ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി: കേന്ദ്രം വീഴ്ച വരുത്തിയെന്നു രാഹുല്‍
ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി: കേന്ദ്രം വീഴ്ച വരുത്തിയെന്നു രാഹുല്‍
Sunday, May 24, 2015 11:36 PM IST
ന്യൂഡല്‍ഹി: വിമുക്തഭടന്‍മാര്‍ക്ക് ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി നടപ്പാക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ വന്‍ വീഴ്ച വരുത്തിയെന്നു കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി നടപ്പാക്കുമെന്ന ലോക്സഭാ തെരഞ്ഞെടുപ്പു വേളയിലെ നരേന്ദ്ര മോദിയുടെ പ്രഖ്യാപനം പാഴ്വാക്കായിരുന്നു. പദ്ധതി നടപ്പാക്കുന്നതിനാവശ്യമായ തുക യുപിഎ സര്‍ക്കാര്‍ വകയിരുത്തിയിരുന്നു.

എന്നാല്‍, എന്‍ഡിഎ സര്‍ക്കാര്‍ ഈ വിഷയത്തില്‍ അലംഭാവം കാണിച്ചെന്നും വിമുക്ത ഭടന്മാരുമായും സൈനികരുടെ വിധവകളുമായും നടത്തിയ ചര്‍ച്ചയ്ക്കിടെ രാഹുല്‍ കുറ്റപ്പെടുത്തി. പദ്ധതി നടപ്പാക്കുന്നതിനായി സമ്മര്‍ദം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു.


ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതിയുടെ ആനുകൂല്യം എപ്പോള്‍ മുതല്‍ വിമുക്ത ഭടന്മാര്‍ക്കു ലഭിക്കുമെന്നു കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണമെന്നു മുന്‍ പ്രതിരോധമന്ത്രി എ.കെ. ആന്റണിയും ആവശ്യപ്പെട്ടു. പദ്ധതി നടപ്പാക്കുന്നതില്‍ കുറ്റകരമായ വീഴ്ചയാണു കേന്ദ്രസര്‍ക്കാര്‍ വരുത്തിയിരിക്കുന്നത്. പ്രതിരോധവിഹിതം കേന്ദ്രസര്‍ക്കാര്‍ വന്‍തോതില്‍ വെട്ടിക്കുറച്ചുവെന്നും മുന്‍ പ്രതിരോധമന്ത്രികൂടിയായ ആന്റണി ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.