ദാവൂദ് വിഷയത്തില്‍ സര്‍ക്കാര്‍ രാജ്യത്തിന്റെ മാനം കെടുത്തിയെന്നു പ്രതിപക്ഷം
Thursday, May 7, 2015 12:15 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: പിടികിട്ടാപ്പുള്ളി ദാവൂദ് ഇബ്രാഹിമിനെക്കുറിച്ചറിയില്ലെന്നു പറഞ്ഞ നരേന്ദ്ര മോദി സര്‍ക്കാര്‍ ഇന്ത്യയുടെ പ്രതിഛായ കളങ്കപ്പെടുത്തുകയാണെന്നു കോണ്‍ഗ്രസ്. ഇതിനു മുമ്പുള്ള സര്‍ക്കാരുകള്‍ ദാവൂദിന്റെ ഒളിയിടം പാക്കിസ്ഥാനിലാണെന്നു കണ്െടത്തിയിട്ടും സര്‍ക്കാര്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത് അപലപനീയമാണെന്നും പ്രതിപക്ഷം ഇന്നലെ രാജ്യസഭയില്‍ ആരോപിച്ചു. വിഷയത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി പാര്‍ലമെന്റിന്റെ ഇരു സഭകളിലും വിശദീകരണം നല്‍കണമെന്നും പ്രതിപക്ഷം ആരോപിച്ചു.

ശൂന്യവേളയില്‍ രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദാണ് ഇന്നലെ വിഷയം ഉന്നയിച്ചത്. 1993ലെ മുംബൈ സ്ഫോടനത്തില്‍ ദാവൂദ് കുറ്റക്കാരനാണെന്നു കണ്െടത്തിയിരുന്നു. ദാവൂദ് പാക്കിസ്ഥാനില്‍ ഒളിവിലാണെന്ന് ഇതിനു മുമ്പ് അധികാരത്തിലിരുന്ന കോണ്‍ഗ്രസ്, കോണ്‍ഗ്രസ് ഇതര സര്‍ക്കാരുകള്‍ക്കു വ്യക്തമായിരുന്നു. ഇന്ത്യയുടെ ഇന്റലിജന്‍സ് ഏജന്‍സികള്‍ ദാവൂദിന്റെ പാക്കിസ്ഥാനിലെ വീടുവരെ കണ്െടത്തിയതാണ്.


കഴിഞ്ഞ തെരഞ്ഞുെടുപ്പു കാലത്ത് ദാവൂദിനെ പാക്കിസ്ഥാനില്‍ നിന്ന് അറസ്റു ചെയ്തുകൊണ്ടു വരാത്തതു യുപിഎ സര്‍ക്കാരിന്റെ കഴിവുകേടെന്ന രീതിയില്‍ ബിജെപി പ്രചാരണം നടത്തിയതും ആസാദ് ചൂണ്ടിക്കാട്ടി. സിപിഎം നേതാവ് സീതാറാം യെച്ചൂരിയും വിഷയത്തില്‍ ആഭ്യന്തരമന്ത്രി പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ടു. തുടര്‍ന്ന് ആഭ്യന്തരമന്ത്രി മറുപടി നല്‍കുമെന്നു പാര്‍ലമെന്ററികാര്യ സഹമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി ഉറപ്പു നല്‍കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.