കുടുംബം തകര്‍ന്നെന്നു പാര്‍ട്ടിക്കാരിയുടെ പരാതി: ആപ് നേതാവിനു വനിതാ കമ്മീഷന്‍ നോട്ടീസ്
Tuesday, May 5, 2015 11:11 PM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: പാര്‍ട്ടി പ്രവര്‍ത്തക നല്‍കിയ അപകീര്‍ത്തിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് കുമാര്‍ വിശ്വാസിനു ഡല്‍ഹി വനിതാ കമ്മീഷനു മുന്നില്‍ ഹാജരാകാന്‍ നോട്ടീസയച്ചു. ആം ആദ്മി പാര്‍ട്ടിയിലെ വനിതാ അംഗം നല്‍കിയ പരാതിയില്‍ കുമാര്‍ ബിശ്വാസിനോടും ഭാര്യയോടും കമ്മീഷനു മുന്നില്‍ ഹാജരാകണമെന്നാവശ്യപ്പെട്ടാണു നോട്ടീസയച്ചത്. തങ്ങള്‍ തമ്മില്‍ അവിഹിത ബന്ധങ്ങളൊന്നുമില്ലെന്ന് കുമാര്‍ ബിശ്വാസ് പരസ്യമായി വ്യക്തമാക്കണമെന്നാണു പരാതിക്കാരിയുടെ ആവശ്യം.

എന്നാല്‍, തനിക്കെതിരേയുള്ള ആരോപണങ്ങളെല്ലാം നിഷേധിച്ച കുമാര്‍ ബിശ്വാസ് വനിതാ കമ്മീഷന്‍ നോട്ടീസയച്ച കാര്യവും നിഷേധിച്ചു. രാഷ്ട്രീയ എതിരാളികള്‍ നടത്തുന്ന സ്വഭാവഹത്യയാണിതെന്നാണു കുമാര്‍ ബിശ്വാസ് ആരോപിക്കുന്നത്. എന്നാല്‍, ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ ബര്‍ഖ സിംഗ് നോട്ടീസയച്ചതായും ഇന്നു കമ്മീഷനു മുന്നില്‍ ഹാജരാന്‍ കുമാര്‍ ബിശ്വാസിനോട് ആവശ്യപ്പെട്ടതായും സ്ഥിരീകരിച്ചിട്ടുണ്ട്.

കുമാര്‍ ബിശ്വാസുമായി വഴിവിട്ട ബന്ധമുണ്െടന്ന അപവാദ പ്രചാരണം പാര്‍ട്ടിയണികള്‍ക്കിടയിലും സോഷ്യല്‍ മീഡിയകളിലും പരന്നതോടെ തന്റെ ജീവിതം തകര്‍ന്നുവെന്നാണു യുവതിയുടെ പരാതി. ആരോപണങ്ങള്‍ പരന്നതോടെ തന്നെ ഭര്‍ത്താവ് ഉപേക്ഷിച്ചു. താന്‍ ബിജെപിയുടെയോ കോണ്‍ഗ്രസിന്റെയോ ഏജന്റല്ല. തനിക്കും ബിശ്വാസിനുമിടയില്‍ അരുതാത്തതൊന്നുമില്ലെന്ന് അദ്ദേഹംതന്നെ പരസ്യമായി വെളിപ്പെടുത്തിയാല്‍ മാത്രം മതിയെന്നാണു യുവതി ആവശ്യപ്പെടുന്നത്.

യുവതിയോടു പോലീസില്‍ പരാതി നല്‍കാന്‍ താന്‍ നിര്‍ദേശിച്ചിരുന്നതായും കുമാര്‍ ബിശ്വാസ് വ്യക്തമാക്കുന്നു. സഹോദരാ, എന്ന് അഭിസംബോധന ചെയ്തു യുവതി തനിക്കയച്ച കത്തില്‍ എഫ്ഐആര്‍ ഫയല്‍ ചെയ്ത കാര്യം സൂചിപ്പിച്ചിരുന്നു. ആം ആദ്മി പാര്‍ട്ടി നിയമ സെല്ലുമായി ബന്ധപ്പെടാനും യുവതിയോടു താന്‍ നിര്‍ദേശിച്ചിരുന്നുവെന്നും കുമാര്‍ ബിശ്വാസ് പറയുന്നു.


യുവതി ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കേജരിവാളിനും ഡല്‍ഹി പോലീസ് കമ്മീഷണര്‍ക്കും ഇതുസംബന്ധിച്ചു പരാതി നല്‍കിയിരുന്നു. നപടികളൊന്നുമുണ്ടാകാതിരുന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ വനിതാ കമ്മീഷനെ സമീപിച്ചതെന്നും അവര്‍ വ്യക്തമാക്കി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കുമാര്‍ ബിശ്വാസ് മത്സരിച്ച അമേഠി മണ്ഡലത്തില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി യുവതി അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചിരുന്നു.

2014ലെ തെരഞ്ഞെടുപ്പില്‍ മറ്റൊരു സ്ത്രീയോടൊപ്പം കഴിഞ്ഞതിനു കുമാര്‍ ബിശ്വാസിനെ ഭാര്യ പിടികൂടിയെന്ന വാര്‍ത്ത തന്റെ ഫോട്ടോയോടൊപ്പം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുവെന്നാണു സ്ത്രീ ആരോപിക്കുന്നത്. ബിശ്വാസിനെ ഇക്കാര്യം താന്‍ അറിയിച്ചുവെന്നും തങ്ങള്‍ തമ്മില്‍ ഒരു ബന്ധവുമില്ലെന്നു പരസ്യമായി പറയണമെന്ന് ആവശ്യപ്പെട്ടുവെന്നും സ്ത്രീ പറയുന്നു. എന്നാല്‍, രാഷ്ട്രീയത്തില്‍ ഇത്തരം ഘട്ടങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുമെന്നായിരുന്നു ബിശ്വാസിന്റെ മറുപടിയെന്നും യുവതി ഒരു വാര്‍ത്താ ചാനലിനോടു വെളിപ്പെടുത്തി.

അതേസമയം, ഇതെല്ലാം പാര്‍ട്ടിക്കെതിരേ എതിരാളികള്‍ നടത്തുന്ന സംഘടിത കുപ്രചാരണങ്ങളാണെന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ വിശദീകരണം. തങ്ങളുടെ കുടുംബങ്ങളെക്കൂടി വേദനിപ്പിക്കുന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നു പാര്‍ട്ടി നേതാവ് സഞ്ജയ് സിംഗ് പത്രസമ്മേളനത്തില്‍ അഭ്യര്‍ഥിച്ചു. കുമാര്‍ ബിശ്വാസ് വിശദീകരണങ്ങള്‍ക്കു തയാറായില്ലെങ്കില്‍ ആരോപണങ്ങളില്‍ കഴമ്പുണ്െടന്നാണു കരുതേണ്ടതെന്നു ബിജെപി നേതാവ് വിജേന്ദര്‍ ഗുപ്ത ആരോപിച്ചു. കുമാര്‍ ബിശ്വാസിനെതിരായ പരാതിയെ ഗൌരമായി കാണേണ്ടതാണെന്നാണു ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് മാക്കന്‍ പ്രതികരിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.