മോദിയെ വിമര്‍ശിച്ചു; ഐഐടി വിദ്യാര്‍ഥിസംഘടനയ്ക്കു വിലക്ക്
മോദിയെ വിമര്‍ശിച്ചു; ഐഐടി വിദ്യാര്‍ഥിസംഘടനയ്ക്കു വിലക്ക്
Saturday, May 30, 2015 11:59 PM IST
ചെന്നൈ: കോണ്‍ഗ്രസ്, എഎപി പാര്‍ട്ടികളുടെ ചുവടുപിടിച്ചു നരേന്ദ്ര മോദി സര്‍ക്കാരിനെ വിമര്‍ശിച്ചെന്ന വ്യാഖ്യാനത്തോടെ മദ്രാസ് ഐഐടിയില്‍ വിദ്യാര്‍ഥിസംഘടനയ്ക്കു കേന്ദ്ര സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. ദളിത് വിദ്യാര്‍ഥികള്‍ അംഗങ്ങളായുള്ള മദ്രാസ് ഐഐടിയിലെ അംബേദ്കര്‍ പെരിയാര്‍ സ്റഡി സര്‍ക്കിളിനാണു (എപിഎസ്സി) നിരോധനം.

ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ കേന്ദ്ര മാനവവിഭവശേഷി വികസന (എച്ച്ആര്‍ഡി) മന്ത്രാലയത്തിനു പരാതി ലഭിച്ചിരുന്നു. മോദി സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരേയാണു ഫോറം പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു പരാതി.

നിരോധനത്തില്‍ പ്രതിഷേധിച്ചു കേന്ദ്ര മാനവവിഭവശേഷി വികസനമന്ത്രി സ്മൃതി ഇറാനിയുടെ ഡല്‍ഹിയിലെ ഔദ്യോഗിക വസതിക്കു മുന്നില്‍ എന്‍എസ്യുഐ പ്രതിഷേധ പ്രകടനം നടത്തി. എച്ച്ആര്‍ഡി മന്ത്രാലയമാണു നിരോധനത്തിനു പിന്നിലെന്ന് ആരോപിച്ചായിരുന്നു സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യങ്ങളോടെ കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടന പ്രകടനം നടത്തിയത്.

പട്ടികജാതി വിദ്യാര്‍ഥികളെയും ആദിവാസി വിദ്യാര്‍ഥികളെയും നരേന്ദ്ര മോദിക്കെതിരേ അണിനിരത്തുന്നതിനാണ് എപിഎസ്സി ശ്രമിക്കുന്നതെന്നായിരുന്നു ആരോപണം. ഹിന്ദിഭാഷ പ്രചാരണത്തെയും ഗോവധ നിരോധനത്തെയും എതിര്‍ക്കാനാണു സംഘടനയുടെ ശ്രമമെന്നും കത്തില്‍ വിമര്‍ശനമുണ്ട്. സംഘടനയ്ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മേയ് 15നു എച്ച്ആര്‍ഡി മന്ത്രാലയത്തില്‍നിന്ന് ഐഐടിക്കു കത്ത് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു സംഘടനയ്ക്കു നിരോധനം ഏര്‍പ്പെടുത്തിയത്.

ഐഐടിയുടെ പേര് അനുമതിയില്ലാതെ ഉപയോഗിക്കാന്‍ എപിഎസ്സിക്ക് അധികാരമില്ലെന്നും സംഘടന യോഗം ചേര്‍ന്നപ്പോള്‍ ഐഐടി നിയമം ലംഘിച്ചുവെന്നും അതിനാലാണു വിലക്കേര്‍പ്പെടുത്തിയതെന്നും ഐഐടി മദ്രാസ് ആക്ടിംഗ് ഡയറക്ടര്‍ പ്രഫ. കെ. രാമമൂര്‍ത്തി വ്യക്തമാക്കി. വിദ്യാര്‍ഥികളുടെ ആവിഷ്കാര സ്വാതന്ത്യ്രത്തെ എതിര്‍ക്കുകയോ ഹനിക്കുകയോ ചെയ്യാനല്ല വിലക്കേര്‍പ്പെടുത്തിയതെന്ന് ഐഐടി-എം പത്രക്കുറിപ്പിലൂടെ അറിയിച്ചു. അതേസമയം, വിദ്യാര്‍ഥികള്‍ക്കു തങ്ങളുടെ ഭാഗം വ്യക്തമാക്കാന്‍ അവസരം ലഭിച്ചില്ലെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. വേനലവധിക്കുശേഷം ഓഗസ്റില്‍ വിദ്യാര്‍ഥികള്‍ക്ക് അവരുടെ ഭാഗം വിശദീകരിക്കാമെന്നാണ് അധികൃതരുടെ നിലപാട്.


ഐഐടിയുടെ നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസും എഎപിയും രംഗത്തെത്തി. അഭിപ്രായ സ്വാതന്ത്യ്രം ഹനിക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നും ഇത്തരം നടപടികള്‍ക്കെതിരേ പോരാടുമെന്നും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ട്വിറ്ററിലൂടെ വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും ജനാധിപത്യവിരുദ്ധ നിലപാടാണു നടപടിക്കു പിന്നിലെന്നു കോണ്‍ഗ്രസ് വക്താവ് ടോം വടക്കന്‍ പറഞ്ഞു. ദളിത് വിദ്യാര്‍ഥികള്‍ക്കു തങ്ങളുടെ പ്രധാനമന്ത്രിയെക്കുറിച്ചുള്ള കാഴ്ചപാട് പങ്കുവയ്ക്കാന്‍ അധികാരമില്ലെന്നാണു സംഭവം സൂചിപ്പിക്കുന്നതെന്നായിരുന്നു എഎപിയുടെ വിമര്‍ശനം.

മദ്രാസ് ഐഐടി സ്വയംഭരണമുള്ള വിദ്യാഭ്യാസ സ്ഥാപനമാണ്. സ്വതന്ത്ര നിലപാട് സ്വീകരിക്കാന്‍ അധികാരവുമുണ്ട്. അതിനാല്‍ ഐഐടിയുടെ തീരുമാനങ്ങള്‍ക്ക് എച്ച്ആര്‍ഡി മന്ത്രാലയത്തെ പഴിചാരേണ്ടതില്ലെന്നായിരുന്നു കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ പ്രതികരണം. ഐഐടിക്കു ഫണ്ട് അനുവദിക്കുന്നതു കേന്ദ്രസര്‍ക്കാരാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.