സര്‍ക്കാരിനെതിരേ അഴിമതിയൊന്നും ഉന്നയിക്കാനായിട്ടില്ലെന്ന് അമിത് ഷാ
സര്‍ക്കാരിനെതിരേ അഴിമതിയൊന്നും ഉന്നയിക്കാനായിട്ടില്ലെന്ന് അമിത് ഷാ
Wednesday, May 27, 2015 12:09 AM IST
ന്യൂഡല്‍ഹി: മോദി സര്‍ക്കാരിനെതിരേ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഒരു ചെറിയ അഴിമതി ആരോപണം പോലും ഉന്നയിക്കാനായിട്ടില്ലെന്നു ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. അഴിമതിക്കെതിരേ സര്‍ക്കാര്‍ എടുത്ത ശക്തമായ നടപടിയുടെ പ്രതിഫലനമാണിത്. സര്‍ക്കാരില്‍ ജനങ്ങള്‍ക്ക് വലിയ പ്രതീക്ഷയാണുള്ളതെന്നും നിര്‍ണായക വിഷയങ്ങളില്‍ തീരുമാനം നടപ്പിലാക്കാന്‍ ബിജെപിക്ക് 370 സീറ്റുകളെങ്കിലും ആവശ്യമാണെന്നും ഏകീകൃത സിവില്‍ കോഡ്, അയോധ്യയിലെ രാമക്ഷേത്രം, ജമ്മു കാഷ്മീറിന്റെ പ്രത്യേക പദവി എടുത്തുകളയല്‍ എന്നിവ ചൂണ്ടിക്കാട്ടി അമിത് ഷാ പറഞ്ഞു.

ബിജെപി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചു ഡല്‍ഹിയില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് അമിത് ഷാ സര്‍ക്കാരിന്റെ നേട്ടങ്ങളെക്കുറിച്ച് വിശദമാക്കിയത്. രാജ്യത്തെ ജനങ്ങള്‍ കഷ്ടപ്പെട്ട 10 വര്‍ഷങ്ങളാണ് കടന്നുപോയത്. ഇപ്പോള്‍ പുത്തന്‍ പ്രതീക്ഷ ഉദിച്ചിരിക്കുന്നു. പ്രധാനമന്ത്രിയുടെ ഓഫിസിനുമേല്‍ ജനങ്ങള്‍ക്കുണ്ടായിരുന്ന വിശ്വാസം വീണ്െടടുക്കാനായത് എന്‍ഡിഎ സര്‍ക്കാരിന്റെ വിജയമാണെന്നും ലോകം ഇന്ത്യയെ പ്രതീക്ഷയോടെയാണ് ഇപ്പോള്‍ നോക്കികാണുന്നതെന്നും ഷാ പറഞ്ഞു. കള്ളപ്പണം തിരികെ രാജ്യത്തേക്ക് കൊണ്ടുവരുമെന്ന ദൃഢനിശ്ചയം സര്‍ക്കാര്‍ എടുത്തു കഴിഞ്ഞതാണ്. കള്ളപ്പണം തടയാനായി നിയമം കൊണ്ടുവന്നു. എന്നാല്‍, ഇതിനായി കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ എന്താണു ചെയ്തതെന്നും അമിത് ഷാ ചോദിച്ചു.


പാവപ്പെട്ട ജനങ്ങളുടെ ഉന്നമനത്തിനായി ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിനു ചെയ്യാനായി. കര്‍ഷക ആത്മഹത്യകള്‍ തടയാന്‍ സര്‍ക്കാരിനു കഴിഞ്ഞതായും ഷാ അവകാശപ്പെട്ടു. ഡല്‍ഹി തെരഞ്ഞെടുപ്പിനു ശേഷം നടക്കുന്ന ബിഹാര്‍ തെരഞ്ഞെടുപ്പിനെ പാര്‍ട്ടി വളരെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. എല്ലാ തെരഞ്ഞെടുപ്പുകളും തന്നെ സംബന്ധിച്ചടത്തോളം വലിയൊരു പരീക്ഷയാണ്. ബിഹാര്‍ തെരഞ്ഞെടുപ്പും അങ്ങനെ തന്നെയാണ് കാണുന്നത്. ബിഹാറില്‍ പുതിയ കക്ഷികള്‍ക്കായി ബിജെപി വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്നും അമിത് ഷാ വ്യക്തമാക്കി. ലാലു പ്രസാദ് യാദവും നിതീഷ് കുമാറും ഒന്നിച്ച സാഹചര്യത്തില്‍ ജെഡിയുവില്‍ നിന്നു പുറത്താക്കപ്പെട്ട മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയെ കൂടെ നിര്‍ത്താനാണ് ബിജെപി കരുക്കള്‍ നീക്കുന്നതായും സൂചനയുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.