ഞാന്‍ പ്രധാന കാവല്‍ക്കാരന്‍ മാത്രം: മോദി
ഞാന്‍ പ്രധാന കാവല്‍ക്കാരന്‍ മാത്രം: മോദി
Tuesday, May 26, 2015 12:10 AM IST
സെബി മാത്യു

ന്യൂഡല്‍ഹി: പുതിയ പദ്ധതികളൊന്നും പ്രഖ്യാപിക്കാതെ എന്‍ഡിഎ സര്‍ക്കാരിന്റെ മഥുരയില്‍ നടന്ന ഒന്നാം വാര്‍ഷികാഘോഷ വേദിയില്‍ യുപിഎയ്ക്കെതിരേ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രൂക്ഷ വിമര്‍ശനം. ഒരു വര്‍ഷത്തിനുള്ളില്‍ തന്റെ സര്‍ക്കാര്‍ കൈവരിച്ച നേട്ടങ്ങള്‍ എണ്ണിയെണ്ണിപ്പറഞ്ഞുകൊണ്ടാണു മോദി എന്‍ഡിഎ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങള്‍ക്കു മഥുരയിലെ ചന്ദ്രബാനില്‍ തുടക്കംകുറിച്ചത്. താന്‍ പ്രധാനമന്ത്രിയല്ലെന്നും രാജ്യത്തിന്റെ പ്രധാന കാവല്‍ക്കാരനാണെന്നും പറഞ്ഞാണു മോദി മഥുരയില്‍ ഒത്തുകൂടിയ പാര്‍ട്ടി പ്രവര്‍ത്തകരുടെ കൈയടി വാങ്ങിയത്. പ്രധാനമന്ത്രിയല്ല പ്രധാനസന്ത്രി (കാവല്‍ക്കാരന്‍) ആണെന്നായിരുന്നു മോദിയുടെ പ്രഖ്യാപനം.

ഒരുവര്‍ഷം കൂടി യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ ഉണ്ടായിരുന്നെങ്കില്‍ എന്തു സംഭവിക്കുമായിരുന്നെന്നു ചിന്തിക്കാന്‍കൂടി കഴിയുന്നില്ല. യുപിഎ സര്‍ക്കാരിന്റെ കാലത്തു രാജ്യത്ത് അഴിമതി മാത്രമാണുണ്ടായിരുന്നത്. രാജ്യത്ത് നല്ല നാളുകള്‍ വന്നു കഴിഞ്ഞു. എന്നാല്‍, താന്‍ വാഗ്ദാനം ചെയ്ത അഛേ ദിന്‍ രാജ്യത്തെ കൊള്ളയടിച്ചവര്‍ക്കുള്ളതല്ല. തങ്ങള്‍ അധികാരത്തിലെത്തിയപ്പോള്‍ ചിലരുടെ കാലം മോശമായി. അവരാണു ബഹളമുണ്ടാക്കുന്നത്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് എങ്ങും അഴിമതിയെക്കുറിച്ചു മാത്രമായിരുന്നു കേള്‍ക്കാനുണ്ടായിരുന്നത്. രാജ്യത്തെ കല്‍ക്കരിസമ്പത്ത് കൊള്ളയടിക്കാന്‍ അവര്‍ കൂട്ടുനിന്നു. എന്നാല്‍, ഇന്നു സ്ഥിതി മാറിയിരിക്കുന്നു.

ഡല്‍ഹിയിലെ അധികാര ദല്ലാള്‍മാരെ പൂര്‍ണമായും ഒഴിവാക്കാന്‍ തങ്ങളുടെ ഭരണകാലത്തു കഴിഞ്ഞെന്നും മോദി അവകാശപ്പെട്ടു. എന്നാല്‍, വിമുക്ത ഭടന്‍മാര്‍ക്ക് ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി പ്രഖ്യാപിക്കുമെന്നു സൂചനകളുണ്ടായിരുന്നെങ്കിലും ഇത്തരത്തിലുള്ള ഒരു പ്രഖ്യാപനവും ഇന്നലെ നരേന്ദ്ര മോദി നടത്തിയില്ല. റിമോട്ട് കണ്‍ട്രോള്‍ ഭരണം തുടങ്ങിയ പ്രയോഗങ്ങള്‍ക്കിടെ മന്‍മോഹന്‍ സിംഗിനെയും റോബര്‍ട്ട് വധേരയെയും മോദി പരോക്ഷമായി വിമര്‍ശിച്ചു.

30 വര്‍ഷങ്ങള്‍ക്കു ശേഷമാണു വ്യക്തമായ ഭൂരിപക്ഷമുള്ള ഒരു സര്‍ക്കാരിനെ നിങ്ങള്‍ തെരഞ്ഞെടുത്തത്. ആ സര്‍ക്കാര്‍ ഇന്ന് ഒരു വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. തന്റെ സര്‍ക്കാര്‍ പാവങ്ങളുടേതാണെന്നും പാവങ്ങള്‍ക്കുവേണ്ടിയാണ് എല്ലാ പ്രവര്‍ത്തങ്ങളുമെന്നും മോദി പറഞ്ഞു. പാവപ്പെട്ടവര്‍ക്കുവേണ്ടി നിലകൊള്ളുമെന്നായിരുന്നു അധികാരമേറ്റെടുത്ത ദിവസം താന്‍ ഉറപ്പു നല്‍കിയത്. മഹാത്മാ ഗാന്ധി, റാം മനോഹര്‍ ലോഹ്യ, ധീന്‍ ദയാല്‍ ഉപാധ്യായ എന്നിവരാണു പാവപ്പെട്ടവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ പ്രചോദനമേകിയത്. രാജ്യത്തെ പാവപ്പെട്ടവര്‍ക്കും കര്‍ഷകര്‍ക്കുംവേണ്ടി നിലകൊണ്ടു എന്നതായിരുന്നു ഈ മൂന്നു വ്യക്തിത്വങ്ങള്‍ക്കുമുണ്ടായിരുന്ന സമാനതയെന്നും മോദി പറഞ്ഞു.


