ബസ് കൊക്കയിലേക്കു മറിഞ്ഞു കത്തി; 21 മരണം, 13 പേര്‍ക്കു പൊള്ളലേറ്റു
ബസ് കൊക്കയിലേക്കു മറിഞ്ഞു കത്തി; 21 മരണം, 13 പേര്‍ക്കു പൊള്ളലേറ്റു
Tuesday, May 5, 2015 11:39 PM IST
പാന്ന(മധ്യപ്രദേശ്): പാണ്ഡവ വെള്ളച്ചാട്ടത്തിനടുത്ത് സ്വകാര്യബസ് പാലത്തില്‍നിന്നു കൊക്കയിലേക്കു മറിഞ്ഞു തീപിടിച്ച് 21 യാത്രക്കാര്‍ വെന്തുമരിച്ചു. തീപിടിത്തത്തില്‍ 13പേര്‍ക്കു ഗുരുതരമായി പൊള്ളലേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പാന്ന കടുവാ സങ്കേതത്തിനടുത്തുള്ള പാലത്തില്‍ നിന്നാണ് ബസ് നിയന്ത്രണംവിട്ടു കൊക്കയിലേക്കു വീണത്. ജില്ലാ ആസ്ഥാനത്തുനിന്നു 14 കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായത്. സത്നയില്‍നിന്നു ഛട്ടാര്‍പൂരിലേക്കു പോവുകയായിരുന്നു സ്വകാര്യബസ്. അപകടവിവരം അറിഞ്ഞ് പാഞ്ഞെത്തിയ പോലീസ് ബസിനുള്ളില്‍ കുടുങ്ങിയവരെ പുറത്തെടുത്തപ്പോള്‍ 21 മൃതദേഹങ്ങള്‍ കരിഞ്ഞനിലയിലായിരുന്നെന്ന് പോലീസ് സൂപ്രണ്ട് ഐ. പി. അര്‍ജാരിയ പറഞ്ഞു. പൊള്ളലേറ്റവരെ ഉടന്‍തന്നെ റോഡിലെത്തിച്ച് ആശുപത്രിയിലേക്കു കൊണ്ടുപോയതായും അദ്ദേഹം വ്യക്തമാക്കി.

പാലത്തിലേക്കു കടന്ന ബസ് നിയന്ത്രണംവിട്ട് തെന്നി കൈവരികള്‍ തകര്‍ത്തു താഴ്ചയിലേക്കു മറിയുകയായിരുന്നു. താഴെപ്പതിച്ചയുടന്‍ ബസ് പൊട്ടിത്തെറിച്ചു. ബസ് പൂര്‍ണമായി കത്തിനശിച്ചു. കൊക്കയിലേക്കു വീണതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്കരമായിരുന്നു.


അപകടത്തില്‍ 21പേര്‍ മരിച്ചതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധ ദു:ഖം രേഖപ്പെടുത്തി. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൌഹാനും മന്ത്രിസഭാംഗങ്ങളും അതീവ ദു:ഖം പ്രകടിപ്പിച്ചതോടൊപ്പം കുടുംബങ്ങളുടെ വേദനയില്‍ പങ്കുചേരുന്നതായി അറിയിക്കുകയും ചെയ്തു.

മരിച്ചവരുടെ ആശ്രിതര്‍ക്കു രണ്ടുലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000രൂപയും പരിക്കേറ്റവര്‍ക്ക് 25,000രൂപയും സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. അപകടത്തെക്കുറിച്ചു ജുഡീഷല്‍ അന്വേഷണം നടത്തുമെന്നു മുഖ്യമന്ത്രി അറിയിച്ചു.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയും ബസ് അപകടത്തില്‍ 21യാത്രക്കാര്‍ മരിക്കുകയും 13പേര്‍ക്ക് ഗുരുതരമായി പൊള്ളലേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ തീവ്രമായ ദു:ഖം പ്രകടിപ്പിച്ചു. അപകടത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ വേദനയില്‍ പങ്കുചേരുന്നതായും ഇരുവരും അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.