ടെലികോം കമ്പനികള്‍ക്കെതിരേ പാര്‍ലമെന്റില്‍ വന്‍ പ്രതിഷേധം
Wednesday, May 6, 2015 11:35 PM IST
ജോര്‍ജ് കള്ളിവയലില്‍

ന്യൂഡല്‍ഹി: ഇന്റര്‍നെറ്റ് നിഷ്പക്ഷതയും സ്വാതന്ത്യ്രവും കവരാനും പ്രത്യേക ഫീസ് ചുമത്താനുമുള്ള വന്‍കിട സ്വകാര്യ ടെലികോം കമ്പനികളുടെ നീക്കത്തിനെതിരേ പാര്‍ലമെന്റില്‍ കക്ഷിഭേദമില്ലാതെ വന്‍ പ്രതിഷേധം. രാജ്യത്തെ മുഴുവന്‍ പൌരന്മാര്‍ക്കും ഇന്റര്‍നെറ്റില്‍ തുല്യാവകാശവും പൂര്‍ണ സ്വാതന്ത്യ്രവും ഉറപ്പുവരുത്തുമെന്നു രാജ്യസഭയില്‍ നടന്ന ചര്‍ച്ചയ്ക്കു മറുപടി പറഞ്ഞ വാര്‍ത്താവിനിമയ, ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ് ഉറപ്പുനല്‍കി. ലോക്സഭയില്‍ നേരത്തെ ഈ പ്രശ്നം ഉന്നയിച്ചു രാഹുല്‍ ഗാന്ധി നട ത്തിയ ശ്രദ്ധക്ഷണിക്കലിലും ഇന്റര്‍നെറ്റിലെ വിവേചന നീക്കത്തിനെതിരേ പൊതുവികാരം പ്രകടമായിരുന്നു.

ഇതേസമയം, സ്വകാര്യ ടെലികോം കമ്പനികള്‍ സ്രാവുകളും ഷൈലോക്കുമാരും ആണെന്നും ജനങ്ങളുടെ അവകാശം സംരക്ഷിക്കാന്‍ സ്വാതന്ത്യ്രസമരകാലത്തെ മഹത്മാ ഗാന്ധിയുടെ ഉപ്പുസത്യഗ്രഹം പോലെ വീണ്ടുമൊരു സമരം വേണ്ടിവരുമെന്നും ബിജെപിയിലെ മുതിര്‍ന്ന അംഗം തരുണ്‍ വിജയ് പറഞ്ഞതു ഭരണബഞ്ചുകളെ പോ ലും ആശ്ചര്യപ്പെടുത്തി. ഇന്റര്‍നെറ്റിലൂടെ വീണ്ടുമൊരു വിദേശ അടിമത്തം പാടില്ലെന്നു തരുണ്‍ മുന്നറിയിപ്പു നല്‍കി. ഇന്റര്‍നെറ്റില്‍ എല്ലാവര്‍ക്കും തുല്യത ഉറപ്പാക്കാന്‍ ആവശ്യമായ നിയമനിര്‍മാണം നടത്തണമെന്നും ഇന്നലെ രാജ്യസഭയിലെ ചര്‍ച്ചയില്‍ അദ്ദേഹം ആവശ്യപ്പെട്ടു.

വിവിധ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കു പ്രത്യേക ഫീസ് ഈടാക്കാനുള്ള നിര്‍ദേശത്തിന്മേല്‍ പരിശോധന നടത്താനുള്ള ടെലികോം റെഗുലേറ്ററി അഥോറിറ്റിയുടെ (ട്രായി) തീരുമാനം പോലും പൌരാവകാശത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് അടിയന്തരപ്രമേയം അവതരിപ്പിച്ച തൃണമൂല്‍ കോണ്‍ഗ്രസിലെ ഡെറിക് ഒബ്രിയന്‍ ചൂണ്ടിക്കാട്ടി.

