അധികാരം കൂടുതല്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെന്നു ഡല്‍ഹി ഹൈക്കോടതി
അധികാരം കൂടുതല്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെന്നു ഡല്‍ഹി ഹൈക്കോടതി
Tuesday, May 26, 2015 12:11 AM IST
സ്വന്തം ലേഖകന്‍


ന്യൂഡല്‍ഹി: ഡല്‍ഹിയിലെ അഴിമതിവിരുദ്ധസേന പ്രവര്‍ത്തിക്കേണ്ടതു സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലാണെന്നു ഡല്‍ഹി ഹൈക്കോടതി. ഡല്‍ഹി പോലീസിന്റെ ഉപവിഭാഗമെന്ന നിലയില്‍ ആന്റികറപ്ഷന്‍ ബ്രാഞ്ച് കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലാണെന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ നിലപാട് തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. കൈക്കൂലിക്കേസില്‍ പിടിയിലായ അനില്‍കുമാര്‍ എന്ന പോലീസ് കോണ്‍സ്റബിളിനെ അറസ്റ് ചെയ്യണമെന്ന ഡല്‍ഹി സര്‍ക്കാരിന്റെ നിര്‍ദേശം നടപ്പിലാക്കണമെന്നും കോടതി ഉത്തരവിട്ടു.

ഡല്‍ഹി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ പൂര്‍ണ നിയന്ത്രണം ലഫ്. ഗവര്‍ണര്‍ക്കാണെന്നും സര്‍വീസസ്, പബ്ളിക് ഓര്‍ഡര്‍, പോലീസ്, ഭൂമി എന്നിവയുമായി ബന്ധപ്പെട്ട വകുപ്പുകള്‍ ഗവര്‍ണറുടെ അധികാരത്തിലാണെന്നും ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം കഴിഞ്ഞയാഴ്ച വിജ്ഞാപനമിറക്കിയിരുന്നു. ഇതിനു പിന്നാലെയാണു കോടതി ഇതുമായി ബന്ധപ്പെട്ട് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ദേശീയ തലസ്ഥാനമാണെങ്കിലും ഭരണനിര്‍വഹണം രാഷ്ട്രപതി ലഫ്. ഗവര്‍ണര്‍ക്കു കൈമാറാത്തിടത്തോളം തെരഞ്ഞെടുപ്പിലൂടെ രൂപീകരിച്ച സര്‍ക്കാരിനാണ് അധികാരം. നിയമസഭയ്ക്കു നിയമം ഉണ്ടാക്കാനുള്ള അധികാരവുമുണ്ട്. അതുകൊണ്ടു തന്നെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനാണ് ലഫ്. ഗവര്‍ണറേക്കാ ള്‍ അധികാരമുള്ളതെന്നും ഹൈക്കോടതി വ്യക്തമാക്കി.


കൈക്കൂലിക്കേസില്‍ പിടിയിലായ പോലീസ് കോണ്‍സ്റബിളിനെ നിയമനടപടിക്കു വിധേയനാക്കുന്നതിന് ആന്റികറപ്ഷന്‍ ബ്രാഞ്ചിനോ ഡല്‍ഹി സര്‍ക്കാരിനോ അധികാരമില്ലെന്നു ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റീസ് വിപിന്‍ സംഘി അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.

ആന്റികറപ്ഷന്‍ ബ്രാഞ്ച് ഡല്‍ഹി പോലീസിന്റെയും ലഫ്. ഗവര്‍ണറുടെയും പരിധിക്കുള്ളിലാണെന്ന ഹര്‍ജിക്കാരുടെ വാദവും കോടതി പരിഗണിച്ചില്ല. പോലീസ് കോണ്‍സ്റ്റബിളിനെ അറസ്റ് ചെയ്യാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശം നടപ്പിലാക്കാന്‍ അഴിമതിവിരുദ്ധ സേനയ്ക്കു നിര്‍ദേശം നല്‍കിയ കോടതി, ഇയാളുടെ ജാമ്യാപേക്ഷയും തള്ളി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.