മീനാകുമാരി റിപ്പോര്‍ട്ടില്‍നിന്നു സര്‍ക്കാര്‍ പിന്‍മാറണമെന്നു മുല്ലപ്പള്ളി
മീനാകുമാരി റിപ്പോര്‍ട്ടില്‍നിന്നു സര്‍ക്കാര്‍ പിന്‍മാറണമെന്നു മുല്ലപ്പള്ളി
Thursday, May 7, 2015 12:34 AM IST
ന്യൂഡല്‍ഹി: ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ഡോ. മീനാകുമാരി റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍നിന്നും സര്‍ക്കാര്‍ പിന്‍മാറണമെന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി ലോക്സഭയില്‍ ആവശ്യപ്പെട്ടു.

റിപ്പോര്‍ട്ടു നടപ്പാക്കിയാല്‍ രാജ്യത്തെ തീരദേശ മേഖലയിലെ ലക്ഷക്കണക്കിനു മത്സ്യതൊഴിലാളികളുടെ ജീവിതം വഴി മുട്ടും. സമുദ്ര സമ്പത്ത് കോര്‍പറേറ്റുകള്‍ക്കും വിദേശകുത്തക കള്‍ക്കും തീറെഴുതാനുള്ള നീക്കമാണിത്. വിദേശ ട്രോളറുകള്‍ക്കു നിര്‍ബാധം ഇന്ത്യന്‍ തീരത്ത് അനുമതി നല്‍കുന്നതു രാജ്യ സുരക്ഷയ്ക്കു ഭീഷണിയാകുമെന്നും അദ്ദേഹം ശൂന്യവേളയില്‍ ചൂണ്ടിക്കാട്ടി.

തീരദേശ മേഖലയെ പ്രതിനിധാനം ചെയ്യുന്ന എം.പിമാര്‍ പാര്‍ട്ടിഭേദമെന്യേ പാര്‍ലമെന്റിനകത്തും പുറത്തും ഇതിനെതിരേ ശബ്ദമുയര്‍ത്തുകയും കേന്ദ്രകൃഷിമന്ത്രി ഇതു സംബന്ധിച്ച് എംപിമാരുടെ യോഗം വിളിച്ചിരുന്നു.


എന്നാല്‍, മന്ത്രി നല്‍കിയ ഉറപ്പുകളൊന്നും പാലിക്കപ്പെട്ടില്ല. ഇതിനിടെ രണ്ടു മാസത്തേക്കു മത്സ്യബന്ധനം നിരോധിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സ്ഥിതിഗതികള്‍ കൂടുതല്‍ ഗുരുതരമാക്കി.

റിപ്പോര്‍ട്ടില്‍ അന്തിമ തീരുമാനമെടുക്കുന്നതിനു മുന്‍പായി ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം ഉടനടി വിളിച്ചു ചേര്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.