ജിഎസ്ടി: പ്രതിപക്ഷ ആവശ്യം സര്‍ക്കാര്‍ തള്ളി
Wednesday, May 6, 2015 11:51 PM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ചരക്ക് സേവന നികുതി (ജിഎസ്ടി) ഏകീകരിക്കാനുള്ള ഭരണഘടനാ ഭേദഗതി ബില്‍ പാര്‍ലമെന്റിന്റെ സ്റാന്‍ഡിംഗ് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സര്‍ക്കാര്‍ തള്ളി.

സ്റാന്‍ഡിംഗ് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിട്ടാല്‍ രണ്ടു രണ്ടര വര്‍ഷം കാലതാമസമുണ്ടാകുമെന്നും അത് ജിഎസ്ടി നടപ്പിലാക്കുന്നതു വൈകിപ്പിക്കാനിടയാക്കുമെന്നും വ്യക്തമാക്കിയ ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി, ബില്‍ പാസാക്കുന്നതിനായി താന്‍ യാചിക്കുകയാണെന്നും ലോക്സഭയില്‍ പറഞ്ഞു. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് തുടരുന്നതിനിടെ ഏകീകൃത ചരക്ക് സേവന നികുതി ഏര്‍പ്പെടുത്താനുള്ള ഭരണഘടനാ ഭേദഗതി ബില്‍ ഇന്ന് ലോക്സഭയില്‍ വോട്ടിനിടും.

സംസ്ഥാന ധനമന്ത്രിമാരുടെ യോഗം ചര്‍ച്ച ചെയ്ത് രൂപീകരിച്ചതാണെങ്കിലും സര്‍ക്കാര്‍ ഓരോ ദിവസവും പുതിയ ഭേദഗതികള്‍ കൊണ്ടുവരികയാണെന്നു ചൂണ്ടിക്കാട്ടിയാണ് ബില്‍ പഠിക്കുന്നതിനായി സ്റാന്‍ഡിംഗ് കമ്മിറ്റിക്ക് വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. കോണ്‍ഗ്രസും ബിജെഡി, സിപിഎം, എഐഎഡിഎംകെ തുടങ്ങിയ പാര്‍ട്ടികളാണ് ഈ ആവശ്യം മുഖ്യമായും ഉന്നയിച്ചത്. ബില്ലിന്റെ രൂപീകരണം യുപിഎ സര്‍ക്കാരാണ് നടത്തിയതെങ്കിലും ബിജെപി സര്‍ക്കാര്‍ ഇതിന്റെ ഘടനകള്‍ തന്നെ മാറ്റിയതായി ചര്‍ച്ചയില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാവ് വീരപ്പ മൊയ്ലി ആരോപിച്ചു.

എന്നാല്‍, രണ്ടര വര്‍ഷം സ്റാന്‍ഡിംഗ് കമ്മിറ്റി പഠനം നടത്തി തയാറാക്കിയ ബില്‍ വീണ്ടും സ്റാന്‍ഡിംഗ് കമ്മിറ്റിക്ക് അയയ്ക്കുന്നത് ജിഎസ്ടി നടപ്പാക്കുന്നതു വൈകിക്കാന്‍ മാത്രമേ സഹായിക്കൂവെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി വ്യക്തമാക്കി. അങ്ങനെയുണ്ടായാല്‍ 2016ല്‍ ജിഎസ്ടി നടപ്പിലാക്കണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യം നടപ്പിലാക്കാന്‍ കഴിയാതാവും. സംസ്ഥാനങ്ങള്‍ ഇതു നടപ്പിലാക്കാന്‍ തയാറാണെങ്കില്‍ നമ്മള്‍ അതിനെ വൈകിപ്പിക്കുന്നതെന്തിനാണെന്നും ജയ്റ്റ്ലി ചോദിച്ചു. മന്ത്രിയുടെ വിശദീകരണം അംഗീകരിച്ച ഡപ്യൂട്ടി സ്പീക്കര്‍ തമ്പിദുരൈ, ബില്‍ വീണ്ടും സ്റാന്‍ഡിംഗ് കമ്മിറ്റിക്കു വിടേണ്ടതില്ലെന്നു റൂളിംഗ് നല്‍കി.


ഭരണഘടനാ ഭേദഗതി ബില്‍ പാസാകണമെങ്കില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിന്റെ പിന്തുണ വേണം. തനിച്ച് കേവല ഭൂരിപക്ഷമുള്ള ബിജെപി, എന്‍ഡിഎ ഘടകകക്ഷികള്‍ക്കു പുറമേ, തൃണമൂല്‍ കോണ്‍ഗ്രസും ജിഎസ്ടിക്ക് പരസ്യ പിന്തുണ അറിയിച്ചിട്ടുണ്ട്. സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം ഉന്നയിക്കുന്നുണ്െടങ്കിലും ബില്‍ വോട്ടിനിട്ടാല്‍ ബിജെഡി, എഐഎഡിഎംകെ തുടങ്ങിയ സര്‍ക്കാര്‍ അനുകൂല പാര്‍ട്ടികള്‍ ബില്ലിനെ അനുകൂലിക്കാനാണ് സാധ്യത. എങ്കില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഉറപ്പാക്കാന്‍ കഴിയും.

വോട്ടെടുപ്പ് വരുമ്പോള്‍ കോണ്‍ഗ്രസ് എന്തുനിലപാട് സ്വീകരിക്കുമെന്ന കാര്യത്തിലും വ്യക്തതയുണ്ടായിട്ടില്ല. ലോക്സഭയില്‍ കോണ്‍ഗ്രസ് എതിര്‍ത്താലും ബില്‍ പാസാകുമെങ്കിലും രാജ്യസഭയില സ്ഥിതി അതല്ല.

രാജ്യസഭയില്‍ ഏറ്റവും വലിയ പാര്‍ട്ടിയായ കോണ്‍ഗ്രസ് ഉടക്കിയാല്‍ ഭരണഘടനാ ഭേദഗതി പാസാകില്ല. ബജറ്റ് സമ്മേളനം അവസാനിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം അവശേഷിക്കുന്നുള്ളു എന്നതിനാല്‍ ഇത്തവണ ഈ ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ച് പാസാക്കുന്ന കാര്യത്തിലും ഉറപ്പില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.