തിടുക്കത്തിലും രഹസ്യമായും വധശിക്ഷ നടപ്പാക്കരുതെന്നു സുപ്രീംകോടതി
തിടുക്കത്തിലും രഹസ്യമായും വധശിക്ഷ നടപ്പാക്കരുതെന്നു സുപ്രീംകോടതി
Friday, May 29, 2015 11:50 PM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: വധശിക്ഷയ്ക്കു വിധിക്കപ്പെട്ട കുറ്റവാളികള്‍ക്കും നിയമപരമായി ലഭിക്കേണ്ട എല്ലാ അവകാശങ്ങളും ലഭിക്കാന്‍ അര്‍ഹതയുള്ളവരാണെന്നു സുപ്രീം കോടതി. അവരുടെ ശിക്ഷ നടപ്പാക്കുന്നതു വരെ മറ്റു ജനങ്ങള്‍ക്കു ലഭിക്കുന്നതിനു തുല്യമായ മര്യാദ അര്‍ഹിക്കുന്നുണ്ട്. വധശിക്ഷയ്ക്കു വിധിക്കപ്പെട്ടതുകൊണ്ട് ഒരാളുടെ ജീവിക്കാനുള്ള അവകാശം അവസാനിക്കുന്നില്ല. അതിനാല്‍ തിടുക്കത്തിലും നടപടികള്‍ പൂര്‍ത്തിയാക്കാതെ രഹസ്യമായും ശിക്ഷ നടപ്പിലാക്കരുതെന്നും ജസ്റീസുമാരായ എ.കെ. സിക്രി, യു.യു. ലളിത് എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടു.

പത്തു മാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് അടക്കം ഒരു കുടുംബ ത്തിലെ ഏഴു പേരെ സ്വത്തിനു വേണ്ടി കൊലപ്പെടുത്തിയ കേസില്‍ ഷബ്നം, കാമുകന്‍ സലീം എന്നിവരുടെ വധശിക്ഷ നടപ്പിലാക്കാനുള്ള സെഷന്‍സ് കോട തിയുടെ വാറണ്ട് റദ്ദാക്കിക്കൊണ്ടാണു പരമോന്നത കോടതിയുടെ സുപ്രധാന വിധി. വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു എന്നതുകൊണ്ട് ആരുടെയും ജീവിക്കാനുള്ള അവകാശം അവസാനിക്കുന്നില്ലെന്നും ഭരണഘടന യുടെ 21-ാം അനുച്ഛേദം ചൂണ്ടിക്കാട്ടി കോടതി പറഞ്ഞു.

ആറു ദിവസത്തിനുള്ളില്‍ വധശിക്ഷ നടപ്പിലാക്കാനായിരുന്നു അമോര്‍ഹ സെഷന്‍സ് ജഡ്ജി ഉത്തരവിട്ടത്. എന്നാല്‍, നിയമപ രമായ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഇത് അപര്യാപ്തമാണെ ന്നു ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി പ്രതികള്‍ക്കു മതിയായ നിയമസഹായം ലഭിക്കുന്നതുവരെ കാത്തുനിന്നില്ലെന്നും ചൂണ്ടിക്കാട്ടി. വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവര്‍ക്കു സുപ്രീംകോടതി മുമ്പാകെ പുനഃപരിശോധനാ ഹര്‍ജി നല്‍കാവുന്നതാണ്. അതും തള്ളിയാല്‍ രാഷ്ട്രപതിക്കോ ഗവര്‍ണര്‍ക്കോ ദയാഹര്‍ജി സമര്‍പ്പിക്കാന്‍ അര്‍ഹതയുണ്െടന്നും കോടതി ചൂണ്ടിക്കാട്ടി. മേയ് 15നായിരുന്നു സുപ്രീം കോടതി കമിതാക്കളുടെ വധശിക്ഷ വിധിച്ചത്. എന്നാല്‍, വിധി വന്ന് ആറു ദിവസത്തിനുശേഷം ശിക്ഷ നടപ്പാക്കാന്‍ കീഴ്ക്കോടതി വാറണ്ട് അയയ്ക്കുകയായിരുന്നു. സുപ്രീംകോടതിയും വിധി ശരിവച്ചാല്‍ 30 ദിവസത്തിനുള്ളില്‍ പുനഃപരിശോധന ഹര്‍ജി നല്‍കാവുന്നതാണ്. അതിനുള്ള സമയം നല്‍കാതെയാണ് വിചാരണക്കോടതി വാറണ്ട് അയച്ചതെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. വധശിക്ഷ നടപ്പാക്കുന്നതിനുമുമ്പ് കുറ്റവാളികള്‍ക്കു ബന്ധുക്കളുമായി സംസാരിക്കാന്‍ അവസരമൊരുക്കണം. ആവശ്യമെങ്കില്‍ നിയമ സഹായം സജ്ജമാക്കണമെന്നും കോടതി നിര്‍ദേശിച്ചു.


വധശിക്ഷക്കെതിരേയുള്ള പുനഃപരിശോധനാ ഹര്‍ജികള്‍ മുതിര്‍ന്ന ജഡ്ജിമാര്‍ ഉള്‍പ്പെട്ട മൂന്നംഗ ബെഞ്ചെങ്കിലും തുറന്ന കോടതിയില്‍ പരിശോധിക്കണമെന്ന ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് ഡിവിഷന്‍ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.