ചരക്കു സേവന നികുതി ബില്ലില്‍ പ്രേമചന്ദ്രന്റെ ഇടപെടല്‍ ശ്രദ്ധേയമായി
Wednesday, May 6, 2015 11:24 PM IST
പ്രത്യേക ലേഖകന്‍

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെയും പ്രഗത്ഭനായ ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയെയും വെട്ടിലാക്കി ലോക്സഭയില്‍ എന്‍.കെ. പ്രേമചന്ദ്രന്റെ ഇടപെടല്‍. ചരക്കു സേവന നികുതിക്കായുള്ള ഭരണഘടനാ ഭേദഗതി ബില്ലിലെ ചില വകുപ്പുകള്‍ പാര്‍ലമെന്റിന്റെ അധികാരം പരിമിതപ്പെടുത്തുന്നതാണെന്ന പ്രേമചന്ദ്രന്റെ വാദമാണു ഭരണപക്ഷത്തിന്റെ പോലും പ്രശംസ നേടിയത്.

ചരക്കു സേവന നികുതിക്കായുള്ള 122-ാം ഭരണഘടനാ ഭേദഗതി ബില്‍ അവതരണ വേളയിലാണു പ്രേമചന്ദ്രന്‍ നിയമപ്രശ്നം അവതരിപ്പിച്ചത്. ഭരണഘടനാ ഭേദഗതി നിയമം നടപ്പാക്കുന്നതില്‍ ബുദ്ധിമുണ്ടായാല്‍ രാഷ്ട്രപതിക്കു ഭരണഘടനാ വകുപ്പുകള്‍ ഭേദഗതി ചെയ്യാന്‍ അവസരം നല്‍കുന്ന ബില്ലിലെ 21-ാം വകുപ്പ് പാര്‍ലമെന്റിന്റെ അവകാശത്തിന്‍ മേലുളള കൈയേറ്റമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭരണഘടനയുടെ 368, 392 എന്നീ അനുച്ഛേദങ്ങള്‍ അനുസരിച്ചു ഭരണഘടന ഭേദഗതി ചെയ്യാനുള്ള അധികാരം പാര്‍ലമെന്റില്‍ മാത്രം നിക്ഷിപ്തമാണെന്നു പ്രേമചന്ദ്രന്‍ വാദിച്ചു. 1951നു ശേഷം ഉണ്ടായിട്ടുളള ഭരണഘടനാ നിയമങ്ങളില്‍ 1976ല്‍ അടിയന്തരാവസ്ഥക്കാലത്തെ 42-ാം ഭരണഘടനാ ഭേദഗതി നിയമത്തില്‍ മാത്രമാണ് ഇത്തരമൊരു അധികാരം രാഷ്ട്രപതിക്കു നല്‍കിയത്. 1978ലെ 44-ാം ഭരണഘടനാ ഭേദഗതി നിയമത്തിലൂടെ ഈ അധികാരം റദ്ദു ചെയ്തിരുന്നു.

നിയമത്തിലെ അപാകതകള്‍ പരിഹരിക്കാനും വ്യക്തമാക്കാനുമാണു രാഷ്ട്രപതിക്ക് അധികാരം നല്‍കിയതെന്നും എല്ലാ നിയമനിര്‍മാണങ്ങളിലും ഈ കീഴ്വഴക്കം ഉണ്െടന്നുമാണു ബില്‍ അവതരിപ്പിച്ച മന്ത്രി ജെയ്റ്റ്ലി വാദിച്ചു. ഭരണഘടന രൂപീകരിച്ചപ്പോള്‍ തന്നെ 392-ാം അനുച്ഛേദം അനുസരിച്ച് ഇത്തരമൊരു അധികാരം രാഷ്ട്രപതിക്കു നല്‍കിയിട്ടുണ്െടന്നും ധനമന്ത്രി വാദിച്ചു. ഭരണഘടനയുടെ 370-ാം അനുച്ഛേദത്തിലും ഭരണഘടന ഭേദഗതി ചെയ്യാന്‍ രാഷ്ട്രപതിക്ക് അവകാശം നല്‍കിയിട്ടുണ്െടന്നും ജെയറ്റ്ലി പറഞ്ഞു.


എന്നാല്‍ 392 അനുസരിച്ചു രാഷ്ട്രപതിക്കുള്ള അധികാരം പാര്‍ലമെന്റ് നിലവില്‍ വരുന്നതുവരെ മാത്രമാണെന്നും പ്രസ്തുത അനുച്ഛേദത്തില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്െടന്നുമായിരുന്നു പ്രേമചന്ദ്രന്റെ മറുവാദം. ധനമന്ത്രി പറയുന്ന 370-ാം വകുപ്പു ജമ്മു കാഷ്മീരിനു മാത്രം ബാധകമാകുന്ന പ്രത്യേക അധികാരമാണെന്നും പ്രേമചന്ദ്രന്‍ തിരിച്ചടിച്ചു.

ഭരണഘടനാ ഭേദഗതി നിയമത്തിന്റെ നിയമസാധുത കോടതിക്കു പരിശോധിക്കാവുന്നതാണെന്നു ഡെപ്യൂട്ടി സ്പീക്കര്‍ എം. തമ്പിദുരൈ തുടര്‍ന്ന് റൂളിംഗ് നല്‍കിയതോടെയാണു തര്‍ക്കത്തിനു താത്കാലിക പരിഹാരമുണ്ടായത്. കഴിഞ്ഞയാഴ്ച ധനബില്ലിന്റെ അവതരണത്തിനെതിരേയും ഇതേപോലെ ഭരണഘടനാ വ്യവസ്ഥകളും നിയമങ്ങളും ചട്ടങ്ങളും കീഴ്വഴക്കങ്ങളും ഉദ്ധരിച്ചു പ്രേമചന്ദ്രന്‍ ഉയര്‍ത്തിയ ക്രമപ്രശ്നം മുതിര്‍ന്ന എംപിമാരുടെ പോലും കൈയടി നേടിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.