികളുടെ ഏറെനാളത്തെ ആഗ്രഹം സഫലമാകുന്നു. ജൂലൈ മുതല്‍ രാത്രിയിലും ഈ വെണ്ണക്കല്‍ ശില്പ സൌന്ദര്യം ആസ്വദിക്കാന്‍ അനുമതി നല്‍കിക്കൊണ്ടു കേന്ദ്ര സര്‍ക്കാര്‍ ഉത്തരവായി. കേന്ദ്ര സാംസ്കാരിക-വിനോദസഞ്ചാര വകുപ്പ് മന്ത്രി മഹേഷ് ശര്‍മയാണ് ഇക്കാര്യം അറിയിച്ചത്.

രാജ്യത്ത് ഏറ്റവും കൂടുതലാളുകള്‍ സന്ദര്‍ശിക്കുന്ന ചരിത്ര സ്മാരകമാണു താജ്. എന്നാല്‍ സുരക്ഷാകാരണങ്ങളാല്‍ 1999ല്‍ സുപ്രീംകോടതി രാത്രി സന്ദര്‍ശനം നിരോധിച്ചു. രാത്രി ഏഴിനുശേഷം താജിനുള്ളില്‍ പ്രവേശിക്കുവാന്‍ പാടില്ലെന്നായിരുന്നു ഉത്തരവ്. ശക്തമായ ജനാഭിലാഷം മാനിച്ചു 2004ല്‍ ചില നിബന്ധനകള്‍ക്കു വിധേയമായി താജ് മഹല്‍ അകലെനിന്നു കാണുന്നതിനുള്ള അനുവാദം ലഭിച്ചു. മാസത്തില്‍ അഞ്ചുദിവസം അമ്പതുപേരടങ്ങുന്ന സംഘങ്ങളായി പരമാവധി 400പേര്‍ക്കു ദര്‍ശിക്കാമെന്നായിരുന്നു നിബന്ധന. ഇതുതന്നെ, താജ് മഹലിന്റെ 200മീറ്റര്‍ അകലെനിന്നു മാത്രം.


ഏറെനാളായി രാത്രിയിലും താജ് മഹല്‍ സന്ദര്‍ശിക്കുന്നതിനുള്ള അനുമതിക്കായി വിവിധ മേഖലകളില്‍ നിന്ന് ആവശ്യം ഉയര്‍ന്നിരുന്നു. ഷാജഹാന്‍ ചക്രവര്‍ത്തി പൂര്‍ണചന്ദ്ര ദിവസങ്ങളില്‍ മേഹ്താബ് ബാഗില്‍നിന്നാണു താജ്മഹല്‍ കാണാന്‍ ഇഷ്ടപ്പെട്ടിരുന്നത്. അതേ സ്ഥലത്തുനിന്നു താജ് മഹല്‍ വീക്ഷിക്കാനുള്ള അനുമതിയാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.

ആഗ്രയിലെത്തുന്ന വിനോദസഞ്ചാരികള്‍ക്കു ജലവിനോദങ്ങള്‍ ഏര്‍പ്പെടുത്തുന്നതു സംബന്ധിച്ചും മറ്റു സൌകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയതായി കേന്ദ്രമന്ത്രി അറിയിച്ചു. വിനോദസഞ്ചാരികളെ രണ്ടുദിവസമെങ്കിലും ഇവിടെ ഉല്ലാസകരമായി നിലനിര്‍ത്തുകയെന്നതാണു ലക്ഷ്യമെന്നു മന്ത്രി പറഞ്ഞു. പദ്ധതിക്ക് താല്പര്യം അറിയിച്ച് ഒഎന്‍ജിസിയും ഭെലും മുന്നോട്ടു വന്നിട്ടുണ്െടന്നും അദ്ദേഹം വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.