പരീക്ഷത്തട്ടിപ്പ്: മരിച്ചത് 25 പ്രതികള്‍; സ്വാഭാവികമെന്നു മന്ത്രി
Tuesday, June 30, 2015 12:14 AM IST
ഭോപ്പാല്‍: എന്‍ട്രന്‍സ് പരീക്ഷയില്‍ ഉയര്‍ന്ന റാങ്കിനായി പരീക്ഷാര്‍ഥികള്‍ക്ക് ഒത്താശചെയ്യാനുള്ള സൌകര്യം സൃഷ്ടിച്ചതുമായി ബന്ധപ്പെട്ട കേസില്‍ പ്രതികള്‍ മരിക്കുന്നതു തുടര്‍ക്കഥ. മരിച്ച പ്രതികളുടെയും സാക്ഷികളുടെയും സംഖ്യ 25 ആയി. കഴിഞ്ഞദിവസമാണു രണ്ടുപ്രതികള്‍ കൂടി മരിച്ചത്. എന്നാല്‍, ഈ മരണങ്ങളെല്ലാം സ്വാഭാവികം മാത്രമാണെന്നു സംസ്ഥാന ആഭ്യന്തരമന്ത്രി.

നാല്‍പ്പതുകാരനായ ഡോ. രാജേന്ദ്ര ആര്യ ഗ്വാളിയര്‍ ബിര്‍ള ആശുപത്രിയിലും നരേന്ദ്രസിംഗ് തോമാര്‍(29) ഇന്‍ഡോര്‍ ജയിലിലുമാണ് ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. 2007, 2008, 2009 വര്‍ഷങ്ങളില്‍ നടന്ന പ്രീമെഡിക്കല്‍ ടെസ്റിലാണ് അഴിമതി നടന്നത്.

ഇതുസംബന്ധിച്ചു പ്രത്യേക പോലീസ് സംഘത്തിന്റെ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിലാണു പിടിയിലായ പ്രതികളും കേസില്‍ സാക്ഷികളുമായവര്‍ ഒരാള്‍ക്കുപിന്നാലെ മറ്റൊരാള്‍ എന്നരീതിയില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ചുകൊണ്ടിരിക്കുന്നത്. ഏറ്റവുമൊടുവില്‍ രണ്ടുപേര്‍ മരിക്കുന്നതിനു മുമ്പ് അന്വേഷണ സംഘം കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ 23 പേര്‍ മരിച്ചതില്‍ അസ്വാഭാവികതയുണ്െടന്നു സംശയിക്കുന്നതായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കേസില്‍പ്പെട്ട പ്രതികള്‍ മരിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കേസ് സിബിഐ അന്വേഷിക്കണമെന്നു പ്രതിപക്ഷം ആവശ്യം ഉന്നയിച്ചെങ്കിലും മധ്യപ്രദേശ് സര്‍ക്കാര്‍ അത് നിഷേധിച്ചു. കേസിലെ പ്രതികള്‍ ഒന്നൊന്നായി മരിക്കുന്നതില്‍ യാതൊരു അസ്വാഭാവികതയുമില്ലെന്നാണു മധ്യപ്രദേശ് ആഭ്യന്തര മന്ത്രി ബാബുലാല്‍ ഗൌര്‍ പറഞ്ഞത്. പ്രതികള്‍ക്കു പെട്ടെന്ന് അസുഖം ബാധിക്കുന്നു, താമസിയാതെ മരിക്കുന്നു. ഇതാണ് സംഭവിക്കുന്നത്- മന്ത്രി വിശദീകരിച്ചു. ഇത് എന്തു രോഗമാണെന്നോ ഇത്തരം പകര്‍ച്ച വ്യാധി തടയുന്നതിന് എന്തെങ്കിലും നടപടികളെടുത്തതായോ പ്രതികള്‍ക്കു പ്രത്യേകം പ്രതിരോധ കുത്തിവയ്പ് നല്‍കിയതായോ മന്ത്രി വെളിപ്പെടുത്തിയില്ല. സാധാരണഗതിയില്‍ ഇങ്ങനെ തുടര്‍ച്ചയായി പെട്ടെന്നു മരണം സംഭവിക്കുന്ന രോഗം ഒരിടത്തു കാണപ്പെട്ടാല്‍ അതിനെതിരേ നടപടി സ്വീകരിക്കാന്‍ സംസ്ഥാന ആരോഗ്യ വകുപ്പിനു ഉത്തരവാദിത്തമുണ്ട്. അത്തരത്തില്‍ വകുപ്പുതല പ്രവര്‍ത്തനങ്ങള്‍ എന്തെങ്കിലും ചെയ്തില്ലെങ്കില്‍ രോഗം സാധാരണ ജനങ്ങള്‍ക്കും പകര്‍ന്നാല്‍ അത് വലിയ ദുരന്തമാകുമെന്ന ചിന്തയെങ്കിലും ഭരണാധികാരികള്‍ക്കു വേണ്േട എന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റംപറയാന്‍ പറ്റില്ലെന്നാണു ചിലരുടെയെങ്കിലും അഭിപ്രായം. പ്രതികള്‍ ഇങ്ങനെ തുടരെത്തുടരെ മരിക്കുന്ന സ്വാഭാവിക പ്രതിഭാസം മറ്റൊരു കേസിലും പ്രകടമാകുന്നില്ല എന്നതിനെക്കുറിച്ചു മന്ത്രിക്ക് വിശദീകരണമുണ്ടായിരുന്നില്ല. മധ്യപ്രദേശ് ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലാണു കേസ്. അതിനാല്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കേണ്ട യാതൊരു കാര്യവുമില്ലെന്നാണ് ആഭ്യന്തരമന്ത്രി വിശദീകരിക്കാന്‍ ശ്രമിച്ചത്.


ഔദ്യോഗിക വിശദീകരണം അനുസരിച്ച് ഇതുവരെ 25പേരാണു മരിച്ചത്. എന്നാല്‍ പ്രതിപ്പട്ടികയിലുള്‍പ്പെടാന്‍ സാധ്യതയുള്ളവരുള്‍പ്പെടെ 40പേര്‍ മരിച്ചതായാണ് അനൌദ്യോഗിക റിപ്പോര്‍ട്ട്. മധ്യപ്രദേശ് ഗവര്‍ണറും മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ റാം നരേഷ് യാദവിന്റെ മകന്‍ ശൈലേഷ് യാദവ്(50) ദുരൂഹസാഹചര്യത്തില്‍ മരിച്ചവരില്‍പ്പെടുന്നു. ശൈലേഷിനെ ഉത്തര്‍പ്രദേശിലെ ലക്നോയിലുള്ള വസതിയില്‍ മരിച്ചനിലയില്‍ കണ്െടത്തുകയായിരുന്നു. ഭരണതലത്തിലുള്ള നിരവധി പ്രമുഖര്‍ കേസില്‍ പ്രതികളാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.