രാജ്യത്ത് ഈയൊരു വര്‍ഷം കാര്യമായ മാറ്റങ്ങളാണുണ്ടായത്. ഈ മാറ്റങ്ങള്‍ കൊണ്ടുവന്നതിന്റെ കാരണക്കാരന്‍ താനല്ലെന്നും ജനങ്ങളാണെന്നും മോദി വ്യക്തമാക്കി. 2014ല്‍ തെരഞ്ഞെടുപ്പു നടന്നില്ലായിരുന്നുവെങ്കില്‍ ഒരു വര്‍ഷത്തിനുശേഷം ഇന്ത്യ തകരുമായിരുന്നുവെന്നും മോദി പറഞ്ഞു.

കല്‍ക്കരിപ്പാടം ലേലത്തിലൂടെ മൂന്നു ലക്ഷം കോടി രൂപയുടെ ലാഭം നേടി. പ്രകൃതിവിഭവങ്ങളില്‍ നിന്നുള്ള വരുമാനത്തിന്റെ പങ്ക് ആദിവാസികള്‍ക്കും ലഭ്യമാക്കും. അതിനായി പ്രത്യേക ഫൌണ്േടഷന്‍ രൂപീകരിക്കും. ജനങ്ങളുടെ സ്വത്ത് തട്ടിയെടുക്കാന്‍ ആരെയും അനുവദിക്കില്ല. 60 വര്‍ഷത്തിനുള്ളില്‍ മൂന്നു ലക്ഷം കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. ഇതിന് ഉത്തരവാദികളാരെന്ന് ഇവിടെ പറയുന്നില്ല.

രാജ്യത്തെ ഖജനാവു കൊള്ളയടിച്ചവരുടെയും ഡല്‍ഹിയില്‍ തമ്പടിച്ച അധികാര ദല്ലാള്‍മാരുടെയും കാലം കഴിഞ്ഞെന്നും മോദി പറഞ്ഞു. 12 കോടിയോളം പേര്‍ക്കു ഗ്യാസ് സബ്സിഡികള്‍ ബാങ്ക് അക്കൌണ്ടിലേക്കു നേരിട്ടെത്തി. പാവപ്പെട്ടവര്‍ക്ക് ബാങ്ക് അക്കൌണ്ട് യാഥാര്‍ഥ്യമായി. പാവപ്പെട്ടവര്‍ക്കു ബാങ്കുകളില്‍ പ്രവേശനം പോലും നിഷേധിച്ചിരുന്ന അവസ്ഥയ്ക്കാണ് ഇതോടെ മാറ്റമുണ്ടായത്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ അഴിമതിയെക്കുറിച്ചു കേട്ടിട്ടുപോലുമില്ലെന്നും മോദി അവകാശപ്പെട്ടു. പെന്‍ഷന്‍ ലഭ്യമാക്കുന്നത് കൂടുതല്‍ സുതാര്യമാക്കി. കാര്യക്ഷമമല്ലാത്ത പഴയ നിയമങ്ങളാണു രാജ്യത്തിന്റെ പുരോഗതിക്കു തടസം നില്‍ക്കുന്നതെന്നും ഓരോ ദിവസവും ഒരു നിയമം എന്ന നിലയില്‍ 1300 നിയമങ്ങള്‍ക്ക് അന്ത്യം കുറിക്കുമെന്നും മോദി പറഞ്ഞു.

വന്‍കിട കോര്‍പറേറ്റുകളേക്കാള്‍ രാജ്യത്തു തൊഴിലവസരങ്ങള്‍ ഉണ്ടാക്കുന്നതു ചെറുകിട വ്യവസായങ്ങളാണെന്നാണു മോദി ചൂണ്ടിക്കാട്ടിയത്. ലോകരാജ്യങ്ങള്‍ക്ക് ഇന്ത്യയിലുള്ള വിശ്വാസമാണ് ഇവിടെ നിക്ഷേപം നടത്താന്‍ പ്രേരിപ്പിക്കുന്നത്.

അടല്‍ പെന്‍ഷന്‍ യോജനയിലൂടെ ജനങ്ങളുടെ സാമൂഹിക സുരക്ഷ ഉറപ്പു വരുത്താനായി. പെന്‍ഷന്‍ ലഭിക്കുന്നതിനായി തങ്ങള്‍ ജീവിച്ചിരിക്കുന്നു എന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ട അവസ്ഥയ്ക്കു മാറ്റമുണ്ടായി.

ജനസംഘം നേതാവായിരുന്ന പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാധ്യയുടെ ജന്മസ്ഥലം എന്ന നിലയിലാണു സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങള്‍ക്കു ബിജെപി മഥുര വേദിയാക്കിയത്. ഏഴു ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ക്കു ജന്‍ കല്യാണ്‍ പര്‍വ് എന്നാണു പേരു നല്‍കിയിരിക്കുന്നത്. രാജ്യത്താകമാനം 250 വന്‍ റാലികളും 5000 പൊതുയോഗങ്ങളുമാണു ബിജെപി സംഘടിപ്പിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.