ബിജെപിക്കെതിരേ പോരാടാന്‍ മാഞ്ജിക്ക് ലാലുവിന്റെ ക്ഷണം
Friday, May 22, 2015 12:13 AM IST
പാറ്റ്ന: ബിജെപിയുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരേ ഒന്നിച്ചു പോരാടാന്‍ മുന്‍മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ജിക്ക് ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ ക്ഷണം. സമാജ്വാദി പാര്‍ട്ടിയുടെ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ എതിരാളിയാണെങ്കിലും ജനനന്മയ്ക്കുവേണ്ടി ബൃഹത്തായ മുന്നണി രൂപീകരിക്കേണ്ടതുണ്ട്. അതിന് എല്ലാവരും വൈരംമറന്ന് ഒന്നിക്കണമെന്നു ലാലു പ്രസാദ് പറഞ്ഞു.

എന്നാല്‍, ജനതാദള്‍ (യു) ഇത് സ്വാഗതം ചെയ്തിട്ടില്ല. ബിജെപിയുമായി അടുപ്പമുള്ള മാഞ്ജിക്ക് ജനതാ പാര്‍ട്ടികളുടെ ലയനപരിപാടിയില്‍ യാതൊരു സ്ഥാനവുമില്ലെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ബാസിത നാരായണ്‍ സിംഗ് വ്യക്തമാക്കി. സമാജ്വാദി പാര്‍ട്ടി നേതാവ് നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനത്തേക്ക് അവരോധിച്ച വ്യക്തിയാണ് മാഞ്ജി. പക്ഷേ അദ്ദേഹം ബിജെപിയുടെ കയ്യിലെ വെറും ചട്ടുകമായി പരിണമിക്കുകയായിരുന്നുവെന്ന് ബിഹാര്‍ ജെഡി(യു) വക്താവ് നീരജ് കുമാര്‍ ചൂണ്ടിക്കാട്ടി. ഇതേസമയം, ലാലുവിന്റെ ക്ഷണത്തെ മാഞ്ജിയോട് വളരെഅടുപ്പമുള്ള നേതാവായ ബ്രിഷന്‍ പട്ടേല്‍ സ്വാഗതം ചെയ്തു. എന്നാല്‍ നിതീഷ് കുമാര്‍ ഉള്‍പ്പെടുന്ന പാര്‍ട്ടിയോടൊപ്പം നില്‍ക്കാന്‍ മാഞ്ജി ഒരുകാരണവശാലും തയാറാവില്ലെന്നു പട്ടേല്‍ വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.