കേരളത്തില്‍ വൈദഗ്ധ്യ വികസനത്തിനായി രണ്ടു മികവുകേന്ദ്രങ്ങള്‍ തുടങ്ങും
Saturday, May 30, 2015 12:16 AM IST
ന്യൂഡല്‍ഹി: കേരളത്തില്‍ വൈദഗ്ധ്യ വികസനത്തിനായി രണ്ടു മികവുകേന്ദ്രങ്ങള്‍ തുടങ്ങാന്‍ നാഷണല്‍ സ്കില്‍ ഡെവലപ്മെന്റ് കോര്‍പറേഷനുമായി സംസ്ഥാന സര്‍ക്കാര്‍ ധാരണയായി. ഓട്ടോമൊബൈല്‍, ടെലികോം മേഖലകളിലാണു മികവിന്റെ കേന്ദ്രങ്ങള്‍ തുടങ്ങുക. തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍, എന്‍എസ്ഡിസി എംഡി ദിലീപ് ചെനോയുമായി ഡല്‍ഹി കേരള ഹൌസില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായത്. നേരത്തേ കേന്ദ്ര സ്കില്‍ ഡെവലപ്മെന്റ് മന്ത്രി രാജീവ് പ്രതാപ് റൂഡി കേരളം സന്ദര്‍ശിച്ചപ്പോള്‍ ഇതുമായി ബന്ധപ്പെട്ട പ്രാഥമിക ചര്‍ച്ചകള്‍ നടന്നിരുന്നു.

ഓട്ടോമൊബൈല്‍, ടെലികോം മേഖലകളില്‍ മികവു കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ ധാരണയായെന്നും ഒരു കണ്‍സ്ട്രക്ഷന്‍ അക്കാഡമി സംബന്ധിച്ച് പ്രാഥമിക ചര്‍ച്ചകള്‍ നടന്നതായും മന്ത്രി ഷിബു ബേബി ജോണ്‍ അറിയിച്ചു. മികവുകേന്ദ്രവുമായി സഹകരിക്കാന്‍ ടാറ്റാ കമ്പനി താത്പര്യം അറിയിച്ചിട്ടുണ്ട്. ഇതു കൂടാതെ ജര്‍മന്‍ വാഹന നിര്‍മാണ കമ്പനികളുടെ കൂടി പരിശീലന കേന്ദ്രങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നതായും മന്ത്രി അറിയിച്ചു. ആറു മാസത്തിനകം പദ്ധതി ആരംഭിക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് എന്‍എസ്ഡിസി എംഡി ദിലീപ് ചെനോയ് വ്യക്തമാക്കി. കേരള സര്‍ക്കാരിന്റെ കൈവശം കൊല്ലം ചാത്തന്നൂരിലുള്ള പത്ത് ഏക്കര്‍ സ്ഥലവും തിരുവനന്തപുരം ടെക്നോസിറ്റിയിലുള്ള അഞ്ച് ഏക്കര്‍ സ്ഥലവുമാണ് പദ്ധതിക്കായി കണ്െടത്തിയിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.