സ്യൂട്ട്കേസ് സര്‍ക്കാരിനേക്കാള്‍ ഭേദം സ്യൂട്ട് ബൂട്ട് സര്‍ക്കാര്‍: മോദി
സ്യൂട്ട്കേസ് സര്‍ക്കാരിനേക്കാള്‍ ഭേദം സ്യൂട്ട് ബൂട്ട് സര്‍ക്കാര്‍: മോദി
Sunday, May 31, 2015 12:23 AM IST
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ സ്യൂട്ട് ബൂട്ട് വിമര്‍ശനങ്ങള്‍ക്കു സ്യൂട്ട് കേസ് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസിന്റെ സ്യൂട്ട്കേസ് സര്‍ക്കാരിനേക്കാളും മികച്ചതാണു തന്റെ സ്യൂട്ട് ബൂട്ട് സര്‍ക്കാരെന്നു തിരിച്ചടിച്ച മോദി ഭൂമി ഏറ്റെടുക്കല്‍ ബില്‍ നടപ്പാക്കുന്നതു തനിക്കു ജീവന്‍മരണ പ്രശ്നമല്ലെന്നും കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ടു വിവിധ ദേശീയ മാധ്യമങ്ങള്‍ക്കു നല്‍കിയ അഭിമുഖത്തിലാണു മോദി നയം വ്യക്തമാക്കിയത്.

60 വര്‍ഷം ഇന്ത്യ ഭരിച്ചിട്ടും ഇപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടി രാഷ്ട്രീയമായി ദരിദ്രമാണ്. കോണ്‍ഗ്രസിന്റെ പരിഷ്കാരങ്ങള്‍ രാജ്യത്തിന്റെ വികസനത്തെ പിന്നോട്ടടിച്ചു. കല്‍ക്കരി, സ്പെക്ട്രം അഴിമതികള്‍ക്കൊണ്ട് ഏതു പാവങ്ങള്‍ക്കാണു നേട്ടമുണ്ടായതെന്നു കോണ്‍ഗ്രസ് വ്യക്തമാക്കണമെന്നും മോദി ആവശ്യപ്പെട്ടു.


ഭൂമി ഏറ്റെടുക്കല്‍ ബില്‍ പാസാക്കുന്നതു പാര്‍ട്ടിയുടേയോ സര്‍ക്കാരിന്റെയോ അജന്‍ഡയല്ല. മൂന്നാം തവണയും ഭൂമി ഏറ്റെടുക്കല്‍ ഓര്‍ഡിനന്‍സ് പുതുക്കാന്‍ തീരുമാനിച്ചതിനു പിന്നാലെയാണു മോദിയുടെ മറുപടി. ഭൂമിയേറ്റെടുക്കല്‍ ബില്ലിനെ എതിര്‍ക്കുന്നവര്‍ തെറ്റിദ്ധാരണ പരത്തുകയാണെന്നും സ്വകാര്യ വ്യവസായങ്ങളെ സഹായിക്കാന്‍ ബില്ലില്‍ വെള്ളംചേര്‍ക്കാന്‍ ഒരുക്കമല്ലെന്നും കൂട്ടിച്ചേര്‍ത്തു. എന്തെങ്കിലും മാറ്റം വരുത്തുന്നുണ്െടങ്കില്‍ അതു സംസ്ഥാനങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിച്ചു മാത്രമായിരിക്കുമെന്നും മോദി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.