ഡല്‍ഹിയുടെ അധികാരം: കേജരിവാളും ലെഫ്.ഗവര്‍ണറും തമ്മില്‍ വടംവലി
Tuesday, May 5, 2015 11:18 PM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും ലെഫ്. ഗവര്‍ണര്‍ നജീബ് ജംഗും തമ്മിലുള്ള അധികാര വടംവലി മുറുകുന്നു.

ഔദ്യോഗിക ഫയലുകള്‍ ലെഫ്. ഗവര്‍ണര്‍ക്ക് അയച്ചു കൊടുത്ത് അദ്ദേഹത്തെ ബുദ്ധിമുട്ടിക്കരുതെന്ന കേജരിവാളിന്റെ നിര്‍ദേശമാണ് ഇപ്പോള്‍ തര്‍ക്കം രൂക്ഷമാകാന്‍ കാരണമായിരിക്കുന്നത്.

എന്നാല്‍, താന്‍ തന്നെയാണു സംസ്ഥാനത്തെ മേലധികാരിയെന്നും ഫയലുകള്‍ തനിക്കയക്കേണ്ടതില്ലെന്ന നിര്‍ദേശം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട ലെഫ്. ഗവര്‍ണര്‍ രംഗത്തെത്തി. ഇക്കാര്യം വിശദീകരിച്ച് അദ്ദേഹം കേജരിവാളിനു കത്തെഴുതിയിട്ടുമുണ്ട്.

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ചുമതല തീരുമാനമെടുക്കുന്നതില്‍ സഹായിക്കലും ഉപദേശിക്കലുമാണെന്നും തീരുമാനമെടുക്കാനുള്ള വിവേചനാധികാരം ലഫ്. ഗവര്‍ണറുടേതു മാത്രമാണെന്നും ഭരണഘടനാ വകുപ്പുകള്‍ ചൂണ്ടിക്കാട്ടി അയച്ച കത്തില്‍ നജീബ് ജംഗ് ചൂണ്ടിക്കാട്ടുന്നു. നിയമസഭയുടെയും മന്ത്രിസഭയുടെയും തീരുമാനങ്ങളില്‍ അവസാന വാക്ക് തന്റേതായതുകൊണ്ടു ഫയലുകള്‍ കാണാതെ പോകാനാവില്ലെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.


കഴിഞ്ഞ നിയമസഭ പിരിച്ചുവിടാന്‍ വൈകുന്നതില്‍ കേന്ദ്രത്തിലെ ബിജെപി സര്‍ക്കാറും ലഫ്. ഗവര്‍ണറും തമ്മിലുള്ള ഒത്തുകളിയാണെന്നും കേജരിവാളും ആം ആദ്മി പാര്‍ട്ടിയും ആരോപിച്ചിരുന്നു. ഡല്‍ഹി പോലീസിന്റെ തീരുമാനങ്ങളും വിശദവിവരങ്ങളും ആവശ്യപ്പെട്ടു പോലീസ് കമീഷണര്‍ക്കയച്ച കത്തില്‍ ലഫ്. ഗവര്‍ണറുമായി കൂടിയാലോചനകള്‍ നടത്തുന്നതിനു വിവരങ്ങള്‍ വേണമെന്നാണു മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചിരുന്നത്.

ഗവര്‍ണറുടെയും രാഷ്ട്രപതിയുടെയും പേരിലാണു ഭരണനിര്‍വഹണമെങ്കിലും മറ്റു സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ ഫയലുകളെല്ലാം ഗവര്‍ണര്‍ക്കയക്കാറില്ലെ ന്നും അതേ മാതൃക ഡല്‍ഹിയിലും വേണമെന്നുമുള്ള കേജരിവാള്‍ സര്‍ക്കാരിന്റെ തീരുമാനത്തിനാണു തിരിച്ചടിയേറ്റിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.