പൊതുആവശ്യത്തിനു തരിശുഭൂമി ഏറ്റെടുക്കണമെന്നു വിദഗ്ധര്‍
Wednesday, July 1, 2015 10:43 PM IST
ജോര്‍ജ് കള്ളിവയലില്‍

ന്യൂഡല്‍ഹി: കര്‍ഷകന്റെ ഭൂമി പിടിച്ചെടുക്കാതെ രാജ്യത്ത് ഉപയോഗശൂന്യമായതും തരിശുമായ ലക്ഷക്കണക്കിന് ഹെക്ടര്‍ ഭൂമി പൊതു ആവശ്യങ്ങള്‍ക്ക് ഏറ്റെടുക്കുകയാണ് വേണ്ടതെന്ന് കാര്‍ഷിക ശാസ്ത്രഞ്ജരും വിദഗ്ധരും നിര്‍ദേശിച്ചു. കേരളത്തില്‍ മാത്രം ഇത്തരത്തില്‍ 1,12,000 ഹെക്ടര്‍ വേസ്റ്ലാന്‍ഡ് നിലവിലുണ്െടന്ന് കാര്‍ഷിക ശാസ്ത്രത്തിനായുള്ള ദേശീയ അക്കാദമിയിലെ വിദഗ്ധര്‍ പാര്‍ലമെന്റിന്റെ സംയുക്ത സമിതി മുമ്പാകെ ഇന്നലെ തെളിവു നല്‍കി.

ഇതേസമയം, സ്വകാര്യ വിദ്യാഭ്യാസ, ആരോഗ്യ സ്ഥാപനങ്ങള്‍ അടക്കമുള്ളവയെ കൂടി ഭൂമിയേറ്റെടുക്കലിന്റെ പരിധിയില്‍ പെടുത്തുക, സ്വകാര്യ വ്യവസായികള്‍ നേരിട്ടു വാങ്ങുന്ന ഭൂമിയെ ബില്ലിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കുക, പദ്ധതികള്‍ വരുന്നതിനു മുമ്പേ പരിസ്ഥിതി ആഘാത പഠനവും ജനങ്ങളുടെ സമ്മതം വാങ്ങലും നടത്തുക, ഭൂമി തിരിച്ചു നല്‍കലിന് ഓരോ പദ്ധതികളുടെയും പ്രത്യേകതകള്‍ക്കനുസരിച്ചു വ്യത്യസ്ഥമായ പരിധികള്‍ നിശ്ചയിക്കുക വ്യവസായ കോറിഡോറുകള്‍ എന്നതിന്റെ വ്യക്തത വരുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് വ്യവസായികളുടെ സംഘടനയായ ഫിക്കി പാര്‍ലമെന്ററി സമിതിക്കു മുമ്പാകെ വച്ചത്. പദ്ധതികള്‍ക്കായി ഭൂമി ഏറ്റെടുക്കുന്ന പ്രദേശത്തെ മുഴുവന്‍ കുടുംബങ്ങളിലെ ഒരാള്‍ക്കെങ്കിലും തൊഴില്‍ നല്‍കുക പ്രായോഗികമല്ലെന്നും യോഗ്യതയുള്ളവര്‍ക്കു തൊഴില്‍ നല്‍കാമെന്നും ഫിക്കി പ്രസിഡന്റ് ആര്‍.വി. കനേരിയ സമിതിയെ അറിയിച്ചു.


ഇന്ത്യയില്‍ അവശേഷിക്കുന്ന കൃഷിഭൂമി മറ്റാവശ്യങ്ങള്‍ക്കായി ഏറ്റെടുക്കരുതെന്നു കാര്‍ഷിക ശാസ്ത്രജ്ഞരും കര്‍ഷക സംഘടനകളും ഇന്നലെയും ആവശ്യപ്പെട്ടു. തരിശുഭൂമി ഏറ്റെടുത്തു വ്യവസായങ്ങളും പദ്ധതികളും നടപ്പാക്കുകയാണു വേണ്ടത്. മണ്ണൊലിപ്പ് ഉള്‍പ്പെടെ നിരവധി കാരണങ്ങള്‍ കൊണ്ടു രാജ്യത്ത് വന്‍തോതില്‍ കൃഷിയോഗ്യമായ ഭൂമിയുടെ അളവ് കുറയുകയാണ്- ഇതേക്കുറിച്ചു സംസ്ഥാനങ്ങള്‍ തിരിച്ചു നടത്തിയ പഠന റിപ്പോര്‍ട്ട് വിശദീകരിച്ചു ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ പോലും ഉത്പാദനക്ഷമത കൂട്ടാതെ തരമില്ല.

അതിനാല്‍ എല്ലാ സംസ്ഥാനങ്ങളിലും തരിശുഭൂമിയാണ് വിസകന പദ്ധതിക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി ഏറ്റെടുക്കേണ്ടതെന്ന് കാര്‍ഷിക ശാസ്ത്രജ്ഞരും മഗാര്‍ സിറ്റി പദ്ധതിയുടെ സിഇഒ സതീഷ് മഗാര്‍, സ്വദേശി ജഗരണ്‍ മഞ്ചിന്റെ അശ്വനി മഹാജന്‍ തുടങ്ങിയവര്‍ ചൂണ്ടിക്കാട്ടി. എസ്.എസ് അലുവാലിയ ചെയര്‍മാനായ സമിതിയുടെ തെളിവെടുപ്പില്‍ അംഗങ്ങളായ ശരത് പവാര്‍, പ്രഫ. കെ.വി. തോമസ്, ജയറാം രമേശ്, അനുരാഗ് താക്കൂര്‍, കല്യാണ്‍ ബാനര്‍ജി, ഡെറിക് ഒബ്രിയന്‍, മുഹമ്മദ് സലീം തുടങ്ങിയ അംഗങ്ങളും പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.