മോഗയ്ക്കു പിന്നാലെ വീണ്ടും ഓടുന്ന ബസില്‍ മാനഭംഗശ്രമം
Tuesday, May 5, 2015 11:10 PM IST
ലൂധിയാന: മോഗ ജില്ലയില്‍ മാനഭംഗശ്രമത്തിനിടെ ബസില്‍നിന്നു വലിച്ചെറിഞ്ഞു കൊലപ്പെടുത്തിയ ബാലികയുടെ ചിതയിലെ അഗ്നി കെട്ടടങ്ങും മുമ്പേ പഞ്ചാബില്‍ വീണ്ടും ഓടുന്ന ബസില്‍ മാനഭംഗശ്രമം. ലുധിയാനയില്‍നിന്നു 40 കിലോമീറ്റര്‍ അകലെ ഖന്ന പോലീസ് സ്റേഷന്‍ പരിധിയിലാണു സംഭവം. 35 വയസുള്ള വീട്ടമ്മയെ ഇരുപതുവയസുള്ള സ ഹയാത്രികനാണു മാനഭംഗത്തിനു ശ്രമിച്ചത്.

മാണ്ഡി ഗോവിന്ദഗാറില്‍നിന്നാണു ലുധിയാനവഴി പോകുന്ന സ്വകാര്യ ബസില്‍ യുവതി കയറിയത്. ബസ് നീങ്ങി കുറേക്കഴിഞ്ഞ് സമീപത്തെ സീറ്റിലുണ്ടായിരുന്ന യുവാവ് പരിചയമുള്ളയാളെപ്പോലെ ഇവരുടെ അടുത്തേക്കു ചേര്‍ന്നിരുന്നു. ആളെ മനസിലാകാതെ അദ്ഭുതപ്പെട്ടിരിക്കുമ്പോള്‍ മോശമായ ഭാഷയില്‍ സംസാരിക്കാന്‍ തുടങ്ങി. തുടര്‍ന്ന് ഉപദ്രവിക്കുകയുമായിരുന്നു. തടയാന്‍ ആവുന്നത്ര ശ്രമിച്ചിട്ടും ഫലമുണ്ടായില്ല. ഒച്ചവച്ചു കണ്ടക്ടറോടു പരാതിപ്പെട്ടെങ്കിലും ആദ്യം അയാള്‍ കണ്ടില്ലെന്നു നടിച്ചു. എന്നാല്‍ വീണ്ടു ബഹളം വച്ചപ്പോള്‍ കുറെക്കഴിഞ്ഞ് മാറിയിരിക്കാന്‍ യുവാവിനോട് ആവശ്യപ്പെട്ടെങ്കിലും അയാള്‍ അതൊന്നും വകവച്ചില്ല. ശല്യം സഹിക്കാനാവാതെവന്നപ്പോള്‍ ബസ് നിര്‍ത്താന്‍ ഡ്രൈവറോട് ആവശ്യപ്പെട്ടു. എന്നാല്‍, വേഗം കൂട്ടുകയായിരുന്നുവെന്നു പോലീസില്‍ നല്കിയ പരാതിയില്‍ യുവതി പറയുന്നു. കണ്ടക്ടറോടു പരാതിപറഞ്ഞ ശേഷവും യുവാവിന്റെ ഉപദ്രവം തുടര്‍ന്നു. കണ്ടക്ടറോടു വീണ്ടും പരാതിപ്പെട്ടപ്പോള്‍ യുവാവ് അടുത്ത സീറ്റിലേക്കു മാറി.


ബസ് ജീവനക്കാരുടെ ഭാഗത്തുനിന്നു സുരക്ഷ ലഭിക്കില്ലെന്നു മനസിലാക്കി മൊബൈലില്‍ ഭര്‍ത്താവിനെ വിവരം അറിയിക്കുകയായിരുന്നുവെന്നും തുടര്‍ന്നാണു പോലീസ് എത്തിയതെന്നും യുവതി വ്യക്തമാക്കി. തന്നെ മാനംകെടുത്തുന്നതു കണ്ടിട്ടും കാണാത്തമട്ടില്‍ യുവാവിനു സൌകര്യമുണ്ടാക്കിക്കൊടുക്കുകയായിരുന്നു കണ്ടക്ടറെന്നും അവര്‍ പരാതിപ്പെട്ടു. കുറേ സമയം കഴിഞ്ഞപ്പോള്‍ ബസ് നിര്‍ത്തി. യുവാവ് ഇറങ്ങിപ്പോവുകയും ചെയ്തു.അക്രമിക്ക് ഉപദ്രവിക്കാനുള്ള സൌകര്യമൊരുക്കിയതു ഡ്രൈവറും കണ്ടക്ടറുമാണെന്നു യുവതി പറഞ്ഞു.

ബസ് ലുധിയാനയിലെത്തിയപ്പോള്‍ പോലീസ് ബസ്തടഞ്ഞ് ഡ്രൈവ റെയും കണ്ടക്ടറെയും അറസ്റ് ചെയ്ത് ബസ് കസ്റഡിയിലെടുത്തു. പ്രതിക്കുവേണ്ടി അന്വേഷണം ആരംഭിച്ചതായി ലുധിയാന ഡിഐജി എന്‍. എസ്. ധില്ലന്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.