ഇതിനെതിരേ പരാതി അയച്ച പത്തു ലക്ഷം പേരുടെ ഇമെയിലുകള്‍ പരസ്യപ്പെടുത്തിയ നടപടി ജനങ്ങളുടെ സ്വകാര്യത ലംഘിച്ച വലിയ തെറ്റാണെന്നു അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റിന്റെ അനുമതിയില്ലാതെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കു ഫീസ് ചുമത്താനുള്ള ഒരു നടപടിയും ഉണ്ടാകില്ലെന്നു കേന്ദ്രസര്‍ക്കാര്‍ സഭയില്‍ ഉറപ്പു നല്‍കണമെന്നും ഡെറിക് ആവശ്യപ്പെട്ടു.


പ്രശ്നത്തിന്റെ സങ്കീര്‍ണതകളെക്കുറിച്ചു പഠിക്കാന്‍ ജനുവരിയില്‍ തന്നെ പ്രത്യേക സമിതിയെ നിയോഗിച്ചതായി മന്ത്രി രവിശങ്കര്‍ വിശദീകരിച്ചു. ഈ മാസാവസാനത്തോടെ സമിതിയുടെ റിപ്പോര്‍ട്ട് ലഭിക്കും. ഇതു കിട്ടിയാലുടന്‍ കേന്ദ്രമന്ത്രിസഭ ചര്‍ച്ച ചെയ്തു മാത്രമാകും തീരുമാനം. ഇന്റര്‍നെറ്റ് നിഷ്പക്ഷതയും ജനങ്ങളുടെ സ്വാതന്ത്യ്രവും ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി അവകാശപ്പെട്ടു.

എന്നാല്‍, ലോകത്തിലെ 86 രാജ്യങ്ങളില്‍ നടത്തിയ പഠനത്തില്‍ 74 ശതമാനത്തിലും വ്യക്തവും ഫലപ്രദവുമായ ഇന്റര്‍നെറ്റ് നിഷ്പക്ഷത ഇല്ലെന്നാണു കണ്െടത്തിയതെന്നു കേന്ദ്രമന്ത്രി പറഞ്ഞു. ഈ പേരുപറഞ്ഞു നെറ്റ് ന്യൂട്രാലിറ്റി ഉറപ്പാക്കുന്ന നിയമത്തില്‍ നിന്നു കേന്ദ്രം പിന്നോക്കം പോകരുതെന്നു കക്ഷിഭേദമന്യേ എംപിമാര്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ പാര്‍ലമെന്റില്‍ ഏകസ്വരമുണ്ടായതില്‍ പ്രഫ. പി.ജെ. കുര്യന്‍ എംപിമാരെ അഭിനന്ദിച്ചു.

കോണ്‍ഗ്രസ്, ബിജെപി, ശിവസേന, സിപിഎം, തൃണമൂല്‍, ഡിഎംകെ തുടങ്ങിയ എല്ലാ പാര്‍ട്ടികളും ഏകസ്വരത്തിലാണ് ഇന്റര്‍നെറ്റ് സ്വാതന്ത്യ്രത്തിനായി രാജ്യസഭയില്‍ പോരാടിയത്. ഇപ്പോള്‍ ലഭിക്കുന്ന വൈദ്യുതി, വെള്ളം തുടങ്ങിയവയ്ക്കു തുക ഈടാക്കുന്നതിനു പകരം അടുക്കളയില്‍ ഉപയോഗിക്കുന്നതിനും കുളിമുറിയില്‍ ഉപയോഗിക്കുന്നതിനും വ്യത്യസ്ത നിരക്ക് ഈടാക്കുന്നതു പോലെ അബദ്ധ ജടിലമാണ് ഇന്റര്‍നെറ്റിലെ ഓരോ സേവനത്തിനും പ്രത്യേക ഫീസ് ചുമത്താനുള്ള ശ്രമമെന്നും എംപിമാര്‍ ചൂണ്ടിക്കാട്ടി.

അശോക് ഗാംഗുലി, കനിമൊഴി, ഋഥബ്രത ബാനര്‍ജി, വിവേക് ഗുപ്ത, രാജീവ് ഗൌഡ തുടങ്ങിയ എംപിമാരും ഇന്റര്‍നെറ്റ് നിയന്ത്രണ നീക്കത്തിനെതിരേ കടുത്ത സ്വരത്തില്‍ വിമര്‍ശനം ഉയര്‍ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.