ബിജു വര്‍ഗീസിന്റെ കൊലപാതകം: ഒരാള്‍ അറസ്റില്‍
Friday, May 22, 2015 12:09 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: മലയാളി ബിസിനസുകാരന്‍ ബിജു വര്‍ഗീസിനെ ഡല്‍ഹിയില്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ് ചെയ്തു. കേസിലെ പ്രധാന പ്രതിയെന്നു പോലീസ് പറയുന്ന ഡല്‍ഹി സ്വദേശി ബേബി എന്ന സണ്ണി സൈമണ്‍ (27) ആണു പിടിയിലായത്. കൊലപാതകം നടന്ന കനോട്ട് പ്ളേസിലെ ശങ്കര്‍ മാര്‍ക്കറ്റിന് സമീപത്തെ റെയില്‍വേ കോളനിയില്‍ താമസിക്കുന്ന ഇയാള്‍ കുറ്റം സമ്മതിച്ചെന്നു ഈസ്റ് ഡല്‍ഹി ഡെപ്യൂട്ടി കമ്മിഷണര്‍ അജയ് കുമാര്‍ അറിയിച്ചു. പ്രതി മലയാളി അല്ലെന്നും കമ്മിഷണര്‍ അറിയിച്ചു.

ശങ്കര്‍ മാര്‍ക്കറ്റില്‍ നടന്ന സ്ഫോടനം, മാനഭംഗം തുടങ്ങിയ അഞ്ചോളം കേസുകളില്‍ പ്രതിയാണു സണ്ണി. ഇയാളെ വിവേക് വിഹാറിലെ സുരാജ്മാള്‍ പാര്‍ക്കില്‍ വച്ചാണ് ഇന്നലെ രാവിലെ പിടികൂടിയത്. കൊലയ്ക്കു പിന്നിലെ കാരണം പോലീസ് വെളിപ്പെടുത്തിയില്ല. സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച മറ്റു മൂന്ന് പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ബുറാഡി സ്വദേശി സൌരവ്, ദര്യഗഞ്ച് സ്വദേശി സതീഷ്, തിലക് ബ്രിഡ്ജ് സ്വദേശി ബാബു എന്നിവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്െടന്നും പോലീസ് അറിയിച്ചു. ചൊവ്വാഴ്ച രാത്രി ശങ്കര്‍ മാര്‍ക്കറ്റിലെ കൊറിയര്‍ സര്‍വീസ് സ്ഥാപനത്തിനു മുന്നില്‍ വച്ചാണു കോട്ടയം പരിപ്പ് സ്വദേശിയായ ബിജു വര്‍ഗീസിനെ നാലംഗ സംഘം അടിച്ചുകൊന്നത്. സതീഷും സൌരവും ബിജു വര്‍ഗീസിനെ പിടിച്ചുവച്ചപ്പോള്‍ താനും ബാബുവും ചേര്‍ന്നാണു മര്‍ദ്ദിച്ചതെന്ന് സണ്ണി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ബിജുവിനെ ഹെല്‍മറ്റ് ഉപയോഗിച്ച് അടിച്ചത് താനാണെന്നും കൊല്ലാനാണ് മര്‍ദിച്ചതെന്നും സണ്ണി പറഞ്ഞതായി പോലീസ് പറഞ്ഞു.


ഇതിനിടെ, ബിജു വര്‍ഗീസിന്റെ മൃതദേഹം ഇന്നലെ നാട്ടിലെത്തിച്ചു. രാവിലെ 10.45ന് നെടുമ്പാശേരിയില്‍ കൊണ്ടുവന്ന മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി കാരിത്താസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

സംസ്കാരം നാളെ രാവിലെ 10ന് ഐക്കരച്ചിറ സെന്റ് ജോര്‍ജ് പള്ളിയില്‍. ഇന്നു വൈകുന്നരം അഞ്ചിന് മൃതദേഹം വീട്ടില്‍ കൊണ്ടുവരും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.