ശ്രീപദ്മനാഭസ്വാമി ക്ഷേത്ര ട്രസ്റുകളുടെ കണക്കുകള്‍ മുന്‍ സിഎജിയെക്കൊണ്ട് ഓഡിറ്റ് ചെയ്യിക്കണം: സുപ്രീംകോടതി
ശ്രീപദ്മനാഭസ്വാമി ക്ഷേത്ര ട്രസ്റുകളുടെ കണക്കുകള്‍  മുന്‍ സിഎജിയെക്കൊണ്ട് ഓഡിറ്റ് ചെയ്യിക്കണം: സുപ്രീംകോടതി
Wednesday, May 6, 2015 11:33 PM IST
ന്യൂഡല്‍ഹി: തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ട്രസ്റുകളുടെ കണക്കുകള്‍ കോടതി നിയോഗിച്ച ഓഡിറ്റര്‍ മുന്‍ സിഎജി വിനോദ് റായിയെക്കൊണ്ട് ഓഡിറ്റ് ചെയ്യിക്കണമെന്നു സുപ്രീം കോടതി. 2008 മുതലുള്ള കണക്കുകളാണ് ഓഡിറ്റ് ചെയ്യേണ്ടത്.

കണക്കുകളും രേഖകളും ട്രസ്റുകള്‍ ഓഡിറ്റര്‍ വിനോദ് റായിക്കു കൈമാറണം. ഓഡിറ്റിംഗിനുള്ള ചെലവ് ക്ഷേത്രം എക്സിക്യൂട്ടീവ് കമ്മിറ്റി വഹിക്കണമെന്നും ജസ്റീസ് ടി.എസ്. ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. ക്ഷേത്രത്തിന്റെ അനുബന്ധ കെട്ടിടത്തില്‍ നിന്നു ശിവസേനയെ ഒഴിപ്പിക്കണമെന്ന ആവശ്യത്തില്‍ നിലപാടറിയിക്കാന്‍ ക്ഷേത്രം എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് കോടതി നോട്ടീസ് അയച്ചു. ക്ഷേത്രവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ട്രസ്റുകളുടെ കണക്കുകള്‍ ഓഡിറ്റ് ചെയ്യാന്‍ മാനേജിംഗ് ട്രസ്റിയായ മൂലം തിരുനാള്‍ രാമവര്‍മ അനുവദിച്ചില്ലെന്നും കണക്കുകള്‍ രണ്ടു തവണ ആവശ്യപ്പെട്ടെങ്കിലും ലഭ്യമാക്കിയില്ലെന്നും വിനോദ് റായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

ഇതു സംബന്ധിച്ച വാദത്തിനിടെ, 2008 മുതലുള്ള പ്രത്യേക ഓഡിറ്റും വാര്‍ഷിക കണക്കുകളും തയാറാക്കി കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്െടന്നു ട്രസ്റുകള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകര്‍ അറിയിച്ചു. എന്നാല്‍, ട്രസ്റുകള്‍ക്ക് ക്ഷേത്രവുമായി ബന്ധമില്ലെന്നും സ്വതന്ത്ര ട്രസ്റുകളാണെന്നുമുള്ള രാജകുടുംബത്തിന്റെ വാദം കോടതി അംഗീകരിച്ചില്ല. കേസ് അടുത്ത തവണ പരിഗണിക്കുന്നതിന് മുമ്പ് മൂലവിഗ്രഹത്തിന്റെ അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു. നിലവറകളിലെ കണക്കെടുപ്പ് പൂര്‍ത്തിയാക്കാന്‍ വിദഗ്ധ സമിതിക്ക് ഓഗസ്റ് വരെ സമയം നീട്ടിനല്‍കി.

അതിനിടെ, ശിവസേനയുടെ ഓഫീസ് അടക്കമുള്ള ഗണേശോത്സവം ട്രസ്റ് ക്ഷേത്രത്തിന്റെ അനുബന്ധ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നതിനെ അമിക്കസ് ക്യൂറിയും സംസ്ഥാന സര്‍ക്കാരും ചോദ്യം ചെയ്തു. മുറിയുമായി ബന്ധപ്പെട്ട ട്രസ്റിന്റെ കരാര്‍ നിയമപരമല്ലെന്ന് അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം ചൂണ്ടിക്കാട്ടി. ശിവസേനയുടെ പ്രവര്‍ത്തനങ്ങള്‍ ക്ഷേത്രത്തില്‍ അനുവദിക്കരുത്. ക്ഷേത്ര സുരക്ഷയ്ക്കു വേണ്ടിയുള്ള പോലീസിനെ താമസിപ്പിക്കാന്‍ സ്ഥലമില്ല. ശിവസേനയെ ഒഴിപ്പിക്കുകയാണെങ്കില്‍ ക്ഷേത്രത്തിന് ഗുണമുള്ള എന്തെങ്കിലും കാര്യം ചെയ്യാവുന്നതാണെന്നും അമിക്കസ് ക്യൂറി വാദിച്ചു.


പോലീസും ക്ഷേത്രവുമായി ബന്ധപ്പെട്ട എല്ലാ സമിതികളും ശിവസേനയുടെ ഓഫീസ് ഒഴിപ്പിക്കണമെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്നു കോടതിയും നിരീക്ഷിച്ചു.

എന്നാല്‍, പാവങ്ങള്‍ക്കു ഭക്ഷണം വിതരണം ചെയ്യുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത് ഈ മുറി ഉപയോഗിച്ചാണെന്നു ശിവസേന മറുവാദം ഉന്നയിച്ചു. വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന ഗണേശോത്സവത്തിന് എന്തിനാണു മുറിയെന്നാരുന്നു കോടതിയുടെ ചോദ്യം. ശിവസേനക്കാര്‍ എന്തിനാണ് ഗണേശോത്സവം നടത്തുന്നത്. മുറി രണ്ടുമാസത്തിനകം ഒഴിയണമെന്ന് ഉത്തരവ് പുറപ്പെടുവിക്കാന്‍ തുടങ്ങിയ സമയത്ത് രാജകുടുംബം മറ്റൊരു വാദവുമായി രംഗത്തെത്തി.

പോലീസിനെ താമസിപ്പിക്കാന്‍ ഉത്സവ മഠം മതിയോയെന്ന് ഭരണസമിതിയുമായി ചര്‍ച്ച നടത്തുന്നതായി രാജകുടുംബത്തിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കൃഷ്ണന്‍ വേണുഗോപാല്‍ അറിയിച്ചു.

തുടര്‍ന്ന് ഒഴിപ്പിക്കുന്ന കാര്യത്തില്‍ നിലപാടറിയിക്കാന്‍ കോടതി എക്സിക്യൂട്ടീവ് കമ്മിറ്റിക്കു നിര്‍ദേശം നല്‍കി. പതിനായിരക്കണക്കിനു കോടി രൂപയുടെ സ്വത്തിരിക്കുന്ന ക്ഷേത്രത്തിന്റെ സുരക്ഷയ്ക്കാണ് പ്രാധാന്യം നല്‍കുന്നതെന്നും അതിനാല്‍ സുരക്ഷയുടെ തലത്തില്‍ കാര്യങ്ങള്‍ പരിശോധിക്കണമെ ന്നും കോടതി വിലയിരുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.