ജയലളിതയ്ക്കെതിരായ അപ്പീല്‍: തീരുമാനം വൈകുന്നു
ജയലളിതയ്ക്കെതിരായ അപ്പീല്‍: തീരുമാനം വൈകുന്നു
Sunday, May 31, 2015 12:28 AM IST
ബംഗളൂരു: അധികൃത സ്വത്ത് സമ്പാദനക്കേസില്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെയും മറ്റു മൂന്നു പേരെയും വിട്ടയച്ച ഹൈക്കോടതി പ്രത്യേക ബഞ്ച് വിധിയെ ചോദ്യംചെയ്തു സുപ്രീം കോടതിയില്‍ അപ്പീല്‍ നല്കുന്ന കാര്യത്തില്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനം വൈകുന്നു. മന്ത്രിസഭായോഗം ചേര്‍ന്നു തീരുമാനമെടുക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും രണ്ടു തവണ യോഗം ചേര്‍ന്നിട്ടും ഫലമുണ്ടായില്ല. നേരത്തെ, വിധി വന്നതിനു പിന്നാലെ വിധിപ്പകര്‍പ്പിലെ കണക്കുകളുടെ പാളിച്ച ചൂണ്ടിക്കാട്ടിയ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ ബി.വി. ആചാര്യയും എജി രവിവര്‍മ കുമാറും കേസില്‍ അപ്പീല്‍ പോകുന്നതിന് അനുകൂലമായി സര്‍ക്കാരിനു നിയമോപദേശം നല്‍കിയിരുന്നു. എന്നാല്‍, അപ്പീല്‍ പോകേണ്െടന്നാണു കോണ്‍ഗ്രസ് ലീഗല്‍ സെല്‍ സര്‍ക്കാരിനു നിര്‍ദേശം നല്കിയത്.

അപ്പീല്‍ നല്‍കുന്നതു സംബന്ധിച്ച് എത്രയും വേഗം തീരുമാനമെടുക്കുമെന്നു സംസ്ഥാന നിയമമന്ത്രി ടി.ബി. ജയചന്ദ്ര അറിയിച്ചു. ജയലളിത നിലവില്‍ തമിഴ്നാട് മുഖ്യമന്ത്രിയായതിനാല്‍ അപ്പീല്‍ നല്‍കുന്നതിനു ഗവര്‍ണര്‍ അടക്കമുള്ളവരുടെ അനുമതി ആവശ്യമാണോ എന്നും സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കുന്നതിനു കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റീസിന്റെ അനുമതി വേണോ എന്നതും സംബന്ധിച്ച് എജിയോട് നിയമോപദേശം തേടിയിരിക്കുകയാണ്. നിയമോപദേശം ലഭിച്ച ശേഷം മൂന്നോ നാലോ ദിവസത്തിനുള്ളില്‍ അന്തിമ തീരുമാനം അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഹൈക്കോടതി വിധിക്കെതിരേ അപ്പീല്‍ പോകുന്നതിനു നിയമപ്രകാരം മൂന്നു മാസത്തെ സമയമാണു സര്‍ക്കാരിനു ലഭിച്ചിട്ടുള്ളത്. വിഷയത്തിന്റെ എല്ലാ വശങ്ങളും പഠിച്ച ശേഷമേ നിയമമന്ത്രാലയത്തിനു തീരുമാനമെടുക്കാന്‍ കഴിയുകയുള്ളൂ എന്നും നിയമവകുപ്പിന്റെ അഭിപ്രായം ലഭിച്ച ശേഷം സര്‍ക്കാര്‍ നിലപാടു സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.